കോട്ടയം: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയിൽനിന്നു ലഹരി വസ്തുക്കൾ പിടിച്ചെടുത്തെന്ന കേസ് കളവാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി.രാജേഷ്. എക്സൈസ് പരിശോധനകളെ സ്വാർഥ താൽപര്യങ്ങൾക്കായി ആരെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റിയിരുന്നുവെന്നും മന്ത്രി കോട്ടയത്തു വ്യക്തമാക്കി.
‘‘ഇതേക്കുറിച്ച് എക്സൈസ് തന്നെ ഒരു വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ്, ഇവരെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയത്. ഇപ്പോൾ എക്സൈസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ കർശനമായ നടപടിയുണ്ടാകും. ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തിൽ ഉണ്ടാകില്ല’’ – മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയെ (51), മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് വൻ വഴിത്തിരിവുണ്ടായത്. ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീലയുടെ ബാഗിൽനിന്ന് എക്സൈസ് പിടിച്ചത് എൽഎസ്‌ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെ, ഷീല എൽഎസ്ഡി കൈവശം വച്ചിട്ടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്സൈസ് വകുപ്പ് തിരച്ചിൽ തുടങ്ങി. ലഹരി വസ്തുക്കൾ കയ്യിൽ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്ക്കോടതികളിൽനിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നു ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്. മേയ് 12ന് കാക്കനാട് റീജനൽ ലാബിൽനിന്നുള്ള പരിശോധനാ റിപ്പോർട്ട് പുറത്തുവന്നെങ്കിലും ഇപ്പോഴാണ് കോപ്പി കൈവശം കിട്ടിയത്.
ചാലക്കുടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിൽ ബ്യൂട്ടി പാർലർ ഉടമയെ ഒരു ലക്ഷം രൂപയുടെ ലഹരി ലഹരിമരുന്നുമായി പിടികൂടി എന്ന് ഫെബ്രുവരി 27നാണ് എക്സൈസ് പത്രക്കുറിപ്പു പുറത്തിറക്കിയത്. 28നു വലിയ വാർത്തയായി. ചാലക്കുടി പ്രധാന പാതയിൽ ടൗൺഹാളിന് എതിർവശത്താണു ഷീലയുടെ ബ്യൂട്ടി പാർലർ. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ കെ.സതീശന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി വിൽപനയെന്നും പാർലറിലെത്തുന്ന യുവതികളെയാണു ലക്ഷ്യമിട്ടിരുന്നതെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു. സ്റ്റാംപുകൾ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നതടക്കം കൃത്യമായ വിവരമാണു ലഭിച്ചതെന്ന് എക്സൈസ് പറയുന്നു.