കസ്റ്റംസുകാരുടെ ഒത്താശയോടെയുള്ള സ്വർണക്കടത്തിന്റെ ചുരുളഴിയുന്നു. സത്യസന്ധരായ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്തിൽ കുടുക്കാൻ അറസ്റ്റിലായ ഇൻസ്പെക്ടർമാർ കള്ളക്കടത്തുകാരുമായി ഗൂഢാലോചന നടത്തി. സ്വർണക്കടത്തുകാരെ സുരക്ഷിതമായി പുറത്തിറക്കാൻ യാത്രക്കാരിലൊരാളെ തടഞ്ഞുവച്ച് ബാഗ് തുറന്ന് പരിശോധന. സ്വർണക്കടത്തുകാരനെ പിടിച്ചശേഷം സ്വർണം സഹിതം പുറത്തുവിടാനും ശ്രമിച്ചു.

New Update

publive-image

Advertisment

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി നടക്കുന്ന സ്വ‌ർണ കള്ളക്കടത്തിന്റെ ചുരുളഴിക്കുകയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്. കസ്റ്റംസ് ഇൻസ്പെക്ടർമാരായ അനീഷ്, നിഥിൻ എന്നിവരെ ഡി.ആർ.ഐ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. ഇരുവരും സ്വർണക്കടത്തുകാരുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ശബ്ദരേഖ സഹിതം ഡി.ആർ.ഐയ്ക്ക് കിട്ടിയിട്ടുണ്ട്.

ഇൻസ്പെക്ടർ അനീഷ് സ്വർണക്കടത്തിന് തടസം നിന്ന സഹപ്രവർത്തകരെയും വിമാനത്താവളത്തിലെ ചില ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, ശുചീകരണ ജീവനക്കാരെയും സ്വർണക്കടത്തിൽ കുരുക്കാൻ ശ്രമിച്ചെന്നും ഡി.ആർ.ഐ കണ്ടെത്തി. ഒന്നരവർഷം മുമ്പ് എയർ കസ്റ്റംസിൽ ഇൻസ്പെക്ടറായി എത്തിയ എറണാകുളം സ്വദേശി അനീഷ് മുഹമ്മദാണ് സ്വർണക്കടത്ത് മാഫികൾക്ക് വേണ്ടി ചരടുവലിച്ചത്. സ്വർണക്കടത്ത് മാഫിയ ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തിയാണ് അനീഷിനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എയർ കസ്റ്റംസിൽ നിയമിച്ചതെന്നാണ് സൂചന. യാത്രക്കാരെ പരിശോധിക്കാനുള്ള സുപ്രധാന ചുമതലയും അനീഷിന് ലഭിച്ചു. ഡിആർ.ഐ അറസ്റ്റ് ചെയ്ത കസ്റ്റംസ് ഇൻസ്പെക്ടർമാരായ എറണാകുളം കലൂർ സ്വദേശി കെ.എ. അനീഷ് (48), ആലപ്പുഴ സ്വദേശി എസ്. നിഥിൻ (35) എന്നിവർ റിമാൻഡിലാണ്.

സ്വർണക്കടത്തുകാരെത്തുമ്പോൾ, യാത്രക്കാരിൽ ഒരാളെ തടഞ്ഞുവച്ച് പരിശോധിച്ച് ശ്രദ്ധതിരിപ്പിച്ച് കള്ളക്കടത്തുകാരനെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതായിരുന്നു അനീഷിന്റെ രീതി. സ്വർണം കടത്തുന്നതായി തനിക്ക് രഹസ്യവിവരം കിട്ടിയെന്ന് പറഞ്ഞ് യാത്രക്കാരെ തടഞ്ഞുവയ്ക്കുന്നതിനെതിരേ നിരവധി പരാതികൾ കസ്റ്റംസിന് കിട്ടിയിരുന്നു. സ്വർണക്കടത്ത് സംശയിച്ച് യാത്രക്കാരുടെ ബാഗും മറ്റും തുറന്ന് പരിശോധിക്കാൻ മറ്റെല്ലാ കസ്റ്റംസ് ഉദ്യോഗസ്ഥരുമെത്തും. ഈ തക്കത്തിന് യഥാർത്ഥത്തിൽ സ്വർണം കടത്തുന്നയാൾ രക്ഷപെടും. ഏതാനും മാസം മുൻപ് കോഴിക്കോട് സ്വദേശിയിൽ നിന്ന് സ്വർണം പിടികൂടിയിട്ടും അനീഷ് വിവരം രഹസ്യമാക്കി വച്ചു. പിടികൂടിയ ആളെ സ്വർണം സഹിതം രഹസ്യമായി പുറത്തുവിടാനും അനീഷ് ശ്രമിച്ചു. ചില കസ്റ്രംസ് ഉദ്യോഗസ്ഥർ ശക്തമായി എതിർത്തപ്പോഴാണ് സ്വർണം പിടികൂടിയ വിവരം മാദ്ധ്യമങ്ങൾക്കും നൽകിയത്.

