ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി.രാജാണെന്ന് നിഖിൽ പറഞ്ഞു. അബിനും കേസിൽ പ്രതിയാകും.
മാലിദ്വീപിൽ ജോലി ചെയ്യുന്ന അബിനെ വിദേശത്തുനിന്ന് ഉടൻ നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി ജി. അജയ്നാഥ് പറഞ്ഞു. നിഖിൽ തോമസിനെ വൈദ്യ പരിശോധനയ്ക്കായി കായംകുളം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഉച്ചയ്ക്കു ശേഷം കായംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
അബിന് കൊച്ചിയിൽ വിദ്യാഭ്യാസ ഏജൻസി ഉള്ളതായാണ് വിവരം. ബസ്സിനുള്ളിൽ വച്ചാണ് നിഖിലിനെ പിടികൂടിയതെന്നും കൊട്ടാരക്കരയിലേക്ക് എന്തിന് ടിക്കറ്റ് എടുത്തു എന്നുള്ളത് അന്വേഷിക്കുമെന്നും ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്തെന്ന് നിഖില്‍ തോമസ് പറഞ്ഞിരുന്നു. കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞു. കേരള സര്‍വകലാശാലയില്‍ റജിസ്റ്റര്‍ ചെയ്താല്‍ പ്രശ്നമില്ലെന്നും അറിയിച്ചു. മുന്‍ എസ്എഫ്ഐ നേതാവായ സുഹൃത്ത് കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നുവെന്നും നിഖിൽ പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റിനായി മുൻ എസ്എഫ്ഐ നേതാവിനു നിഖിൽ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാൾ ഇപ്പോൾ വിദേശത്ത് അധ്യാപകനാണ്. 2020 ൽ നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു.