Advertisment

സതീശനെതിരായ വിജിലൻസ് അന്വേഷണം ഉണ്ടയില്ലാ വെടി. പ്രളയത്തിൽ തകർന്ന 217 വീടുകൾ നിർമ്മിക്കാൻ വിദേശമലയാളികളുടെയടക്കം സഹായം നേടിയെടുത്തു. സർക്കാർ പണം നഷ്ടമായില്ല, പണംനൽകിയവർക്ക് പരാതിയില്ല, പുന‌ർജനി പദ്ധതിക്ക് സ്വന്തമായി അക്കൗണ്ട് പോലുമില്ല. അഴിമതി നിരോധനനിയമത്തിന്റെ പരിധിയിൽ വരില്ല. വീണ്ടും കുത്തിപ്പൊക്കിയത് മുൻപ് സ‌ർക്കാരും സ്പീക്കറും ഹൈക്കോടതിയും സി.ബി.ഐയും തള്ളിയ പരാതി

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ വിജിലൻസ് അന്വേഷണം ഉണ്ടയില്ലാ വെടിയായി മാറാനാണ് എല്ലാ സാദ്ധ്യതയും. 2018ലെ മഹാപ്രളയത്തിൽ പറവൂർ മണ്ഡലത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ പുനർജനി എന്ന പദ്ധതിയിലൂടെ വിദേശ മലയാളികളിൽ നിന്നടക്കം സതീശന്റെ നേതൃത്വത്തിൽ പണം സ്വരൂപിച്ചു എന്ന പരാതിയിലാണ് അന്വേഷണം.

217 വീടുകളാണ് പറവൂരിൽ ഈ പദ്ധതിയിൽ നിർമ്മിച്ചു നൽകിയത്. ഒരു വിദേശമലയാളി നിർമ്മിച്ചു നൽകിയ 25 വീടുകളുടെ താക്കോൽദാനം നിർവഹിച്ചത് മുഖ്യമന്ത്രി തന്നെയാണ്. വീട് മാത്രമല്ല, പ്രളയബാധിത കുടുംബങ്ങളിലെ വനിതകൾക്ക് തയ്യൽ മെഷീനടക്കം ജീവനോപാധികളും നൽകാൻ പുനർജനി പദ്ധതിയിലൂടെ കഴിഞ്ഞു.

വിദേശത്തു നിന്ന് പണം സ്വീകരിച്ചതിലും ഇവിടെ ചെലവഴിച്ചതിലുമടക്കം വമ്പൻ അഴിമതിയെന്ന ചാലക്കുടി കാതികുടം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ജയ്സൺ പാനികുളങ്ങരയുടെ പരാതിയിലാണ് അമേരിക്കൻ യാത്രയ്ക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ സതീശനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്നാൽ ഇതേ പരാതി മുൻപ് ഒരുവട്ടം ആഭ്യന്തര വകുപ്പും നിയമസഭാ സ്പീക്കറും തള്ളിയതാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും തള്ളിക്കളഞ്ഞതാണ്. ഇങ്ങനെയൊരു പരാതി സി.ബി.ഐ അന്വേഷിക്കേണ്ട കാര്യമില്ലന്ന് അവരും കോടതിയെ അറിയിച്ചതാണ്.

പുന‌ർജനി പദ്ധതിയെക്കുറിച്ച് നിയമസഭയിൽ വമ്പൻ ആരോപണങ്ങളുണ്ടായതാണ്. ലണ്ടനിലെ ബർമ്മിംഗ്ഹാമിൽ വിദേശ മലയാളികൾ 500 പൗണ്ട് വീതം നൽകണമെന്ന് സതീശൻ അഭ്യർത്ഥിക്കുന്നതെന്ന പേരിൽ ഒരു സി.ഡി ഭരണപക്ഷം നിയമസഭയുടെ മേശപ്പുറത്ത് വച്ചിരുന്നു.

ഇത് താൻ ഫേസ്ബുക്കിൽ നടത്തിയ അഭ്യ‌ർത്ഥനയാണെന്നാണ് സതീശൻ വിശദീകരിച്ചത്. ഇതെല്ലാം പരിഗണിച്ച ശേഷമാണ് സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണൻ സതീശനെതിരേ അന്വേഷണത്തിനുള്ള വിജിലൻസ് ആവശ്യം നേരത്തേ തള്ളിയത്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടായിരുന്നു ആഭ്യന്തര വകുപ്പ് തള്ളിയത്.

പുനർജനി പദ്ധതിയെക്കുറിച്ച് നിയമസഭയിൽ സതീശൻ വിശദീകരിച്ചത് ഇങ്ങനെയാണ്- പ്രളയത്തിൽ ഏറ്റവുമധികം വീടുകൾ തകർന്ന പറവൂരിൽ വീടുനിർമ്മാണത്തിന് സ്വദേശത്തും വിദേശത്തുമുള്ള മലയാളികൾ സഹായിച്ചു. വിദേശമലയാളി നൽകിയ 25വീടുകളുടെ താക്കോൽ നൽകിയത് മുഖ്യമന്ത്രിയാണ്.

