ആലപ്പുഴ: ആലപ്പുഴയില്‍ പാണവള്ളി സ്വദേശിയായ പതിനഞ്ചുകാരന് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന അപൂര്‍വ രോഗം.
/sathyam/media/post_attachments/5XzTqTzzUWNi7KUvdqyk.jpg)
പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള പ്രതിരോധശക്തിക്കുറവുള്ളതുകൊണ്ടാണോ അപൂര്‍വ്വം ചിലരില്‍ മാത്രം ഈ രോഗമുണ്ടാകുന്നത് എന്നത് ഇതുവരെ വ്യക്തമല്ല. ഈ രോഗം ഒരാളില്‍ നിന്നും വേറൊരാളിലേക്ക് പകരില്ല. ശക്തിയായ പനി, ഛര്‍ദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന രോഗലക്ഷണങ്ങള്‍.
അമീബിക് മസ്തിഷ്‌കജ്വരം തടയുന്നതെങ്ങനെ?
സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകള്‍ക്കനുസരിച്ച് മാറ്റുക
പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക
നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകള്‍ ഉപയോഗിക്കാതിരിക്കുക
മൂക്കില്‍ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തല്‍, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക
തല വെള്ളത്തില്‍ മുക്കി വെച്ചു കൊണ്ടുള്ള മുഖം കഴുകല്‍, അതുപോലെയുള്ള മതപരമായ ചടങ്ങുകള്‍ എന്നിവ ഒഴിവാക്കുക. നസ്യം പോലുള്ള ചികില്‍സാ രീതികള്‍ ആവശ്യമുണ്ടെങ്കില്‍ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
2017ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. രോഗത്തിന്റെ രൂക്ഷത കണക്കിലെടുത്ത് മലിനജലത്തില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.