കൊച്ചി: പൊലീസുകാരൻ മണിയൻപിള്ളയെ കുത്തിക്കൊന്ന ആട് ആന്റണിക്ക് വക്കീലിനെ കാണാൻ ജയിലിൽ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി. കേസിന്റെ കാര്യത്തിനു തടവുപുള്ളികളെ അഭിഭാഷകർ കാണാനെത്തുമ്പോൾ ജയിൽ അധികൃതർ മതിയായ പരിഗണന നൽകണമെന്നും കൂടിക്കാഴ്‌ചയ്ക്ക് അവസരമൊരുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തടവുപുള്ളിയെ സന്ദർശിക്കാൻ അനുമതി വാങ്ങിയെത്തുന്ന അഭിഭാഷകരെ ജയിലിന്റെ ഗേറ്റിൽ അനാവശ്യമായി തടഞ്ഞു നിർത്തുകയും കൂടിക്കാഴ്‌ച അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് കോടതി ഭാവിയിൽ ഗൗരവത്തോടെ കാണുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ വ്യക്തമാക്കി.
കണ്ണിന്റെ ചികിത്സയ്ക്കായി പരോൾ അനുവദിക്കണമെന്ന ഹർജി നൽകാൻ വക്കാലത്ത് ഒപ്പിട്ടു വാങ്ങാൻ പൂജപ്പുര ജയിലിൽ കഴിയുന്ന ആട് ആന്റണിയെ സന്ദർശിക്കാൻ ജയിൽ അധികൃതർ അനുമതി നിഷേധിച്ചതിനെതിരെ അഭിഭാഷകനായ തുഷാർ നിർമ്മൽ സാരഥി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ കാര്യത്തിനായി തടവുപുള്ളികളെ കാണാനെത്തുന്ന അഭിഭാഷകരെ അനാവശ്യമായ തടയരുതെന്നും ഇവർക്ക് മതിയായ പരിഗണന നൽകണമെന്നും വ്യക്തമാക്കി ജയിൽ ഡി.ജി.പി സർക്കുലർ ഇറക്കാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനായി ഹൈക്കോടതി വിധിയുടെ പകർപ്പ് ജയിൽ ഡി.ജി.പി ക്കു നൽകാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ളയെ കുത്തിക്കൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആട് ആന്റണി ജയിൽ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് തനിക്ക് 70 ശതമാനം കാഴ്‌ച നഷ്ടമായെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകൻ അഡ്വ. തുഷാർ നിർമ്മൽ സാരഥിക്ക് കത്തയച്ചിരുന്നു. എട്ടു വർഷമായി തടവുശിക്ഷയനുഭവിക്കുന്ന തനിക്ക് പരോൾ അനുവദിക്കുകയോ തടവിൽ ചികിത്സ ലഭ്യമാക്കുകയോ ചെയ്യുന്നില്ലെന്നും ആട് ആന്റണി നൽകിയ കത്തിൽ പറഞ്ഞിരുന്നു.
തുടർന്ന് വക്കാലത്ത് ഒപ്പിട്ടു വാങ്ങാൻ പൂജപ്പുര ജയിലിൽ പോയ തനിക്ക് അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി തുഷാർ നിർമ്മൽ സാരഥി ഹൈക്കോടതിയിൽ ഹർജി നൽകി. ഈ ഹർജിയിലാണ് സിംഗിൾബെഞ്ച് ഉത്തരവു നൽകിയത്. അതേസമയം അഭിഭാഷകനു ബുദ്ധിമുട്ടു നേരിട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ഹൈക്കോടതിയിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. തന്റെ പരാതി പരിഹരിക്കപ്പെട്ടെന്ന് അഭിഭാഷകനും വ്യക്തമാക്കി. തുടർന്നാണ് ഹർജി തീർപ്പാക്കി സിംഗിൾബെഞ്ച് വിധി പറഞ്ഞത്.
പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആട് ആന്റണി ജീവപര്യന്തം ഹൈക്കോടതി നേരത്തേ ശരിവച്ചിരുന്നു. കൊലപാതകം, മോഷണം ഉൾപ്പെടെ ഇരുന്നൂറിൽപ്പരം കേസുകളിൽ പ്രതിയായ ആട് ആന്റണിയെ പിടികിട്ടാപുള്ളിയായി കേരള പൊലീസ് പ്രഖ്യാപിച്ചിരുന്നു.
2012 ജൂൺ 26നാണ് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും ഡ്രെെവറുമായ മണിയൻപിള്ളയെ ആട് ആന്റണി കുത്തി പരുക്കേൽപ്പിച്ചത്. പാരിപ്പള്ളി ജവഹർ ജങ്ഷനിലായിരുന്നു സംഭവം. സമീപത്തെ കംപ്യൂട്ടർ സ്ഥാപനത്തിൽ മോഷണശ്രമത്തിനിടെ ആട് ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജീപ്പിൽ കയറ്റുന്നതിനിടെ മണിയൻപിള്ളയെ ആന്റണി കുത്തി.
നൈറ്റ് പട്രോളിങ്ങിനിടെയാണ് ആട് ആന്റണിയെ പൊലീസ് പിടികൂടാൻ ശ്രമിച്ചത്. മോഷണം നടത്തിയ ശേഷം തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ഒമ്‍നി വാനിൽ രക്ഷപ്പെടുകയായിരുന്ന ആട് ആന്റണിയെ പാരിപ്പള്ളിക്ക് സമീപം എഎസ്ഐ ജോയിയും സംഘവും തടഞ്ഞ് നിർത്തുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ എഎസ്ഐ ജോയിയെയും പൊലീസ് ഡ്രൈവർ മണിയൻപിള്ളയെയും കമ്പിപ്പാര ഉപയോഗിച്ചു ആന്റണി കുത്തി. കുത്തേറ്റ് സിപിഒ മണിയൻപിള്ള മരിച്ചു. എഎസ്ഐ ജോയി പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്.
കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ആന്റണിയെ കണ്ടെത്താൻ കേരളത്തിലും തമിഴ്‌നാട്ടിലും വലിയ തെരച്ചിൽ നടത്തിയിരുന്നു. കൊലപാതകം കഴിഞ്ഞ് ഏതാണ്ട് മൂന്ന് വർഷത്തിനുശേഷം പാലക്കാട് ഗോപാലപുരത്ത് നിന്ന് 2015 ഒക്ടോബർ 13 ന് രാവിലെ 7.30 നാണ് ഇയാളെ പോലീസ് പിടികൂടിയത്. വേഷം മാറി പല രൂപത്തിലാണ് ആന്റണി ഒളിച്ചുകഴിഞ്ഞിരുന്നത്.
മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ പലയിടത്തായി വേഷവും പേരും മാറി ഇയാൾ ഒളിച്ചുതാമസിക്കുകയായിരുന്നു. ആട് ആന്റണിയുടെ ഭാര്യയും മകനും ഗോപാലപുരത്തായിരുന്നു താമസിച്ചിരുന്നത്. മകനെ കാണാൻ ആന്റണി ഗോപാലപുരത്തെ വീട്ടിൽ ഇടയ്‌ക്കെ എത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിടികൂടിയ ദിവസം ആട് ആന്റണി ഗോപാലപുരത്ത് എത്തുന്നുണ്ടെന്ന് അറിഞ്ഞ പൊലീസ് ആസൂത്രിത നീക്കത്തിലൂടെ ഇയാളെ പിടികൂടുകയായിരുന്നു