കൊച്ചിയിൽ പ്രിവന്റീവ് യൂണിറ്റിലായിരുന്ന അനീഷിന് യാതൊരു മുൻപരിചയവുമില്ലാതിരുന്നിട്ടും തിരുവനന്തപുരത്ത് യാത്രക്കാരെ പരിശോധിക്കുന്ന ചുമതല ലഭിച്ചു. അനീഷിന് സ്വർണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് ഉന്നതരെ ചില ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്ന് ഇയാളെ മാസങ്ങളായി ഡി.ആർ.ഐ നിരീക്ഷിക്കുകയായിരുന്നു. ഇത് മനസിലാക്കിയാണ് കൂടുതൽ ഉദ്യോഗസ്ഥരെ കുടുക്കാൻ അനീഷ് ശ്രമിച്ചത്. ഒരുകിലോ പുറത്തെത്തിയാൽ ഒരു ലക്ഷം രൂപ വരെയായിരുന്നു വാഗ്ദാനം. പ്രലോഭനങ്ങളുണ്ടായിട്ടും നിരവധി പേർ വഴുതിമാറി. എന്നാൽ ആലപ്പുഴ ജി.എസ്.ടി വിംഗിൽ നിന്ന് എയർ കസ്റ്റംസിൽ എത്തിയ നിഥിൻ അനീഷിന്റെ പ്രലോഭനത്തിൽ വീണു. കഴിഞ്ഞ ഒരു വർഷമായി സ്വർണ കടത്തുകാരുമായി ഒത്തുകളിച്ച് വിദേശത്തുനിന്നുമെത്തുന്ന സ്വർണം ഇൻസ്പെക്ടർമാരായ അനീഷും നിഥിനും ചേർന്ന് പുറത്തേക്ക് കടത്തിയിരുന്നു. വിമാനത്തിൽ കടത്തിക്കൊണ്ടുവരുന്ന സ്വർണത്തിന്റെ വിവരങ്ങൾ ശുചീകരണ ജീവനക്കാർക്ക് നിഥിൻ വഴി കൈമാറുകയായിരുന്നു. വിമാനത്തിൽ നിന്നെടുത്ത് പുറത്ത് എത്തിക്കുന്നതിന് ഇവർക്ക് പണം നൽകിയിരുന്നു.

കസ്റ്റംസ് ഇൻസ്പെക്ടർമാരായ അനീഷ്, നിഥിൻ എന്നിവരുടെ അറസ്റ്റിന് വഴിയൊരുക്കിയ വിവരം ഡി.ആർ.ഐയ്ക്ക് നൽകിയത് സ്വർണക്കടത്തുകാരാണ്. സ്വർണക്കടത്തിന് ഇരുവരും ഒത്താശ ചെയ്തെങ്കിലും അടുത്തിടെ അബുദാബിയിൽ നിന്നെത്തിച്ച നാലുകിലോ സ്വർണത്തെക്കുറിച്ചുള്ള വിവരം ഇവർ ഡി.ആർ.ഐയ്ക്ക് നൽകിയതാണ് സ്വർണക്കടത്തുകാരുമായി തെറ്റാനിടയാക്കിയത്. തങ്ങളെ ഒറ്റിയെന്ന് മനസിലാക്കിയ സ്വർണക്കടത്തുകാർ ഡി.ആർ.ഐയ്ക്ക് കസ്റ്റംസ് ഇൻസ്പെക്ടർമാരെക്കുറിച്ചുള്ള വിവരങ്ങൾ അവരുടെ ഫോൺവിളികളുടെ ശബ്ദരേഖ സഹിതം കൈമാറി. ഇതോടെയാണ് ഇൻസ്പെക്ടർമാരുടെ അറസ്റ്റിന് വഴിയൊരുങ്ങിയത്.

