നിഖിലിന്റെ രേഖകൾ എല്ലാം ഒറിജിനലാണ്; സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്നു വാർത്ത നൽകിയത്. 2018ൽ കായംകുളത്തെ കോളജിലെ യുയുസി എന്ന നിലയിലാണു നിഖിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായത്. കോളജിൽനിന്നു തിരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ അവിടുത്തെ വിദ്യാർഥിയായിരുന്നു. അതിനുശേഷമാണു കോഴ്സ് കാൻസൽ ചെയ്തത്’; ആലപ്പുഴയിലെ എസ്എഫ്ഐ നേതാവായ നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് പി.എം ആർഷോ

New Update

തിരുവനന്തപുരം: ആലപ്പുഴയിലെ എസ്എഫ്ഐ നേതാവായ നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ‘‘ഡിഗ്രി സർട്ടിഫിക്കറ്റ് യഥാർഥമാണ്. എംകോം പ്രവേശനത്തിൽ ക്രമക്കേടില്ല. നിഖിൽ പരീക്ഷയെഴുതി പാസായതാണ്. ഹാജർ നിർബന്ധമില്ലാത്ത വാഴ്സിറ്റി ഉണ്ടെങ്കിൽ അതു പരിശോധിക്കപ്പെടണം.

Advertisment

publive-image

നിഖിലിന്റെ രേഖകൾ എല്ലാം ഒറിജിനലാണ്. സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്നു വാർത്ത നൽകിയത്. 2018ൽ കായംകുളത്തെ കോളജിലെ യുയുസി എന്ന നിലയിലാണു നിഖിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായത്. കോളജിൽനിന്നു തിരഞ്ഞെടുക്കപ്പെടുമ്പോൾ നിഖിൽ അവിടുത്തെ വിദ്യാർഥിയായിരുന്നു. അതിനുശേഷമാണു കോഴ്സ് കാൻസൽ ചെയ്തത്’’ – ആർഷോ മാധ്യമങ്ങളോടു പറഞ്ഞു.

‘‘നിഖിൽ നൽകിയ രേഖകൾ പ്രകാരം കലിംഗ സർവകലാശാലയിലെ സർട്ടിഫിക്കറ്റ് യഥാർഥമാണ്. എന്നാൽ ഇയാൾ അവിടെ പഠിച്ചതിന്റെ ഹാജർ രേഖകളില്ല. കേരളത്തിലെ ഒരു സർവകലാശാലയിൽ മതിയായ അറ്റൻഡൻസ് ഇല്ലാതെയോ യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡമില്ലാതെയോ അടുത്ത സെമസ്റ്ററിലേക്കു കടക്കാനാകില്ല. കോഴ്സ് പൂർത്തീകരിക്കാനാകില്ല.

കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഡിലെ സർവകലാശാലയാണ് കലിംഗ. അവിടെ ഹാജർ നിർബന്ധമല്ലാതെ പരീക്ഷ എഴുതാനാകുമോ എന്നതു പരിശോധിക്കണം. കേരളത്തിനുപുറത്ത് ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹാജർ നിർബന്ധമില്ലാതെ പരീക്ഷയെഴുതാൻ സാഹചര്യമൊരുക്കുന്ന സർവകലാശാലകൾ ഉണ്ടെന്നുള്ളത് വസ്തുതയാണ്. കലിംഗ അങ്ങനെയാണോയെന്ന് അറിയില്ല. അതു പരിശോധിക്കണം.

ഒരാൾക്ക് ഒന്നിലധികം ഡിഗ്രിക്ക് ഒരേ സമയം റജിസ്റ്റർ ചെയ്യാമെന്ന് 2013ൽ യുജിസി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരു ഡിഗ്രി ക്യാൻസൽ ചെയ്യണം. ഈ നിയമം 2022ൽ മാറ്റി. നിഖിൽ കേരള സർവകലാശയ്ക്കു കീഴില്‍ റജിസ്റ്റർ ചെയ്തിരുന്നത് ക്യാൻസൽ ചെയ്തിരുന്നു. 2018ലെ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നിഖിൽ കായംകുളം എംഎസ്എം കോളജിലെ വിദ്യാർഥിയാണ്. അന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ചിരുന്നു.

അതുകൊണ്ടുതന്നെ നോമിനൽ റോളിൽ നിഖിലിന്റെ പേരുണ്ടാകും. ആ ലിസ്റ്റിൽ പേരുള്ളയാൾക്ക് സർവകലാശാല യൂണിയനിലേക്കു മത്സരിക്കുന്നതിനു സാങ്കേതികമായി തടസ്സമില്ല. ഏറ്റവും ഒടുവിൽ തിരഞ്ഞെടുപ്പ് നടക്കുന്ന എംജി സർവകലാശാലയിൽ നോമിനൽ റോളിൽ പേരുവരുന്നവർ പിന്നീട് പഠനം കഴിഞ്ഞ് ജോലി ചെയ്യുന്ന അവസരത്തിലാകും വോട്ട് ചെയ്യേണ്ടി വരിക.

യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുള്ളത് ക്യാംപസിൽ വിദ്യാർഥികൾ തിരഞ്ഞെടുത്ത യുയുസിക്കാണ്. അങ്ങനെ വിജയിച്ച് നോമിനൽ റോളിൽ ഉൾപ്പെട്ടയാൾക്ക് സാങ്കേതികമായും നിയമപരമായും യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാം.

കലിംഗയിൽ നിഖിൽ റഗുലർ വിദ്യാർഥിയായാണു പഠിച്ചത്. ഇവിടെ പഠിക്കുമ്പോൾ പരീക്ഷയെഴുതാനും കോഴ്സ് ജയിക്കാനും ആവശ്യത്തിനു ഹാജരുണ്ടായിരുന്നോ എന്ന കാര്യം അറിയില്ല. അതുകൂടി എസ്എഫ്ഐ പരിശോധിക്കും. മറ്റെല്ലാ രേഖകളും യഥാർഥമാണെന്നും, വ്യാജ സർട്ടിഫിക്കറ്റ് ആരോപണമുന്നയിച്ചവർക്കെതിരെ കേസ് കൊടുക്കുമെന്നും ആർഷോ പറഞ്ഞു.’’ – ആർഷോ പ്രതികരിച്ചു.

Advertisment