Advertisment

കേരളത്തിലെ വ്യാപാരികൾ അങ്കലാപ്പിൽ.! കൊവിഡും ഒമിക്രോണും വീണ്ടും കടകൾ അടപ്പിയ്ക്കുമോ.?

New Update

publive-image

Advertisment

കൊച്ചി. ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലാം തീയതി, അതായത്, കൊവിഡ്    വ്യാപനത്തിന്റെ  രണ്ടാമത്തെ  ലോക്ഡൗൺ അവസാനിയ്ക്കുന്നതിന് തൊട്ട് തലേദിവസത്തെ എറണാകുളം മാർക്കറ്റിന്റെയും ബ്രോഡ് വേ യുടെയും എംജി റോഡിന്റെയും ദൃശ്യങ്ങൾ ആണ് ഈ കാണുന്നത്.

ആളുകൾക്ക് നടന്ന് പോകാൻ പോലും കഴിയാത്ത വിധം തിരക്കായിരുന്ന ഈ  വഴികൾ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം  ചലനരഹിതമായി. വിജനമായ ബ്രോഡ് വേ, മാർക്കറ്റ് റോഡ്, ആളൊഴിഞ്ഞ തിയേറ്ററുകൾ, കടകൾ താഴിട്ട എംജി റോഡ് അങ്ങനെ എല്ലാ ഇടങ്ങളിലും, കച്ചവടക്കാരുടെ സ്വപ്നങ്ങൾ അടഞ്ഞുകിടക്കുന്ന കാഴ്ച കരളിനെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. രാജ്യത്തെ യുവജനതയുടെ മൊബൈൽ ഫോൺ തീർത്ഥാടന കേന്ദ്രവും മൊബൈൽ ഫോൺ കച്ചവടക്കാരുടെ ഹബ്ബും ആയ പെന്റാമേനക നിസ്സംഗതയോടെ നിൽക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.
publive-image
ഇതുപോലെ അടഞ്ഞുകിടക്കുന്ന കടകളും, ആളും ആരവവും ഒഴിഞ്ഞ തെരുവുകളും കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും കൊവിഡ് കാലത്ത് ലോക്ഡൗൺ സമയങ്ങളിൽ കാണാമായിരുന്നു. രാജ്യത്തെ  ചലനാത്മകമാക്കി പോന്നിരുന്ന, ചെറുതും വലുതുമായ നഗരങ്ങളിലെയും, ഗ്രാമങ്ങളിലെയും ജനങ്ങളുടെ തുടിപ്പുകൾ ആയിരുന്ന ഈ വ്യാപാരസ്ഥാപനങ്ങൾ മാസങ്ങളോളം അടഞ്ഞുകിടന്നപ്പോൾ വ്യാപാരികളുടെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് അന്വേഷിച്ച് വരാൻ ആരും ഇല്ലായിരുന്നു.
സ്തംഭിപ്പിയ്ക്കും സ്തംഭിപ്പിയ്ക്കും കേരളമാകെ സ്തംഭിപ്പിയ്ക്കും എന്ന് മുഷ്ടി ചുരുട്ടി ആക്രോശിച്ചവരുടെ  അഹന്തയെയും ധാർഷ്ട്യത്തെയും തോൽപിയ്ക്കാനെന്നവണ്ണം ഒരു കുഞ്ഞൻ വൈറസ് അവതാരമെടുത്തപ്പോൾ കേരളം മാത്രമല്ല സ്തംഭിച്ചത്, ലോകം മുഴുവൻ സ്തംഭിച്ചു പോയി. അത് ഒരു ദിവസം അല്ല, ആഴ്ചകളോളം, മാസങ്ങളോളം. ലോകത്ത് എവിടെയെങ്കിലും ഒരു പ്രശ്നമുണ്ടായാൽ കേരളത്തിലെ വ്യാപാരികൾക്ക് കിടക്കപ്പൊറുതിയില്ല. അതും പോരാഞ്ഞ് ഇതാ കൊവിഡ് വക നിത്യ ഹർത്താലും .
