/sathyam/media/post_attachments/XtMCd5ujdakSHvkm5ae6.jpg)
പൊന്നാനി: കെ റെയിൽ കേരളത്തിനു ചേരില്ലെന്നു താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. മാറ്റങ്ങൾ വരുത്തണമെന്നു മാത്രമാണ് താൻ പറഞ്ഞതെന്നും അങ്ങനെയെങ്കിൽ കെ റെയിൽ കൊണ്ടു ഗുണമുണ്ടാകുമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ പ്രഫ.കെ.വി. തോമസുമായി പൊന്നാനിയിലെ തന്റെ വീട്ടിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ശ്രീധരൻ. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ കെ റെയിൽ ഉൾപ്പെടെയുള്ള റെയിൽവേ പദ്ധതികൾ ചർച്ചയായതായി കെ.വി. തോമസ് പറഞ്ഞു.
എന്നാൽ രാഷ്ട്രീയകാര്യങ്ങളൊന്നും ചർച്ച ചെയ്തില്ല. ഹൈ സ്പീഡ്, സെമി സ്പീഡ് റെയിൽവേ പദ്ധതികളിൽ കേരളത്തിന് അനുയോജ്യമായതേത് എന്നതടക്കം വിവിധ വിഷയങ്ങൾ പങ്കുവച്ചു. ഇതു സംബന്ധിച്ച് ഒരു കുറിപ്പ് തയാറാക്കി നൽകാമെന്നു ഇ. ശ്രീധരൻ അറിയിച്ചിട്ടുണ്ട്.
കെ റെയിൽ കേരളത്തിൽ ഏതു രീതിയിൽ പ്രാവർത്തികമാക്കണമെന്നതു സംബന്ധിച്ച നിർദേശങ്ങൾ അടങ്ങുന്ന കുറിപ്പാണ് നൽകുക. കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറും. തുടർന്നു മുഖ്യമന്ത്രിയായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും കെ.വി. തോമസ് അറിയിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ഇരുവരുടെയും ചർച്ച.