സഫലമായ ജീവിതത്തിന്റെ സ്മരണകളുണര്‍ത്തുന്ന 'ഹൃദയരാഗങ്ങള്‍' എന്ന ആത്മകഥയിലൂടെ ഡോ. ജോര്‍ജ് ഓണക്കൂറിനെ തേടിയെത്തുന്നത് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ! ജീവിതാനുഭവങ്ങളാല്‍ സമ്പന്നമായ ആത്മകഥയിലൂടെ ഓണക്കൂറിന് ലഭിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരം. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് ആശംസകള്‍ നേര്‍ന്ന് സാംസ്‌ക്കാരിക കേരളം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സഫലമായ ഒരു ജീവിതത്തിന്റെ മധുരമായ സ്മരണകള്‍ തന്നെയായിരുന്നു ഡോ. ജോര്‍ജ് ഓണക്കൂറിന്റെ ആത്മകഥ 'ഹൃദയരാഗങ്ങള്‍'. നോവലിസ്റ്റ്, കഥാകൃത്ത്, സഞ്ചാരസാഹിത്യകാരന്‍, ജീവചരിത്രകാരന്‍, തിരക്കഥാകൃത്ത്, സാഹിത്യവിമര്‍ശകന്‍, ഗവേഷകന്‍, കോളജ് അധ്യാപകന്‍ തുടങ്ങിയ ജീവിത പന്ഥാവിലെ ഓരോ പടികളും കയറിയിറങ്ങിയ ഓരോ സംഭവവും അദ്ദേഹം അതില്‍ വിവരിച്ചുകാട്ടുകയായിരുന്നു.

Advertisment

ഓണക്കൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച്, ജീവിതത്തിന്റെ വിവിധ തുറകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ആത്മകഥ ജീവിതാനുഭവങ്ങളാല്‍ സമ്പന്നമാണ്. ഈ ആത്മകഥയെ തേടിയാണ് ഇക്കുറി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം എത്തുന്നത്. അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെ.

മലയാളത്തിലെ ആദ്യത്തെ ക്യാംപസ് സിനിമയായ ഉള്‍ക്കടല്‍ ഓണക്കൂറിന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. ഇന്ദിരാഗാന്ധി ജന്മശതാബ്ദി പുരസ്‌കാരം, തകഴി അവാര്‍ഡ്, യമനം എന്ന ചലച്ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയില്‍ ലഭിച്ച പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ക്ക് ഓണക്കൂര്‍ അര്‍ഹനായിട്ടുണ്ട്.

1980ലും 2004ലും കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, 2006ല്‍ തകഴി അവാര്‍ഡ്, 2009ല്‍ കേശവദേവ് സാഹിത്യ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഡോ. ജോര്‍ജ് ഓണക്കൂര്‍ സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്‍മാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അകലെ ആകാശം, ഇല്ലം, ഉള്‍ക്കടല്‍, ഉഴവുചാലുകള്‍, എഴുതാപ്പുറങ്ങള്‍, കല്‍ത്താമാര, കാമന, സമതലങ്ങല്‍ക്കപ്പുറം, ഹൃദയത്തില്‍ ഒരു വാള്‍(നോവല്‍), നായക സങ്കല്പം മലയാളനോവലില്‍(ഗവേഷണം), ഞാന്‍ ഒരു കൈയൊപ്പ് മാത്രം, നാട് നീങ്ങുന്ന നേരം, നാലു പൂച്ചക്കുട്ടികള്‍, പ്രണയകഥകള്‍(ചെറുകഥ), അടരുന്ന ആകാശം, എന്റെ സഞ്ചാരകഥകള്‍, ഒലിവുമരങ്ങളുടെ നാട്ടില്‍(യാത്രാവിവരണം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ഏക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യയുടെ( കോം ഇന്ത്യ) സെല്‍ഫ് റെഗുലേറ്ററി ബോഡിയായ ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലീഴേസ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സിലിന്റെ (ഐഡിപിസിജിസി) അംഗം കൂടിയാണ് ഡോ. ജോര്‍ജ് ഓണക്കൂര്‍. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് ഹൃദയം നിറഞ്ഞ ആശംസകള്‍.

Advertisment