കര്‍ണാടകയിലെ പാല്‍ ബ്രാന്‍ഡായ നന്ദിനി കേരള വിപണി കൈയടക്കുന്നു, നന്ദിനിക്ക് മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറവ്

New Update

publive-image

Advertisment

കൊച്ചി: കര്‍ണാടകയിലെ പാല്‍ ബ്രാന്‍ഡായ നന്ദിനി കേരളത്തിലും വില്‍പന വ്യാപകമാകുന്നു. മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുല്‍പന്നങ്ങളും കേരളത്തില്‍ വില്‍ക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്‌ലെറ്റുകളില്‍ നന്ദിനി പാല്‍ എത്തിത്തുടങ്ങിയതോടെ വില്‍പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മില്‍മ. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.

കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് അതിര്‍ത്തി കടന്നുള്ള പാല്‍ വില്‍പന നന്ദിനി വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ രണ്ടും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി പുതിയ ഔട്ട്ലറ്റുകള്‍ തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് നന്ദിനി ഔട്ട്ലറ്റുകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്.

നേരത്തെ രാജ്യത്തെ പാല്‍വിപണന രംഗത്തെ ഒന്നാമന്‍മാരായ അമുലിനെ കര്‍ണാടകത്തില്‍ നിന്ന് നന്ദിനി തുരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനി കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഔട്ട്‌ലെറ്റുള്‍ തുറക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും നന്ദിനി ഔട്ട്ലറ്റുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ നന്ദിനിയുടെ കടന്നുവരവ് തമിഴ്‌നാടിനെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല.

അതേസമയം സംസ്ഥാനത്ത് നന്ദിനിയുടെ പാല്‍ വില്‍പനയ്‌ക്കെതിരെ മില്‍മ രംഗത്തെത്തിയിട്ടുണ്ട്. പാല്‍ ഒഴികെയുള്ള ഉല്‍പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കുന്നതിനെ മില്‍മ എതിര്‍ക്കുന്നില്ല. ക്ഷീരകര്‍ഷകര്‍ക്ക് ദോഷകരമായ നീക്കത്തില്‍നിന്ന് നന്ദിനി പിന്മാറണമെന്നും മില്‍മ ആവശ്യപ്പെട്ടു. പാലുല്‍പാദനം കുറവുള്ള സമയങ്ങളില്‍ രണ്ട് ലക്ഷം ലിറ്റര്‍ വരെ പാല്‍ നന്ദിനിയില്‍നിന്ന് മില്‍മ വാങ്ങുന്നുണ്ട്.

Advertisment