പുനർജനിക്ക് അക്കൗണ്ട് പോലുമില്ല. വിദേശത്തോ സ്വദേശത്തോ നിന്ന് ഒരുരൂപപോലും വാങ്ങാതെ പുനർജനി ഫെസിലിറ്റേറ്ററായി നിന്നുകൊണ്ട് വീടുകൾ നിർമ്മിച്ചതാണ്. പണം നൽകുന്നവർ നേരിട്ട് വീട് നിർമ്മിക്കുമെങ്കിൽ അങ്ങനെ ചെയ്യും. അല്ലെങ്കിൽ പ്രാദേശികമായി കരാറുകാരുടെ പാനലുണ്ടാക്കി അവരെ ഏൽപ്പിക്കും. ആദ്യപരാതി കഴമ്പില്ലെന്നുകണ്ട് ആഭ്യന്തരവകുപ്പ് തള്ളി. സ്പീക്കർ ഫയൽ തിരിച്ചയച്ചു. അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ പറഞ്ഞു.

ഹൈക്കോടതി സിംഗിൾ, ഡിവിഷൻ ബഞ്ചുകളും പരാതി തള്ളിയതാണ്. സതീശനെതിരായ അന്വേഷണത്തിന് അഴിമതിനിരോധന നിയമത്തിലെ ചട്ടം17(എ) പ്രകാരം പ്രാഥമിക അന്വേഷണത്തിന് സ്പീക്കറുടെ അനുമതി തേടിയെങ്കിലും രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ഫയൽ വിജിലൻസിന് തിരിച്ചയച്ചെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

കേന്ദ്രസർക്കാർ പ്രതിപക്ഷത്തെ നേതാക്കളെ ഇ.ഡിയെഉപയോഗിച്ച് പൂട്ടുന്നതുപോലെ ഇവിടെ വിജിലൻസിനെ ദുരുപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാരിനെതിരായ എ.ഐ ക്യാമറ, കെ-ഫോൺ വിവാദങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും കോൺഗ്രസ് ആരോപിച്ചു.

ബ്രിട്ടണിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം വിജിലൻസ് എങ്ങനെ അന്വേഷിക്കും എന്നതിലും വ്യക്തതയില്ല. അനുമതിയില്ലാതെ വിദേശസംഭാവന സ്വീകരിച്ചെങ്കിൽ ഒരു കോടി രൂപയിൽ താഴെയാണെങ്കിൽ ക്രൈംബ്രാഞ്ചും, അതിനു മുകളിലാണെങ്കിൽ സി.ബി.ഐയുമാണ് അന്വേഷിക്കേണ്ടത്.

അനധികൃതമായി വിദേശത്തുനിന്ന്‌ കോടികൾ പിരിച്ചെങ്കിലും ഈ തുക ഉപയോഗിച്ച്‌ വീടുകൾ നിർമിച്ചില്ലെന്നാണ് പരാതിയിലെ ആരോപണം. സന്നദ്ധസംഘടനകളും സ്വകാര്യവ്യക്തികളും സ്‌പോൺസർ ചെയ്ത തുക ഉപയോഗിച്ച്‌ നിർമിച്ച വീടുകൾക്ക്‌ പുനർജനി എന്ന്‌ പേര്‌ നൽകിയെന്നും പണം മുടക്കിയ ലയൻസ്‌ ക്ലബ് പുനർജനി ബോർഡ്‌ വയ്ക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നുവെന്നും പരാതിക്കാർ പറയുന്നു.

‘‘നിങ്ങൾ ഓരോരുത്തരും 500 പൗണ്ട്‌ നൽകുമ്പോൾ അഞ്ചു കുടുംബങ്ങളിൽ ഓരോ തയ്യൽ മെഷീൻ നൽകാനാണ്‌ അതുപയോഗിക്കുക. ഗുണഭോക്താക്കളെ തദ്ദേശസ്ഥാപനങ്ങളാണ്‌ തെരഞ്ഞെടുക്കുക ’’- ഇതാണ് ഭരണപക്ഷാംഗമായിരുന്ന ജെയിംസ് മാത്യു നിയമസഭയിൽ വച്ച സി.ഡിയിലുണ്ടായിരുന്നത്. ഇതിന്റെ പേരിൽ എങ്ങനെ വിജിലൻസ് കേസെടുക്കുമെന്ന ചോദ്യവും പ്രസക്തമാണ്.

എംഎൽഎയായിരുന്ന കാലഘട്ടത്തിൽ വി.ഡി. സതീശൻ 81 തവണ വിദേശയാത്ര നടത്തിയെന്ന‌ും ജെയിംസ് മാത്യു സഭയിൽ ആരോപിച്ചിരുന്നു. ആരെങ്കിലുമൊക്കെ എഴുതി തന്നത് ഇവിടെ വന്ന് വായിക്കരുതെന്നായിരുന്നു സതീശന്റെ മറുപടി. ജീവിതത്തിൽ ഇതുവരെ നടത്തിയ വിദേശയാത്രകൾ എല്ലാമെടുത്താലും ഈ പറഞ്ഞ നമ്പർ വരില്ലെന്നും സംശയമുണ്ടെങ്കിൽ പാസ്പോർട്ട് പരിശോധിക്കാമെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

Advertisment