വികസനവും അതിവേഗ റെയിൽ യാത്രയും തുറുപ്പുചീട്ടാക്കി തിരുവനന്തപുരം, തൃശൂർ സീറ്റുകൾ പിടിക്കാൻ ബി.ജെ.പി; തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രിയെത്തി അതിവേഗ റെയിൽ പ്രഖ്യാപിക്കും. ചർച്ചയാക്കുക വികസനം എന്ന പോസിറ്റീവ് അജൻഡ. വേഗറെയിൽ വോട്ടാക്കി മാറ്റാൻ ബി.ജെ.പിയും സി.പി.എമ്മും തന്ത്രങ്ങൾ മെനയുന്നു. ശ്രീധരന്റെ ബദൽ പദ്ധതി വെറും ആകസ്മികമല്ല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും നേട്ടമുണ്ടാക്കാനുള്ള അജൻഡ വികസനമാണെന്ന് ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനങ്ങളാണ് സിൽവർലൈനിന് ബദലായി മെട്രോമാൻ ഇ.ശ്രീധരൻ അവതരിപ്പിച്ച ഹൈസ്പീഡ് റെയിൽപ്പാതയും അതിനെ ബി.ജെ.പി പൊടുന്നനേ പിന്തുണച്ച് രംഗത്തെത്തിയതും.

Advertisment

വികസനവും അതിവേഗ ട്രെയിൻ യാത്രയും ചർച്ചാവിഷയമാക്കുന്നതിൽ ബിജെപിക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ. തിരുവനന്തപുരം, തൃശൂർ പാ‌ർലമെന്റ് സീറ്റുകളിലെ വിജയം. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ തിരുവനന്തപുരത്തും സുരേഷ് ഗോപി തൃശൂരിലും മത്സരിക്കാനൊരുങ്ങുകയാണ്. അതിനിയിൽ അതിവേഗ റെയിൽ പദ്ധതിയുമായി ശ്രീധരൻ രംഗത്തു വന്നത് ഒട്ടും ആകസ്മികമല്ല.

publive-image

കാര്യങ്ങൾ ഇപ്പോഴത്തെ രീതിയിൽ പുരോഗമിച്ചാൽ ശ്രീധരന്റെ ബദൽ പദ്ധതി സംസ്ഥാന സർക്കാർ അംഗീകരിക്കാൻ സാദ്ധ്യതയേറെയാണ്. തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി കേരളത്തിലെത്തി അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിക്കാനും സാദ്ധ്യതയേറെയാണ്. ശ്രീധരൻ മുന്നോട്ടുവച്ച 350 കിലോമീറ്റർ വേഗമുള്ല അതിവേഗ റെയിൽ സർക്കാർ നിരാകരിച്ചാലും അത് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കും.

കേന്ദ്രസർക്കാരിന് താത്പര്യമുള്ളതും കേരളത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്നതുമായ പദ്ധതി രാഷ്ട്രീയ വിരോധം കാരണം വേണ്ടെന്നുവച്ചെന്ന പ്രചാരണം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് സി.പി.എമ്മിന് നന്നായറിയാം. അതിനാലാണ് വളരെ കരുതലോടെയുള്ള നീക്കങ്ങൾ. നാടിന്റെ വികസനമെന്ന പോസിറ്റീവ് അജൻഡ മുദ്രാവാക്യമാക്കുന്നത് ഗുണമാകുമെന്നാണ് കണക്കുകൂട്ടൽ. വോട്ട‌ർമാരിൽ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരാണെന്നതും അവർ വികസനം ആഗ്രഹിക്കുന്നവരാണെന്നും മുന്നണികൾ കണക്കുകൂട്ടുന്നു.

350കിലോമീറ്റ‌ർ വേഗത്തിലുള്ള ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ഇടതുസർക്കാർ മുന്നോട്ടുപോവുന്നത് ലോകസഭാ തിരഞ്ഞെടുപ്പിൽ നേട്ടം ലക്ഷ്യമിട്ടാണ്. വികസന വിരുദ്ധരെന്ന് മുദ്രകുത്തി കോൺഗ്രസിനെയും യു.ഡി.എഫിനെയും തിരിച്ചടിക്കുകയാണ് ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയം ചർച്ചയാക്കി യു.ഡി.എഫിനെ കുഴയ്ക്കാനാണ് നീക്കം.

വികസനരാഷ്ട്രീയത്തോട് ജനം അനുകൂലമായി പ്രതികരിക്കുമെന്ന തോന്നൽ ശക്തിപ്പെട്ടതിന് പിന്നിൽ പുതുതായി ഓട്ടമാരംഭിച്ച വന്ദേഭാരത് ട്രെയിനിന് കേരളത്തിൽ കിട്ടുന്ന വർദ്ധിച്ച സ്വീകരണമാണ്. വന്ദേഭാരത് ട്രെയിനിൽ 183% ആവശ്യക്കാരാണുള്ളത്. ഉയർന്ന നിരക്കുള്ള വന്ദേഭാരതിൽ ഇത്രയും തിരക്കേറുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഒരു സീറ്റുപോലും കാലിയായല്ല വന്ദേഭാരത് സർവീസ് നടത്തുന്നത്. വേഗത്തിലുള്ള ട്രെയിൻ യാത്ര മലയാളികൾ ആഗ്രഹിക്കുന്നെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് മനസിലായതാണ് വഴിത്തിരിവായത്.

