പാലക്കാട്: എസ്എഫ്ഐ മുൻനേതാവ് കെ.വിദ്യ അട്ടപ്പാടി കോളജിൽ ഹാജരാക്കിയ വ്യാജപ്രവർത്തിപരിചയ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണസംഘം വിപുലീകരിച്ചു.
ജില്ലാ പൊലീസ് മേധാവി പി.ആനന്ദിന്റെ ഉത്തരവനുസരിച്ച് അഗളി സിഐ കെ.സലീം, പുതൂർ എസ്ഐ വി. ജയപ്രസാദ്, സിവിൽ പൊലീസ് ഒാഫിസർമാരായ പി.വിനു, എം.ഷഫീഖ്, കെ.കെ.അനീസ്, പി.സുഭാഷ്, പി.ഡി.ദേവസ്യ, കെ.എം.പ്രിൻസ്, ബിന്ദുശിവൻ, ബി.വിനീത്കുമാർ എന്നിവരുൾപ്പെട്ടതാണ് പുതിയ സംഘം. അഗളി സിഐ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. സൈബർ വിദഗ്ധരും സംഘത്തിലുണ്ട്.
അഗളി ഡിവൈഎസ്പി എൻ.മുരളീധരന്റെ നേതൃത്വത്തിൽ നാലംഗ സംഘമാണ് നേരത്തേ കേസ് അന്വേഷിച്ചിരുന്നത്. സൈബർസെല്ലിന്റെ സഹായത്തോടെ വിദ്യയെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ് സംഘം. കൊച്ചിയിലുണ്ടായിരുന്ന അവർ കേസും നടപടികളുമായതോടെ കോഴിക്കോട് മേഖലയിലേക്കു മാറിയതായി സംശയിക്കുന്നുണ്ട്.
അഗളി പൊലീസ് സംഘം കാലടി സംസ്കൃത സർവകലാശാലാ ആസ്ഥാനത്തെത്തി വൈസ് ചാൻസലർ ഡോ. എം.വി.നാരായണൻ, റജിസ്ട്രാർ ഡോ. എം.ബി.ഗോപാലകൃഷ്ണൻ എന്നിവരെ കണ്ടിരുന്നു. വിദ്യ ഇപ്പോഴും ഹോസ്റ്റലിൽ തുടരുന്നുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്.
ഫുൾടൈം പിഎച്ച്ഡിക്കു ചേർന്നിരുന്ന വിദ്യ പിന്നീട് പാർട്‌ടൈമായി മാറിയതിനെത്തുടർന്ന് 2021 ഏപ്രിലിൽ ഹോസ്റ്റൽ ഒഴിഞ്ഞെന്നാണു സർവകലാശാലാ അധികൃതർ അറിയിച്ചത്. വ്യാജരേഖാ വിവാദം ഉണ്ടായതിനുശേഷം വിദ്യ സർവകലാശാലയിൽ വന്നിട്ടില്ലെന്നും പറഞ്ഞു.