തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട പോക്സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്നു അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ആ കേസിൽ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. ഒരാൾക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് ഞങ്ങൾക്ക് താൽപര്യമില്ല. ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണ് താൻ പറയുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് വാർത്ത. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ഗോവിന്ദന്റെ പ്രസ്താവന.
ജീവനക്കാരിയുടെ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച കുറ്റത്തിനു മോൻസൻ മാവുങ്കലിനെ എറണാകുളം പോക്സോ പ്രത്യേക കോടതി ജീവിതാവസാനം വരെ കഠിനതടവിനു ശിക്ഷിച്ചിരുന്നു. പെൺകുട്ടിയുടെ വിധേയത്വം മുതലെടുത്തു പീഡിപ്പിച്ചതും ഭീഷണിപ്പെടുത്തി പീഡനം തുടർന്നതുമാണു ജീവിതാവസാനം വരെ ശിക്ഷ ലഭിച്ച രണ്ടു കുറ്റങ്ങൾ.