കൊച്ചി: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലുറച്ച് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. ബിഷപ്പിന്റെ പ്രസംഗത്തിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ച് ദീപിക ദിനപത്രം. പാലാ ബിഷപ്പിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് പത്രത്തിന്റെ മുഖപ്രസംഗവും.
‘അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ബിഷപ്പ് മാർ ജസോഫ് കല്ലറങ്ങാട്ട് പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. മറ്റു മതങ്ങളോടുള്ള എതിര്‍പ്പുകൊണ്ടല്ല കല്ലറങ്ങാട് പറഞ്ഞതെന്നും മുഖപ്രസംഗം ന്യായീകരിക്കുന്നു.
പിണറായിക്കും വി ഡി സതീശനും പി ടി തോമസിനുമെതിരെ രൂക്ഷ വിമർശനവുമുണ്ട്. വിമർശിച്ചുവന്ന രാഷ്ട്രീയ നേതാക്കളുടെ ലക്ഷ്യം വോട്ടുബാങ്കിലാണെന്നാണ് ആരോപണം. മാധ്യമങ്ങള്‍ക്കും ഹിഡൻ അജണ്ടയുണ്ടെന്നാണ് ആരോപണം. മത സൗഹാർദ്ദത്തിന്‍റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് ആരെന്നും മുഖപ്രസംഗം ചോദിക്കുന്നു.
കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തേണ്ടത് പോലിസിന്‍റെ ജോലിയാണ്. ജസ്നയുടെ തിരോധാനത്തില്‍ എന്തുകൊണ്ട് പോലീസ് ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്നും ദീപിക ചോദിക്കുന്നു. സഭയുടെ ആശങ്കയാണ് വിശ്വാസികളോട് പങ്കുവെച്ചത്, നിമിഷ, സോണിയ, മെറിന്‍ എന്നിവര്‍ ലൗ ജിഹാദ് ഉണ്ടോയെന്ന ചോദ്യത്തിന് തെളിവാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
മത സൗഹാര്‍ദം ക്രൈസ്തവ സമൂഹം എന്നും പിന്തുടരുന്നുണ്ടെന്നും തൊടുപുഴ കൈവെട്ടുകേസില്‍ സംയമനം പാലിച്ചത് അതുകോണ്ടാണെന്നുമാണ് വാദം. സിഎംഐ വൈദികന്റെ ലേഖനവും പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം ബിഷപ്പിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപവും എഡിറ്റ് പേജില്‍ നൽകിയിട്ടുണ്ട്.