ബി.ജെ.പിയും സി.പി.എമ്മും വികസന രാഷ്ട്രീയവുമായി കളംനിറഞ്ഞ് കളിക്കുമ്പോൾ വെട്ടിലായത് കോൺഗ്രസാണ്. കേന്ദ്രം അനുമതി നൽകിയാൽ പോലും സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചത് കോൺഗ്രസാണ്. ഇപ്പോൾ അതിലും വേഗമേറിയതും ചെലവേറിയതുമായ ഹൈസ്പീഡ് റെയിലുമായി സർക്കാർ രംഗത്തുണ്ട്.

വേഗപ്പാത ചർച്ചയാക്കുമ്പോൾ തള്ളാനും കൊള്ളാനുമാവാത്ത സ്ഥിതിയിലായിരിക്കുകയാണ് കോൺഗ്രസ്. എന്നാൽ, കേരളത്തിൽ കോൺഗ്രസിനെ വീഴ്ത്താനുള്ള ബി.ജെ.പി- സി.പി.എം അന്തർധാര പുതിയ നീക്കത്തിന് പിന്നിലുണ്ടെന്ന സംശയം യു.ഡി.എഫ് ക്യാമ്പുയർത്തുന്നുണ്ട്. വികസനത്തെ തള്ളാതെയും ഒപ്പം ബി.ജെ.പി- സി.പി.എം കരുനീക്കമാരോപിച്ചും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റുവാങ്ങിയ എൽ.ഡി.എഫ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവന്നത് വികസന, ക്ഷേമ മുദ്രാവാക്യങ്ങളുയർത്തിക്കാട്ടിയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഇതേ ഫോർമുല പരീക്ഷിക്കാൻ അവർക്ക് മുന്നിലെ വലിയ ആയുധമാണ് അർദ്ധ അതിവേഗപാത. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതിവേഗ പാതയെന്ന ലക്ഷ്യത്തിന് തുടക്കംകുറിക്കാനാണ് സി.പി.എമ്മിപ്പോൾ ശ്രമിക്കുന്നത്. വികസനസമീപനത്തിൽ മെട്രോമാൻ ഇ. ശ്രീധരന് പൊതുസമൂഹത്തിനിടയിലുള്ള വർദ്ധിച്ച സ്വീകാര്യതയും പ്രധാന ഘടകമാണ്.

പാരിസ്ഥിതികാഘാതമാണ് നിലവിലെ സിൽവർലൈനിനോടുള്ള എതിർപ്പിന് മുഖ്യകാരണം. വ്യാപകമായ എതിർപ്പുയർന്നിട്ടും സിൽവർലൈനിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും പക്ഷേ ആവർത്തിക്കുകയായിരുന്നു. എന്നാൽ, ബി.ജെ.പിയും കേരളത്തിൽ എതിർപ്പ് ശക്തമാക്കുകയും കേന്ദ്രസർക്കാരിൽ നിന്ന് അനുകൂലനിലപാട് ഉണ്ടാകില്ലെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് ബി.ജെ.പി അനുഭാവിയായ ഇ. ശ്രീധരനിലൂടെ തന്നെയുള്ള ബദൽനീക്കത്തിലേക്ക് മുഖ്യമന്ത്രിയും സി.പി.എമ്മും നീങ്ങിയത്.

ഓഖി ദുരന്തകാലത്ത് സംസ്ഥാന മന്ത്രിമാരെയും മുഖ്യമന്ത്രിയെയുമൊക്കെ തീരദേശവാസികൾ തടഞ്ഞപ്പോഴും സൗമ്യമായ പെരുമാറ്റവുമായി തീരമേഖലയിലെത്തി ജനങ്ങളെ കൈയിലെടുത്ത നിർമ്മലാ സീതാരാമനെ തിരുവനന്തപുരത്ത് മത്സരിപ്പിച്ച് ഏതുവിധേനയും ജയിപ്പിക്കാനാണ് ബിജെപി കരുക്കൾ നീക്കുന്നത്. തമിഴ്നാട്ടിലെ മധുരയിലും അവർ മത്സരിച്ചേക്കും. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ലത്തീൻ സഭയുടെ വോട്ടുകൾ അപ്പാടെ ലഭിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

തൃശൂരിൽ ഏറെക്കാലം മുൻപു തന്നെ സുരേഷ് ഗോപി ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ നടത്തുകയാണ്. ഇത്തവണ വിജയത്തിൽ കുറഞ്ഞൊന്നും ബിജെപി തൃശൂരിൽ ആഗ്രഹിക്കുന്നില്ല. ക്രിസ്ത്യൻ സഭകളുടെ പിന്തുണയും തൃശൂരിൽ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

അതിനാൽ വികസനം, അതിവേഗ റെയിൽ എന്നിവ ചർച്ചയാക്കി ലോകസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ലോകസഭയിൽ കോൺഗ്രസിന്റെ തലയെണ്ണം കുറയ്ക്കേണ്ടത് ബിജെപിയുടെ ആവശ്യമായതിനാൽ മറ്റ് മണ്ഡലങ്ങളിൽ അവ‌ർ സി.പി.എമ്മുമായി ഒത്തുകളിക്കുമെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആക്ഷേപം.

Advertisment