തിരുവനന്തപുരം: മുതലപ്പൊഴിയിൽ പ്രകോപനമുണ്ടാക്കിയത് മന്ത്രിമാരുടെ സംസാരമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര. ‘‘മത്സ്യത്തൊഴിലാളികളുടെ വേദന ഉൾക്കൊള്ളാതെയായിരുന്നു മന്ത്രിമാരുടെ പെരുമാറ്റം. അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കാനോ, മൃതദേഹം കണ്ടെത്താനുള്ള നടപടികൾ വിശദീകരിക്കാനോ അവർ തയ്യാറായില്ല. പകരം, ഷോ കാണിക്കരുതെന്നാണ് മന്ത്രിമാർ ആകെ പ്രതികരിച്ചത്. ഇതു തന്നെ എന്നോടും പറഞ്ഞു.
/sathyam/media/post_attachments/OuYPeNnJ6X6JCtgPWkvq.jpg)
എല്ലാം ആസൂത്രണത്തിന്റെ ഭാഗമാണ്. ചില ആളുകളെ നിശബ്ദരാക്കുന്നതിനായുള്ള പടപ്പുറപ്പാടാണിത്. വിഴിഞ്ഞ സമരത്തോടനുബന്ധിച്ച് 140 കേസുകളുണ്ട്. ഇത് 141ാമത്തെ കേസാണ്. മറ്റൊരു കേസും എന്റെ പേരിലില്ല. മന്ത്രിമാരുടെ സംസാരമാണ് അന്തരീക്ഷം പ്രക്ഷുബ്ധമാക്കിയത്. ഇതിനിടെയിലാണ് ഞാനും ആർച്ച് ബിഷപ്പുമെത്തിയത്.
അപ്പോൾ എന്നോടും ഷോ കാണിക്കരുത് എന്ന കാര്യം മന്ത്രി ആവർത്തിച്ചു. കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവർ തെളിയിക്കട്ടെ ’’– ഫാ യൂജിൻ പെരേര പ്രതികരിച്ചു. മന്ത്രിമാരെ തടഞ്ഞതിന് കേസെടുത്തതിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം.