ബാഹുബലിക്കും ആർ.ആർ.ആറിനും ചെലവായ തുകപോലുമില്ല ചന്ദ്രയാൻ-3 ദൗത്യത്തിന്. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ ഉറ്റുനോക്കി ലോകം. ആകെ ചെലവ് 615കോടി. ഗുണമേന്മ കുറയ്ക്കാതെ ചെലവു ചുരുക്കാനും ശാസ്ത്രജ്ഞർ തലപുകച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളടക്കം നിർമ്മിച്ച് ചന്ദ്രയാന്റെ വിജയത്തിൽ അഭിമാനത്തോടെ കേരളത്തിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും

New Update

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യമായ ചന്ദ്രയാൻ-3നെ ഉറ്റുനോക്കുയാണ് ലോകം. വിദേശരാജ്യങ്ങളെ അപേക്ഷിച്ച് തുച്ഛമായ ചെലവേ ചന്ദ്രയാൻ ദൗത്യത്തിനുള്ളൂ എന്നതാണ് കാരണം. കേവലം 615കോടി രൂപയ്ക്കാണ് ഇന്ത്യ ചന്ദ്രയാൻ-3 ദൗത്യം നടത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലി, ആർ.ആർ.ആർ എന്നിവയുടെ നിർമ്മാണത്തിന് ഇതിലേറെ ചെലവുണ്ടായി. തുച്ഛമായ ചെലവിലുള്ള ഈ നേട്ടത്തെയാണ് ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്നത്. ചെലവ് ചുരുക്കാൻ നിരവധി മാർഗങ്ങളാണ് ഇസ്രോ അവലംബിച്ചത്. എന്നാൽ ഗുണമേന്മയിൽ തെല്ലും വിട്ടുവീഴ്ച കാട്ടിയതുമില്ല.

Advertisment

publive-image

ചന്ദ്രയാൻ-2 ദൗത്യത്തിന് ഇസ്രോ ഉദ്ദേശിച്ചതു പോലെ ചന്ദ്രനിൽ സോഫ്‍റ്റ് ലാൻഡിംഗ് നടത്താനായിരുന്നില്ല. നാലു വർഷം മുൻപുണ്ടായ ആ പരാജയത്തിൽ നിന്ന് നിരവധി പാഠങ്ങൾ പഠിച്ച ശേഷമാണ് ചന്ദ്രയാൻ-3 യാഥാർത്ഥ്യമാക്കിയത്. ചന്ദ്രയാൻ രണ്ടിൽ വിക്രം ലാൻഡർ, പ്രജ്ഞാൻ റോവർ എന്നിവയുണ്ടായിരുന്നു. ഇക്കുറി അത്തരം പേരുകളില്ല. ചന്ദ്രയാൻ-3ൽ ഓർബിറ്ററുമില്ല.

ലാൻഡറിനേയും റോവറിനേയും വഹിച്ചുള്ള ഓർബിറ്റർ ദൗത്യത്തിലെ നിർണ്ണായക ഘടകമായിരുന്നു അന്ന്. ചന്ദ്രനെ വലംവെയ്ക്കുന്ന ഓർബിറ്റർ ഇപ്പോഴും അവിടെയുണ്ട്. ഭൂമിയുമായി ബന്ധം പുലർത്തിയിരുന്നതും ഓർബിറ്ററായിരുന്നു. ലാൻഡറും റോവറും ചന്ദ്രന്റെ മണ്ണിൽ തകർന്നുവീണെങ്കിലും വിജയിച്ച ഓർബിറ്റർ പിന്നെയും രണ്ടുവർഷക്കാലം ചന്ദ്രനെ വലംവച്ചു. ഭൂമിയിലേക്ക് വിവരങ്ങൾ മുടങ്ങാതെ നൽകികൊണ്ടിരുന്നു. ഇക്കുറി ചെലവു ചുരുക്കാനാണ് ഓർബിറ്ററിനെ ഒഴിവാക്കിയത്.

ഓർബിറ്ററിന് പകരം ഇക്കുറി ലാൻഡറിനേയും റോവറിനേയും വഹിച്ച് ഭൂമിയിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥം വരെ പോകുന്നത് പ്രൊപ്പൽഷൻ മൊഡ്യൂൾ പേടകമാണ്. ആവശ്യത്തിന് ഇന്ധനവുമായി മുന്നോട്ട് പോകുന്ന മൊഡ്യൂൾ ലാൻഡറിനെ സുരക്ഷിതമായി ചന്ദ്രനടുത്ത് എത്തിക്കും. റോവ‌ർ ലാൻഡറിനുളളിൽ ഭദ്രമായിരിക്കും. ലാൻഡറിൽ വാർത്താവിനിമയ സംവിധാനങ്ങളുമുണ്ട്. ഇതോടെയാണ് ചെലവ് 978 കോടിയിൽ നിന്ന് 615കോടിയായി കുറഞ്ഞത്.

സോഫ്‍റ്റ് ലാൻഡിംഗ് ഉറപ്പാക്കാൻ ലാൻഡറിന്റെ കാലുകൾക്ക് കൂടുതൽ കരുത്ത് നൽകി. മുൻ ദൗത്യത്തിൽ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിന് നിശ്ചയിച്ച സ്ഥലത്തിന്റെ വലിപ്പം 500മീറ്റർ വീതിയും 500മീറ്റർനീളവുമുള്ള സ്ഥലമായിരുന്നെങ്കിൽ ചന്ദ്രയാൻ 3ലെ ലാൻഡറിന് 4കിലോമീറ്റർ വീതിയും രണ്ടരകിലോമീറ്റർ നീളവുമുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും സൗകര്യമനുസരിച്ച് ഇറങ്ങാനാവും. ചന്ദ്രയാൻ രണ്ടിൽ ഒൻപത് ഉപകരണങ്ങളുണ്ടായിരുന്നു. ചന്ദ്രയാൻ മൂന്നിൽ ഏഴ് ഉപകരണങ്ങൾ മാത്രമാണുള്ളത്. കൂടുതൽ സോളാർ പാനലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലാൻഡറിൽ കൂടുതൽ ഇന്ധനവും കരുതലുണ്ട്.

ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ വിജയത്തിൽ അഭിമാനത്തോടെ തലയുയർത്തുകയാണ് കേരളത്തിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ. കെൽട്രോൺ, കെ.എം.എം.എൽ, എസ്.ഐ.എഫ്.എൽ (സ്റ്റീൽ ആന്റ് ഫോർജിംഗ്സ് ലിമിറ്റഡ്) എന്നീ സ്ഥാപനങ്ങളാണ് ദൗത്യത്തിൽ പങ്കാളികളായത്.

41 ഇലക്ട്രോണിക്സ് മൊഡ്യൂൾ പാക്കേജുകൾ ഉൾപ്പെടെ കെൽട്രോണിൽ നിന്ന് നിർമ്മിച്ച് നൽകിയപ്പോൾ കെ .എം. എം. എല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണന്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

സ്റ്റീൽ ആന്റ് ഫോർജിങ്ങ്സ് ലിമിറ്റഡിൽ നിന്ന് ടൈറ്റാനിയം, അലൂമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ചു നൽകി. ലോകത്തിന് മുന്നിൽ ഇന്ത്യ അഭിമാനത്തോടെ നിൽക്കുമ്പോൾ, കേരളത്തിനും ഈ ദൗത്യത്തിൽ പങ്കാളികളായതിൽ അഭിമാനിക്കാനുണ്ട്.

Advertisment