ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്.ബാബുജാനെതിരെ ആരോപണങ്ങളുമായി ചെമ്പട കായംകുളം. എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിക്ക് പിന്നിൽ ബാബുജാനാണെന്ന് ചെമ്പട കായംകുളം ആരോപിക്കുന്നു. കേരള സർവകലാശാലയിൽനിന്ന് നിഖിലിന് തുല്യതാ സർട്ടിഫിക്കറ്റ് കൊടുത്തത് ബാബുജാനാണ്.
കോളജ് മാനേജരെ ഭീഷണിപ്പെടുത്തി നിഖിലിന്റെ അഡ്മിഷൻ തരപ്പെടുത്തി. സിപിഎം പാർട്ടി ഓഫിസ് അസിസ്റ്റന്‍റ് സെക്രട്ടറിയായി നിഖിലിനെ നിയോഗിച്ചു. നിഖിലിന്‍റെ മൊബൈൽ ഫോൺ പൊലീസ് മനപ്പൂർവം ഒളിപ്പിക്കുകയാണ്. ഫോൺ പരിശോധിച്ചാൽ ഒരുപാട് അഴിമതിക്കഥകൾ തെളിയുമെന്നും ചെമ്പട കായംകുളം ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
ചെമ്പട കായംകുളത്തിന്റെ പോസ്റ്റിൽനിന്ന്:
പ്രിയ സഖാക്കളെ,
ഞങ്ങൾ പറഞ്ഞതൊന്നും കള്ളമായിട്ടില്ല. ഏറെനാളിന് ശേഷമാണ് ഞങ്ങൾ വീണ്ടുംവരുന്നത്. കായംകുളത്തിന്റെ വിപ്ലവത്തിന്റെ കൂട്ട്. ഞങ്ങൾ ഇല്ലാക്കഥകൾ എഴുതിയിട്ടില്ല. ഞങ്ങൾ പാർട്ടിയെ സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ കെഎച്ചിന്റെയും എംഎന്നിന്റെയും ബികെയുടെയും കൂട്ട് ഇല്ലാക്കഥകൾ ഉണ്ടാക്കി പ്രസ്ഥാനത്തെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയവരല്ല.
നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് കെഎച്ച് ആണ്. ഈ മാന്യതയുടെ മുഖംമൂടി അണിഞ്ഞ കെഎച്ച് എന്ന ആട്ടിൻതോലിട്ട ചെന്നായയെ പൊതുസമൂഹത്തിനു മുൻപിൽ ചെമ്പട കായംകുളം തുറന്നു കാട്ടുന്നു. കേരള യൂണിവേഴ്സിറ്റിയുടെ ഇക്വലൻസി സർട്ടിഫിക്കറ്റ് എങ്ങനെ തോമസിന് ലഭിച്ചു? ഹിലാൽ ബാബു സാറിനെ ഭീഷണിപ്പെടുത്തി നിഖിലിന്റെ അഡ്മിഷൻ തരപ്പെടുത്തിയതാര്? കായംകുളം സിപിഎം പാർട്ടി ഓഫിസ് അസിസ്റ്റന്റ് സെക്രട്ടറി ആയി നിഖിലിനെ നിയോഗിക്കാൻ കെഎച്ചിന് ഇത്ര ശുഷ്കാന്തി എന്തായിരുന്നു?
പലർക്കുവേണ്ടിയും ശുപാർശ ചെയ്തിട്ടുണ്ടെന്നും ആർക്കൊക്കെ വേണ്ടി സംസാരിച്ചു എന്ന് ഓർത്തുവയ്ക്കാന്‍ കഴിയില്ലെന്നുമാണു ബാബുജാൻ നേരത്തേ പ്രതികരിച്ചത്. നിഖിൽ ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഇതുമായി തന്റെ പേര് ബന്ധിപ്പിക്കരുതെന്നും ബാബുജാൻ പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിഖിൽ തോമസിന്റെ കോളജ് പ്രവേശനത്തിനായി ഇടപെട്ടത് പാർട്ടിയിൽ ഉള്ളയാളാണെന്ന് എംഎസ്എം കോളജ് മാനേജർ ഹിലാൽ ബാബു വെളിപ്പെടുത്തിയിരുന്നു.