എല്‍ജെഡി പിളര്‍പ്പിലേക്ക് ! വിമത വിഭാഗം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ഷെയ്ഖ് പി ഹാരിസിനോടും മറ്റ് എട്ടു നേതാക്കളോടും ശ്രേയാംസ് വിഭാഗം ! സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയണമെന്ന ആവശ്യം തള്ളിയതായി എംവി ശ്രേയാംസ്‌കുമാര്‍. ഏക എംഎല്‍എയുടെ പിന്തുണ ശ്രേയാംസ് വിഭാഗത്തിന്. അച്ചടക്കലംഘനം നടത്തിയവരെ പുറത്താക്കാന്‍ നേതൃയോഗത്തില്‍ തീരുമാനം ! എല്‍ജെഡിയിലെ ഭിന്നതയില്‍ എല്‍ഡിഎഫിനും അതൃപ്തി

New Update

publive-image

കോഴിക്കോട് : വിമതപക്ഷത്തിനെതിരെ എംവി ശ്രേയാംസ്‌കുമാര്‍ പക്ഷം നിലപാട് കടുപ്പിച്ചതോടെ എല്‍ജെഡി പിളര്‍പ്പിലേക്ക്. തിരുവനന്തപുരത്ത് വിമത യോഗം ചേര്‍ന്നവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഇന്നു ചേര്‍ന്ന എല്‍ജെഡി നേതൃയോഗത്തില്‍ തീരുമാനമായി. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രന്‍ പിള്ള എന്നിവരടക്കം ഒമ്പത് പേര്‍ക്കാണ് നോട്ടീസ് നല്‍കുക.

Advertisment

ഈ നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം പാര്‍ട്ടി നേതൃത്വത്തിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഇതു ലംഘിച്ചാല്‍ നടപടിയുണ്ടാകും. ഇതോടെ തിങ്കളാഴ്ചയോടെ പാര്‍ട്ടിയില്‍ പിളരുമെന്ന് ഉറപ്പാണ്. പുറത്താകുന്ന വിഭാഗം ജെഡിഎസില്‍ ലയിക്കുമോയെന്നു തീരുമാനമായിട്ടില്ല.

ഇന്നു സംസ്ഥാന അധ്യക്ഷന്‍ അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാറിന്റെ അധ്യക്ഷതയില്‍ കോഴിക്കോടാണ് നേതൃയോഗം ചേര്‍ന്നത്. അച്ചടക്ക ലംഘനം നടത്തിയവര്‍ തെറ്റുതിരുത്തി വന്നാല്‍ അവര്‍ക്കുമുന്നില്‍ പാര്‍ട്ടി വാതില്‍ അടയ്ക്കില്ല. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് നടന്നത്. വിമതയോഗവും അതിനുശേഷം നടന്ന വാര്‍ത്താ സമ്മേളനവും പാര്‍ട്ടി ശക്തമായി അപലപിക്കുന്നു. വിമത പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല. പാര്‍ട്ടിയെ തളര്‍ത്താനല്ല, വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

അതേസമയം ഇന്ന് സംസ്ഥാന അധ്യക്ഷ സ്ഥാനം ശ്രേയാംസ് കുമാര്‍ ഒഴിയണമെന്നായിരുന്നു വിമത നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യവും യോഗം തള്ളിയതായി ശ്രേയാംസ് കുമാര്‍ പറഞ്ഞു.

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജിന്റെയും പാര്‍ട്ടിയുടെ ഏക എംഎല്‍എ കെപി മോഹനന്റെയും പിന്തുണ വിമതനേതാക്കള്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും തങ്ങള്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പമാണെന്ന് ഇരുവരും വ്യക്തമാക്കി. ഇതോടെ ഷെയ്ഖ് പി ഹാരിസ് അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് ഉറപ്പായി കഴിഞ്ഞു.

എല്‍ഡിഎഫിലെ മറ്റൊരു ഘടകകക്ഷികൂടി ആഭ്യന്തര പ്രശ്‌നങ്ങളില്‍ പെട്ട് മുന്നണിക്ക് നാണക്കേടുണ്ടാക്കുന്നതില്‍ എല്‍ഡിഎഫില്‍ കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം എല്‍ജെഡി നേതൃത്വത്തെ സിപിഎം അറിയിച്ചുവെന്നാണ് സൂചന.

Advertisment