‘‘60ൽ അധികം ആളുകളാണു മുതലപ്പൊഴിയിൽ അപകടത്തിൽ മരിച്ചത്, ചിലരുടെ ശവശരീരം പോലും ലഭിച്ചില്ല’; അപകടങ്ങൾ തുടർക്കഥയായിട്ടും സർക്കാർ മുതലപ്പൊഴിയിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ്

New Update

തിരുവനന്തപുരം: ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് എടുത്ത കേസ് പിൻവലിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘60ൽ അധികം ആളുകളാണു മുതലപ്പൊഴിയിൽ അപകടത്തിൽ മരിച്ചത്. ചിലരുടെ ശവശരീരം പോലും ലഭിച്ചില്ല’’. അപകടങ്ങൾ തുടർക്കഥയായിട്ടും സർക്കാർ മുതലപ്പൊഴിയിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Advertisment

publive-image

‘‘തീരപ്രദേശത്തെ ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്നവരാണ്. മുൻപും രാഷ്ട്രീയ നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചിട്ടുണ്ട്. കലാപം ആഹ്വാനം ചെയ്തെന്ന പേരിൽ ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ.യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന വിഴിഞ്ഞം തുറമുഖ സമരത്തെ സർക്കാർ തള്ളിപറഞ്ഞു. 140 ദിവസത്തെ വിഴിഞ്ഞം തുറമുഖ സമരം പരാജയപ്പെട്ടതിനാലാണു ഫാദർ യൂജിൻ പെരേര മുതലപ്പൊഴിയിൽ കലാപ ആഹ്വാനം നടത്തിയതെന്നാണു മന്ത്രിമാർ പറയുന്നത്’’– സതീശൻ പറഞ്ഞു.

‘‘പാവപ്പെട്ടവർക്കു വേണ്ടിയാണു വിഴിഞ്ഞം തുറമുഖത്തു സമരം നടന്നത്. ആർച്ച് ബിഷപ്പിനെതിരെയും വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി കേസെടുത്തു. ആ കേസ് ഇതുവരെ പിൻവലിച്ചിട്ടില്ല. മുതലപ്പൊഴിയെ മരണപ്പൊഴിയാക്കുന്നതു സർക്കാരാണ്. മത്സ്യത്തൊഴിലാളികളെ സർക്കാർ അപമാനിക്കുകയാണ്. സമരം നടത്തിയവരെ ആക്ഷേപിക്കുന്നത് ശരിയായ നടപടിയല്ല. മത്സ്യത്തൊഴിലാളികളെ സാന്ത്വനിപ്പിക്കുന്നതിനു പകരം പ്രകോപനപരമായ വാക്കുകളാണ് മന്ത്രിമാർ ഉപയോഗിച്ചത്. പ്രതിഷേധത്തിന്റെ പേരിൽ കേസെടുത്താൽ ഭയന്ന് പിൻമാറില്ല. പൊലീസിനെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്ന സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ല’’– വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്തു സന്ദർശനം നടത്തിയ മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനുമാണു യൂജിൻ പെരേരയ്ക്കും മറ്റു 50പേർക്കുമെതിരെ കേസെടുത്തത്. വള്ളംമറിഞ്ഞ് ഒരാള്‍ മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തതോടെയാണു മുതലപ്പൊഴിയിൽ പ്രതിഷേധമുണ്ടായത്.

Advertisment