publive-image
തെരുവോരങ്ങളിൽ, എന്നും ഉത്സവ പ്രതീതി സൃഷ്ടിക്കുന്ന  ഈ വ്യാപാര സ്ഥാപനങ്ങൾ ജനജീവിതത്തെ ഉത്തേജകമാക്കുന്നതായിരുന്നു. അവ പ്രദർശിപ്പിക്കുന്ന വർണ്ണക്കാഴ്ചകൾ മനസ്സിനെ കുളിർപ്പിച്ചു. രാത്രിയെ പകലാക്കി അവർ തെളിയ്ക്കുന്ന വെളിച്ചം വീഥികളെ പ്രകാശപൂരിതമാക്കി. അടുക്കിലും ചിട്ടയിലും പ്രദർശിപ്പിയ്ക്കുന്ന കച്ചവട ചരക്കുകൾ ആളുകൾക്ക് ഒരു കാഴ്ച തന്നെ ആയിരുന്നു.
വ്യാപാരസ്ഥാപനങ്ങൾ തെളിയ്ക്കുന്ന വിളക്കുകൾ ജനങ്ങൾക്ക്  രാത്രിയിൽ വഴി കണ്ട് സഞ്ചരിയ്ക്കാൻ ഉപകാരപ്പെട്ടു. ആ ഒരു സേവനമെങ്കിലും കണക്കിലെടുത്ത്  വ്യാപാരസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് സർക്കാർ ഇരട്ടി ചാർജ്ജ് ഈടാക്കരുതായിരുന്നു.
publive-image
ലക്ഷക്കണക്കിന് ആളുകളുടെ സ്വയം തൊഴിലും വരുമാനവും ജീവിതവും എല്ലാം ഈ വ്യാപാരസ്ഥാപനങ്ങൾ ആണ്. അതിലും എത്രയോ ഇരട്ടി ആളുകൾക്ക് തൊഴിൽ ദാതാവും ആണ്. അതുവഴി വലിയൊരു സാമൂഹിക പ്രതിബദ്ധത ഏറ്റെടുത്ത് നടപ്പാക്കുന്നതിൽ സർക്കാരിന് ഒരു കൈത്താങ്ങായി നിൽക്കുന്ന ഇവർ നികുതി ഇനത്തിൽ കോടികളാണ് ഖജനാവിലേയ്ക്ക് ഒഴുക്കുന്നത്.
വ്യാപാരികൾക്ക് ഏത് തരത്തിലുള്ള സഹായമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിയ്ക്കുന്നത്. കാലഹരണപ്പെട്ട നിയമങ്ങൾ ഈമേഖലയിൽ നിന്ന് തൂത്തെറിയേണ്ട സമയം എന്നേ കഴിഞ്ഞതാണ്. കടം വാങ്ങിയും വസ്തു വിറ്റും പണയപ്പെടുത്തിയും ഭാര്യയുടെ താലി വിറ്റും അതിജീവനത്തിനായി ഒരു സംരംഭം ആരംഭിയ്ക്കാനിറങ്ങുമ്പോഴാണ് കേരളത്തിലെ വ്യാപാരനിയമങ്ങൾ വലവിരിയ്ക്കുന്നത്.
publive-image
വലിയ തുക അഡ്വാൻസും വാടകയും  കൊടുത്തിട്ടാണല്ലൊ പലരും വ്യാപാരാവശ്യത്തിന് മുറികളോ കെട്ടിടങ്ങളോ എടുക്കുന്നത്. ദിവസവും പന്ത്രണ്ട് മുതൽ പതിനഞ്ച് മണിയ്ക്കൂർ വരെ കട തുറന്നു പ്രവർത്തിയ്ക്കുന്നവരുണ്ട്. ഇതിനിടയിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിലോ വീട്ടിലെ കാര്യങ്ങളിലോ വേണ്ടത്ര ശ്രദ്ധ കൊടുക്കാനും പറ്റത്തില്ല. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിവാഹത്തിനോ മറ്റ് ചടങ്ങുകൾക്കോ കുടുംബാംഗങ്ങളോടൊത്ത് പങ്കെടുക്കാൻ സാധിയ്ക്കാറുമില്ല.
