ആലപ്പുഴ: നിഖിൽ തോമസ് ചെയ്തത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി. ഇങ്ങനെ ചതിക്കുന്നവരോട് പാർട്ടി ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ല. നിഖിൽ പാർട്ടി അംഗമാണ്. വിഷയം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. കോളജിൽ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് നിഖിൽ പാർട്ടിയെ സമീപിച്ചിരുന്നു. പാർട്ടിക്കാർ ബോധപൂർവം സഹായിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു ചേർന്നത് ബികോം ജയിക്കാതെയെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചു. നിഖിലിനെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു.
നിഖിൽ സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റ് ‘പരിശോധിച്ച്’ പൂർണമായി ബോധ്യപ്പെട്ടെന്നും വ്യാജമല്ലെന്നും മാധ്യമങ്ങൾക്കു മുന്നിൽ അവകാശപ്പെട്ട എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ വാദങ്ങളെല്ലാം വിസിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു.