മേപ്പയൂർ സ്റ്റേഷൻ പരിധിയിലെ ആവള 'കുട്ടോത്ത്' റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ 'കുട്ടകത്ത്' ആയി; വിദ്യയെ ഒളിപ്പിച്ചതിനു വീട്ടുകാരുടെ പേരിൽ കേസെടുക്കേണ്ടി വരും

New Update

കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ.വിദ്യയെ ബുധനാഴ്ച വൈകിട്ട് 5.40നു വടകര വില്യാപ്പള്ളിയിലെ ‘കുട്ടകത്ത്’ വിആർ നിവാസിൽ രാഘവന്റെ വീട്ടിൽനിന്നു പിടികൂടിയെന്നാണു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. എന്നാൽ, ഈ സ്ഥലത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്.

Advertisment

publive-image

മേപ്പയൂർ സ്റ്റേഷൻ പരിധിയിലെ ആവള കുട്ടോത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു ആദ്യവിവരം. എന്നാൽ, ഇന്നലെ പൊലീസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അതു വടകര വില്യാപ്പള്ളിയിലെ ‘കുട്ടകത്ത്’ ആയി. ഇത് അട്ടിമറിയാണെന്നാണ് ആരോപണം.

പ്രതിയെ ഒളിപ്പിച്ചതിനു വീട്ടുകാരുടെ പേരിൽ കേസെടുക്കേണ്ടി വരും. ആവള കുട്ടോത്തെ വീട്ടുകാരെ ഒഴിവാക്കാൻ വേണ്ടി പിന്നീട് പൊലീസ് സ്ഥലം മാറ്റിയതാണെന്നാണ് ആരോപണമുയർന്നത്. ആവള കുട്ടോത്തെ ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകന്റെ വീട്ടിൽ വിദ്യയെ കണ്ടവരുണ്ടെന്നു ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പറഞ്ഞു. ഒളിവിൽ കഴിയാൻ സഹായിച്ചെന്നു പറയുന്ന രാഘവനെയും മകനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ ഓഫിസറുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണം. ഇല്ലെങ്കിൽ റിമാൻഡ് റിപ്പോർട്ടിലെ അട്ടിമറി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും പ്രവീൺ കുമാർ പറയുന്നു.

പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന റിട്ട. സർക്കാർ ജീവനക്കാരനായ രാഘവൻ സിപിഎം അനുഭാവിയാണ്. മകൻ കാലിക്കറ്റ് സർവകലാശാലയിലെ സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്നു. ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നതിനൊപ്പം നിലവിൽ കാലിക്കറ്റ് സർവകലാശാലയിൽ ഫോക്‌ലോർ വിഷയത്തിൽ ഗവേഷണവും നടത്തുന്നുണ്ട്. എസ്എഫ്ഐയുമായും സിപിഎമ്മുമായും അടുത്ത ബന്ധമുണ്ട്.

കേസെടുത്തതോടെ ഒളിവിൽ പോയ വിദ്യ ആദ്യദിവസങ്ങളിൽ കൊച്ചിയിലായിരുന്നു. ജൂൺ 9ന് ജാമ്യഹർജി കോടതി മാറ്റിവയ്ക്കുകയും പൊലീസ് അന്വേഷണം ശക്തമാക്കുകയും ചെയ്തതോടെയാണു കേ‍ാഴിക്കേ‍ാട്ടെത്തിയത്.

മഹാരാജാസ് കേ‍ാളജിൽ എസ്എഫ്ഐ പ്രവർത്തകയായിരുന്ന കൂട്ടുകാരിയുടെ സഹായത്തേ‍ാടെയാണിത്. മെ‍ാബൈൽ ഫേ‍ാണുകൾ ഒ‍ാഫാക്കിയതിനാൽ സൈബർസെല്ലിന് ആദ്യഘട്ടത്തിൽ സൂചന ലഭിച്ചില്ല. തുടർച്ചയായ നിരീക്ഷണത്തിൽ കഴിഞ്ഞയാഴ്ച കേ‍ാഴിക്കേ‍ാട് ഭാഗത്തുനിന്നു സിഗ്നൽ ലഭിച്ചു. വിദ്യയുടെ കൂട്ടുകാരിയുടെ ഫേ‍ാണിൽ നിന്നുള്ള വിളിയാണു പെ‍ാലീസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നാണു വിവരം.

Advertisment