കസ്റ്റംസിൽ പുതുതായെത്തിയ വനിതയും മറ്റൊരു ഉദ്യോഗസ്ഥനും അടുത്തിടെ സ്വർണക്കടത്ത് പിടികൂടിയിരുന്നു. ഇവരെ കുടുക്കാൻ അനീഷ് തന്ത്രങ്ങൾ മെനഞ്ഞതായി സ്വർണക്കടത്ത് മാഫിയ നൽകിയ തെളിവുകളിലുണ്ടെന്നാണ് സൂചന. സഹപ്രവർത്തകരെ കുടുക്കാൻ അനീഷ് കള്ളക്കടത്തുകാരുടെ സഹായം തേടുകയായിരുന്നു. ഇതിലൊരാൾ യാത്രക്കാരെ പരിശോധിക്കുന്ന ദിവസം സ്വർണം കലർത്തിയ മിശ്രിതവുമായി കടത്തുകാരനെത്തി. മിശ്രിതം പിടിച്ചെടുത്ത് രാസപരിശോധനയ്ക്ക് അയച്ചു. ഇല്ലായിരുന്നെങ്കിൽ പുറത്ത് കാത്തുനിന്ന ഡി.ആർ.ഐ ഇയാളെ പിടികൂടുമായിരുന്നു. ഉദ്യോഗസ്ഥന് സ്വർണക്കടത്ത് ബന്ധമുണ്ടെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം. ഒരു യാത്രക്കാരി സ്വർണക്കടത്ത് നടത്തുന്നെന്ന് രഹസ്യവിവരം വ്യാജമായി നൽകുകയും കസ്റ്റംസ് ഉദ്യോഗസ്ഥയെക്കൊണ്ട് അവരെ ദേഹപരിശോധന നടത്തുകയും ചെയ്തിരുന്നു. യാത്രക്കാരിയെക്കൊണ്ട് ഉദ്യോഗസ്ഥയ്ക്കെതിരേ പരാതി നൽകിക്കാനായിരുന്നു പദ്ധതി. എന്നാൽ രണ്ട് പരാതി നൽകാതായതോടെ പ്രകോപിതനായ അനീഷ് സ്വർണക്കടത്ത് സംഘങ്ങളെ വിളിച്ച് അസഭ്യം പറയുന്ന ശബ്ദരേഖ ഡി.ആർ.ഐയ്ക്ക് കിട്ടി.

ഇതോടെ, സ്വർണക്കടത്തുകാരുമായി തെറ്റിയ അനീഷ്, അബുദാബിയിൽ നിന്നുള്ള നാലുകിലോ കടത്ത് മറ്റൊരാളെ ഉപയോഗിച്ച് ഡി.ആർ.ഐയ്ക്ക് ഒറ്റിക്കൊടുത്തതായാണ് സൂചന. കള്ളക്കടത്ത് വിവരം നൽകിയാൽ സ്വർണവിലയുടെ 20ശതമാനം സമ്മാനമായി ലഭിക്കും. വിവരം ചോർന്ന വഴി മനസിലാക്കിയ കള്ളക്കടത്തുകാർ രണ്ട് ഇൻസ്പെക്ടർമാരെയും ഒറ്റുകയായിരുന്നു. നിതിനും അനീഷും ചേർന്ന് 80കിലോ സ്വർണം കടത്തിയതായാണ് ഡിആർഐ പറയുന്നത്.

Advertisment