തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകൾ ഇനിയും വർദ്ധിക്കുമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് . പനി വർദ്ധിക്കുമെന്ന് മേയ് മാസത്തിൽ വിലയിരുത്തിയിരുന്നു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് വ്യക്തമാക്കി.
ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒഴിവാക്കുക. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. പകർച്ചപ്പനികൾ വര്‍ധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് ആരോഗ്യവകുപ്പ് പരിശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.