തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസത്തോടെ ഡെങ്കിപ്പനി ശക്തമാകാന്‍ സാദ്ധ്യത. 2017-ന് സമാനമായ രീതിയിലാണ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതെന്നും അതിനനുസരിച്ച് ആശുപത്രികള്‍ സജ്ജമായിരിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രോഗവ്യാപനം തടയാന്‍, വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കും.
തദ്ദേശ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാവും ഡ്രൈ ഡേ ആചരിക്കുക. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ ആരംഭിക്കും. സ്വകാര്യ ആശുപത്രികളുടെ പിന്തുണയും ഉറപ്പാക്കും. ഐഎംഎയുമായും ഐ എ പിയുമായും യോഗവും ചേരും. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം മരുന്നും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തും.
കരുതല്‍ പ്രധാനം, ആശുപത്രികളില്‍ കഴിയുന്നവര്‍ കൊതുകുവലയും ഉപയോഗിക്കണം. എലിപ്പനി പ്രതിരോധ ഡോക്‌സിസൈക്ലിന്‍ ഗുളിക ആശുപത്രി വഴി നല്‍കും.ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം.
പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ മാസ്‌ക് വയ്ക്കണം. പനിയുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. വീട്ടില്‍ ചികിത്സ പാടില്ല. 2017- ല്‍ 21993 പേര്‍ക്കായിരുന്നു ഡെങ്കിപ്പനി ബാധിച്ചത്.165-പേര്‍ മരണപ്പെട്ടു. ഈ വര്‍ഷം 2697-പേര്‍ക്കാണ് ഇതുവരെ ഡെങ്കി ബാധിച്ചത്. 7-പേര്‍ മരണപ്പെട്ടു.