കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വി.മുരളീധരൻ വരുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് കെ.സുരേന്ദ്രൻ. നേതൃമാറ്റത്തെക്കുറിച്ച് അറിയില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രനേതൃത്വവുമാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
‘‘എല്ലാം എഴുതുകയും പറയുകയും ചെയ്യുന്നത് നിങ്ങൾ തന്നെയാണ്. ഇന്നലെ വൈകിട്ട് ഏഴു മണിക്ക് മുൻപ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നിങ്ങൾ പറഞ്ഞത്. ഞാനും അതു കാത്തിരിക്കുകയായിരുന്നു. ഇന്നു രാവിലെ വന്ന് നേതൃമാറ്റം ഉണ്ടോയെന്ന് നിങ്ങൾ എന്നോടു ചോദിച്ചാൽ എങ്ങനെയാണ് ശരിയാകുന്നത്?’ – സുരേന്ദ്രൻ ചോദിച്ചു.
‘‘ഇതെല്ലാം എഴുതുന്നതും നിങ്ങളാണ്, വായിക്കുന്നതും നിങ്ങളാണ്, തിരുത്തിപ്പറയുന്നതും നിങ്ങളാണ്. ഇതേക്കുറിച്ച് നിങ്ങൾ കൊടുക്കുന്ന വാർത്തകൾ മാത്രമേ ഞാനും കണ്ടുള്ളൂ. അതല്ലാതെ ഇതേക്കുറിച്ച് മറ്റൊരു അറിവും എനിക്കില്ല. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും നിങ്ങൾ പറയുന്ന കാര്യങ്ങൾ മാത്രമേ എനിക്കറിയൂ. പുനഃസംഘടന എന്നുണ്ടാകുമെന്നോ ആരെയൊക്കെ ഉൾപ്പെടുത്തുമെന്നോ പ്രധാനമന്ത്രിയും കേന്ദ്രനേതൃത്വവുമാണ് തീരുമാനിക്കേണ്ടത്. അവർ ഇതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് കൊടുക്കാം. അല്ലാതെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചാൽ എനിക്കെന്ത് മറുപടി പറയാൻ കഴിയും?’ – സുരേന്ദ്രൻ ചോദിച്ചു.
ഏക വ്യക്തിനിയമത്തിനായി ബിജെപി സംസ്ഥാന വ്യാപകമായി ക്യാംപയിൻ നടത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ‘‘അപരിഷ്കൃതമായ നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിലാണ് ഏക വ്യക്തി നിയമം എന്ന ആശയം മുന്നോട്ടുവച്ചത്. ഇതിനായി വളരെ ശക്തമായി വാദിച്ച പാർട്ടിയാണ് സിപിഎം. കോൺഗ്രസിന്റെ പല നേതാക്കളും അഖിലേന്ത്യാ തലത്തിൽത്തന്നെ ഇതിനെ അനുകൂലിക്കുന്നവരാണ്. കേരളത്തിൽ വോട്ടുബാങ്ക് ലക്ഷ്യമിട്ട് വർഗീയ ശക്തികളെ പ്രീണിപ്പിക്കാനുള്ള വളരെ ആസൂത്രിതമായ ശ്രമമാണ് സിപിഎമ്മും കോൺഗ്രസും നടത്തുന്നത്.’ – സുരേന്ദ്രൻ പറഞ്ഞു.
‘‘കേരളം പോലൊരു സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് ഇരു മുന്നണികളുടേതും. ഇതിനെതിരെ ഞങ്ങൾ വിശദമായ ഒരു ക്യാംപയിൻ നടത്തും. മുസ്‍ലിം വിഭാഗത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ ഏക വ്യക്തി നിയമത്തിന് അനുകൂലമാണ്. സ്വന്തം പെണ്‍മക്കൾക്ക് സ്വത്തവകാശത്തിൽ തുല്യത ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം രക്ഷിതാക്കൾ മുസ്‍ലിം സമുദായത്തിലുണ്ട്. മുത്തലാഖിനെതിരെ ശക്തമായ നിലപാട് എടുക്കുന്നവരും അക്കൂട്ടത്തിലുണ്ട്. അവരെയെല്ലാം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് എൽഡിഎഫും യുഡിഎഫും പോകുന്നത്’ – സുരേന്ദ്രൻ പറഞ്ഞു.