തിരുവനന്തപുരം: മുതലപ്പൊഴിയിൽ ഇന്നലെ നടന്നതു രാഷ്ട്രീയ പ്രതിഷേധമാണെന്നു ഗതാഗത മന്ത്രി ആന്റണി രാജു. ‘‘നാലു സ്ത്രീകളാണു പ്രതിഷേധിച്ചത്. അവർ നാട്ടിലുള്ളവരോ മരിച്ചവരുടെ ബന്ധുക്കളോ അല്ല. മഹിളാ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ളവരാണു പ്രതിഷേധിച്ചത്.
/sathyam/media/post_attachments/F8J2mwJyyK21PbnL5ODw.jpg)
മന്ത്രിമാർ സമയോചിതമായ നിലപാടു സ്വീകരിച്ചിരുന്നില്ലെങ്കില്‍ പലയിടത്തുനിന്നായി എത്തിയ നാലോ അഞ്ചോ കോണ്‍ഗ്രസുകാരും മത്സ്യത്തൊഴിലാളികളുമായി സംഘർഷം ഉണ്ടാകുമായിരുന്നു. മന്ത്രിമാരുടെ ഇടപെടൽ കൊണ്ടാണു സംഘർഷം ഒഴിവായത്. തീരപ്രദേശത്തു സംഘർഷം ഉണ്ടാക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശ്രമം നടന്നു’’. വള്ളം മറിഞ്ഞു മരിച്ചയാളുടെ ബന്ധുക്കൾ പരാതിയൊന്നും പറഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്തു സന്ദർശനം നടത്തിയ മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനും യൂജിൻ പെരേരയ്ക്കും മറ്റു 50പേർക്കുമെതിരെ കേസെടുത്തു. വള്ളംമറിഞ്ഞ് ഒരാള്‍ മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തതോടെയാണു മുതലപ്പൊഴിയിൽ പ്രതിഷേധമുണ്ടായത്.
ഇതേച്ചൊല്ലി ലത്തീന്‍ സഭയും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണു യൂജിൻ പെരേരയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സ്ഥലത്തെത്തിയ മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്തതു ഫാ. യൂജിന്‍ പെരേരയെന്നു മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചിരുന്നു.