ഭീമമായ അഡ്വാൻസും മുറിവാടകയും കറണ്ട് ചാർജ്ജും ജിഎസ്ടിയും ഒരു വശത്ത്, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ വമ്പൻ സൂപ്പർ മാർക്കറ്റുകളും ഓൺലൈൻ കച്ചവടക്കാരും മറ്റൊരു വശത്ത്.
ഇതിനിടയിൽ ആണ് വഴിയോര കച്ചവടക്കാരുടെ കടന്നു കയറ്റം. പകിടിയും വാടകയും ജിഎസ്ടിയും കറണ്ട് ചാർജ്ജും തൊഴിൽ നികുതിയും തുടങ്ങി എല്ലാ നൂലാമാലകളുടെയും പുറകെ തൂങ്ങി നടക്കുന്ന വ്യാപാരികൾക്ക്, ഇതൊന്നും ബാധകമല്ലാത്ത വഴിയോര കച്ചവടക്കാരുടെ ബാഹുല്യം വലിയ ഭീഷണിയായി തുടരുന്നു  .
കൂടാതെ നാട്ടിലെ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും
ക്ലബ്ബുകളുടെ വാർഷികത്തിനും മറ്റ് ആഘോഷങ്ങൾക്കും രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾക്കും കച്ചവടക്കാർ കൈ അയച്ച് സഹായിയ്ക്കുകയും വേണം.
നാൾക്കുനാൾ കച്ചവടം കുറയുന്നതല്ലാതെ ഒരു പുരോഗതിയും വളർച്ചയും ഉണ്ടാകുന്നില്ല. അറിയാവുന്ന ഒരു തൊഴിൽ ഇതായിപ്പോയി. മക്കളെ എന്തായാലും ഈ കച്ചവടത്തിൽ ചേർക്കുന്നില്ല. തൃപ്പൂണിത്തുറയിലെ ചില വ്യാപാരികൾ പറഞ്ഞു.
publive-image
2018 ലെ പ്രളയം മുതൽ ഇന്നുവരെ കേരളത്തിന്, പ്രത്യേകിച്ച് കച്ചവടക്കാർക്ക് കഷ്ടനഷ്ടങ്ങൾ ആയിരുന്നു. കൊവിഡും അതിന്റെ വകഭേദമായ ഒമിക്രോണും ഒന്നിച്ചാണ് ഇപ്പോൾ ആക്രമിയ്ക്കാൻ വരുന്നത്. ഇതെത്രമാത്രം ഭീകരമാണന്ന് കണ്ടറിയാൻ പോവുകയാണ്. കച്ചവടക്കാരുടെ നെഞ്ചിടിപ്പ് കൂടിവരികയാണ് എന്ന് ബ്രോഡ് വേ യിലും മാർക്കറ്റിലും വർഷങ്ങളായി കച്ചവടം ചെയ്യുന്നവർ പറയുന്നു.
കോടികൾ കടമെടുത്ത് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താൽ ദൃശ്യ,ശ്രവണ മിഴിവോടെ പ്രേക്ഷകരെ രസിപ്പിച്ചു പോന്ന മൾട്ടിപ്ലെക്സുകളും തിയേറ്റർ കോംപ്ലക്സുകളും പൂട്ടിയിട്ടപ്പോൾ ഉണ്ടായ നഷ്ടം ആരു നികത്താനാണ്.
