കൊച്ചി: കൈവെട്ടുകേസിൽ ആറുപ്രതികൾ കുറ്റക്കാരെന്ന കോടതിവിധിക്കു പിന്നാലെ പ്രതികരണവുമായി ടി.ജെ.ജോസഫ്. പ്രതികൾക്കു കിട്ടുന്ന ശിക്ഷ ഇരയ്ക്കു കിട്ടുന്ന നീതിയല്ലെന്നായിരുന്നു ടിജെ.ജോസഫ് പറഞ്ഞത്. ആക്രമിച്ചവർ ആയുധങ്ങൾ മാത്രമാണെന്നും തീരുമാനമെടുത്തവർ കാണാമറയത്താണെന്നും ടി.ജെ.ജോസഫ് പറഞ്ഞു.
/sathyam/media/post_attachments/0z3uejLnDfqFGQJo4iJh.jpg)
പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസമില്ല. രാജ്യത്തിന്റെ നീതി നടപ്പാകുന്നു എന്നു മാത്രം. പ്രതികളെ ശിക്ഷിക്കുന്നതിലോ ശിക്ഷിക്കാതിരിക്കുന്നതിലോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളില്ല. കേസിൽ ഉൾപ്പെട്ട പ്രതികൾ എന്നപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണു എന്നെ ഉപദ്രവിച്ചത്. എല്ലാമനുഷ്യരും ശാസ്ത്രാവബോധം ഉൾക്കൊണ്ടു മാനവികതയിലും സാഹോദര്യത്തിലും പുലർന്ന് ആധുനികപൗരന്മാരായി മാറേണ്ട കാലം അതിക്രമിച്ചു.
എന്നെ ഉപദ്രവിച്ചവർ വെറും ആയുധങ്ങൾ മാത്രമാണ്. മറ്റുള്ള ആളുകളുടെ ആജ്ഞാനുവർത്തികള്‍. ശരിക്കുള്ള പ്രതികൾ കേസിനു പുറത്താണ്. കേസിൽ ശിക്ഷിക്കപ്പെടുന്ന, വിചാരണ ചെയ്യപ്പെടുന്നവരല്ല ശരിക്കുള്ള പ്രതികൾ. എന്നെ ആക്രമിക്കാൻ തീരുമാനമെടുത്തവരാണു ശരിയായ പ്രതികൾ. എന്നാൽ പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും ഉപകരണങ്ങളാക്കപ്പെടുന്ന പാവങ്ങളാണ്. പ്രാകൃത വിശ്വാസങ്ങളുടെ പേരിൽ മനുഷ്യത്വരഹിത പ്രവൃത്തികൾ നടത്താൻ ഉദ്ബോധനം കൊടുക്കുന്നവരാണു ശരിക്കും കുറ്റവാളികൾ. അവർ കാണാമറയത്താണ്.
ആദ്യം ജയിലിലടയ്ക്കേണ്ടതു പ്രാകൃത നിയമങ്ങളെയാണു, വിശ്വാസങ്ങളെയാണ്. ആ വിശ്വാസത്തെയാണു ആദ്യം ഉന്മൂലനം ചെയ്യേണ്ടത്. പ്രാകൃത വിശ്വാസങ്ങളുടെ ഇരയായിട്ടാണു കാണാമറയത്തുള്ള മനുഷ്യരും പ്രവർത്തിക്കുന്നത്. ആധുനികമനുഷ്യരാകാൻ അവരെയും ബോധവൽക്കരിക്കണം. രണ്ടായിരം കൊല്ലങ്ങൾക്കു മുമ്പുള്ള ചില വിശ്വാസ സംഹിതകളാണു വില്ലനായിട്ട് നിൽക്കുന്നത്.