ചെറായി ശീതള്‍ വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും

New Update

കൊച്ചി: ചെറായി ശീതള്‍ വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും. എറണാകുളം വടക്കന്‍ പറവൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ വരാപ്പുഴ മുട്ടിനകം നടുവത്തുശ്ശേരി ശീതളിനെ (30) ചെറായി ബീച്ചില്‍വച്ച് കുത്തിക്കാന്ന കേസില്‍ പ്രതി കോട്ടയം നെടുകുന്നം സ്വദേശി പ്രശാന്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പിഴത്തുകയില്‍നിന്ന് രണ്ടു ലക്ഷം രൂപ ശീതളിന്റെ മകനു നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.

Advertisment

publive-image

2017 ഓഗസ്റ്റിലാണ് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ചെറായി ബീച്ചിൽ പട്ടാപ്പകൽ ശീതൾ കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കുന്നം അരണപ്പാറ പാറത്തോട്ടുങ്കൽ പ്രശാന്തിനെ (33) അന്നു തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു.

ബീച്ചിലെ സ്വകാര്യ റിസോർട്ടിലേക്കു വസ്ത്രങ്ങളിലും ദേഹത്തും രക്തം പുരണ്ട നിലയിൽ കയറിവന്ന യുവതി തന്നെ ആരോ കുത്തിയെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. കഴുത്തിലെയും വയറ്റിലെയും മുറിവുകളിൽ നിന്നു രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്ന ഇവരെ ഉടൻതന്നെ റിസോർട് ജീവനക്കാർ പറവൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.

അവിടെയെത്തി നടത്തിയ പരിശോധനയിൽ മുറിവുകൾ ഗുരുതരമാണെന്നു വ്യക്തമായതോടെ എറണാകുളത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു. യുവതിയെ കുത്തിയശേഷം സംഭവ സ്ഥലത്തുനിന്ന് ഓടിമറഞ്ഞ പ്രശാന്തിനെ വൈകാതെ നാട്ടുകാരും പൊലീസും ചേർന്നു പിടികൂടുകയായിരുന്നു.

ആദ്യവിവാഹം വേർപെടുത്തിയ ശീതൾ പിന്നീടു പെരുമ്പാവൂർ സ്വദേശിയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും തുടർന്നില്ല. പിന്നീട് സ്വന്തം വീട്ടിലായിരുന്നു താമസം. ആദ്യ ബന്ധത്തിൽ ഒരു മകനുണ്ട്. കേബിൾ സ്ഥാപനത്തിൽ ജോലിക്കാരനായി എത്തിയ പ്രശാന്ത് ഈ വീടിന്റെ മുകൾ നിലയിലാണു വാടകയ്ക്കു താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. അടുപ്പത്തിലായ ഇരുവരും ഇടക്കാലത്ത് അകന്നിരുന്നു. ഈ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെന്ന പേരിലാണ് യുവതിയെ ബീച്ചിലേക്കു വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം.

Advertisment