കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ ഹൈക്കോടതി അംഗീകരിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
നേരത്തെ, കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അസാധുവാക്കിയിരുന്നു. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസാറായി നിയമിതയാവാനുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്‍എസ്എസിലെ പ്രവര്‍ത്തനം അധ്യാപന പരിചയമല്ല. ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
റാങ്ക് പട്ടിക പുനഃക്രമീകരിക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നു. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിയവര്‍ഗീസിന്റെ നിയമനമെന്ന് ചൂണ്ടിക്കാട്ടി രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക വിധി.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപനപരിചയം പ്രിയാ വര്‍ഗീസിനില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇതിനെതിരെ പ്രിയ വര്‍ഗീസ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.