പൂട്ടിക്കിടക്കുന്ന കല്യാണ മണ്ഡപങ്ങളും ഓഡിറ്റോറിയങ്ങളും, തകർന്നുപോയ കാറ്ററിംഗ് വ്യവസായം, നശിച്ച് പോയ ടൂറിസ്റ്റ് ബസ്സുകളും കടംകയറിയ ടൂറിസ്റ്റ് ബസ്സുടമകളും, ഷെഡ്ഡിൽ കയറ്റിയിടേണ്ടിവന്ന ലൈൻ ബസ്സുകളും ആ മേഖലയിലെ വ്യവസായികളും, ടാക്സിയും ഓട്ടോയും ഓടിച്ചു അന്നന്നത്തെ ആവശ്യത്തിനുള്ള വക കണ്ടെത്തുന്നവർ, അങ്ങനെ ഒരു സമൂഹത്തെ മുഴുവൻ വ്യത്യസ്തമായ സംരംഭങ്ങൾ കൊണ്ട് ഊർജ്ജസ്വലരാക്കിയവർ എല്ലാവരും തന്നെ കടത്തിലും സങ്കടക്കടലിലുമായിപ്പോയി.
കേരളത്തിലെ വ്യവസായികളും അടച്ചു പൂട്ടലിന്റെ ഭീഷണിയിൽ പെട്ടിരിയ്ക്കുകയാണ്. "വ്യവസായ ശാലകളിൽ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥ ആലോചിയ്ക്കാൻ കൂടി കഴിയുന്നില്ല. ഇന്ധനവില വർദ്ധനവിന് ആനുപാതികമായി ഉത്പന്നങ്ങൾക്ക് വിലകൂട്ടാൻ കഴിയാത്ത സ്ഥിതിയിൽ ഉൽപാദനം വർദ്ധിപ്പിച്ച് പിടിച്ചു നിൽക്കാമെന്നു വച്ചാൽ ഏത് നിമിഷവും ലോക്ഡൗൺ പ്രഖ്യാപിയ്ക്കാൻ സാദ്ധ്യത ഉള്ളതു കൊണ്ട് അതിനും കഴിയുന്നില്ല.കടകൾ തുറന്നാൽ മാത്രമല്ലേ സാധനങ്ങൾ വിറ്റു പോവുകയുള്ളൂ". ആലുവയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു വ്യവസായി ഇങ്ങനെയാണ് പ്രതികരിച്ചത്.
എറണാകുളം ജില്ലയുടെ എല്ലാ മേഖലകളിലും ഉള്ള വ്യാപാരികൾക്ക് പറയാനുള്ളത് ഇതാണ്. ഇത് കേരളത്തിലെ മൊത്തം വ്യാപാരികളുടെയും അഭിപ്രായം കൂടിയാണ് എന്ന് എറണാകുളത്തെ ഒരു പ്രമുഖ വസ്ത്ര വ്യാപാരി പറഞ്ഞു. ഇനിയൊരു ലോക്ഡൗൺ കേരളത്തിലുണ്ടായാൽ ഇവിടെ ഒരു കച്ചവടക്കാരനും ഉണ്ടാകാനിടയില്ല.ഇപ്പോൾത്തന്നെ അനേകായിരം കച്ചവടക്കാർക്ക് കടകൾ പൂട്ടേണ്ടിവന്നു. കടകളിൽ ജോലി ചെയ്തിരുന്നവരുടെ സ്ഥിതി ഇതിലും പരിതാപകരമല്ലേ. അവരുടെ കുടുംബം എങ്ങനെ ജീവിക്കും? പൊതുജനങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറിയാൽ ലോക്ഡൗൺ ഒഴിവാക്കാൻ കഴിയും.  കച്ചവടക്കാരെ ലോക്ഡൗണിന്റെ  പേരിൽ ഇനിയും കഷ്ടപ്പെടുത്തരുതെന്ന അപേക്ഷയെ സർക്കാരിനോട് ഞങ്ങൾക്ക് ഉള്ളൂ.
Advertisment