ജൂലൈയിൽ കേരളത്തിന് പുതിയ ചീഫ്സെക്രട്ടറിയും ഡി.ജി.പിയും വരും. വി.പി ജോയിയും അനിൽകാന്തും പദവിയൊഴിയുന്നു. ആഭ്യന്തര സെക്രട്ടറി ഡോ.വി വേണു പുതിയ ചീഫ്സെക്രട്ടറിയാവും. ഡി.ജി.പിയെ തിരഞ്ഞെടുക്കാനുള്ള യു.പി.എസ്.സി യോഗം 19ന്. ജനകീയനായ വേണു ചീഫ്സെക്രട്ടറിയാവുമ്പോൾ ഉദ്യോഗസ്ഥ സംവിധാനം മെച്ചപ്പെടും.

New Update

publive-image

Advertisment

തിരുവനന്തപുരം: അടുത്ത മാസം കേരളത്തിന് പുതിയ ചീഫ്സെക്രട്ടറിയും ഡി.ജി.പിയുമായിരിക്കും. ചീഫ്സെക്രട്ടറി വി.പി. ജോയിയും ഡിജിപി അനിൽകാന്തും ഈ മാസം സ്ഥാനമൊഴിയും. നിലവിലെ ആഭ്യന്തര സെക്രട്ടറി ഡോ.വി.വേണു ചീഫ്സെക്രട്ടറിയാവും.

പോലീസ് മേധാവിയെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരാണെങ്കിലും അതിനുള്ള മൂന്നംഗ പാനൽ തയ്യാറാക്കി നൽകേണ്ടത് യു.പി.എസ്.സിയാണ്. ഇതിനുള്ള യോഗം 19ന് ഡൽഹിയിൽ ചേരും. ഈ പാനലിൽ നിന്നൊരാളെ ഡിജിപിയായി സംസ്ഥാന സർക്കാരിന് നിയമിക്കാം.

ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനെ ചീഫ് സെക്രട്ടറിയാക്കാനാണ് സർക്കാരിന് താത്പര്യം. വേണുവിനെക്കാൾ സീനിയോറിറ്റിയുള്ളവർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നും മടങ്ങാൻ സാദ്ധ്യതയില്ലാത്തതിനാലാണ് വേണുവിനെ പരിഗണിയ്ക്കുന്നത്.

അടുത്ത വർഷം ജനുവരി വരെ സർവീസുള്ള ഗ്യാനേഷ് കുമാർ കേന്ദ്രസർക്കാരിൽ പാർലമെന്ററികാര്യ സെക്രട്ടറിയാണ്. അദ്ദേഹം കേരളത്തിലേക്ക് മടങ്ങാൻ സാദ്ധ്യതയില്ല. ഭരണപരിഷ്‌ക്കരണ അഡീ.ചീഫ് സെക്രട്ടറി ആശാ തോമസ് ഈ വർഷം ഏപ്രിലിൽ വിരമിക്കും. മൂന്നു വർഷത്തിലധികം സർവീസുള്ള മനോജ് ജോഷി കേന്ദ്രത്തിൽ അർബൻ അഫയേഴ്സ് സെക്രട്ടറിയാണ്.

കേന്ദ്ര സഹകരണവകുപ്പിൽ സെക്രട്ടറിയായ ദേവേന്ദ്രകുമാർ സിംഗിന്റെ കാലാവധി ജൂണിൽ അവസാനിക്കും. ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിംഗിനാണ് സംസ്ഥാനത്തുള്ള ഉദ്യോഗസ്ഥരിൽ വേണുവിനേക്കാൾ സീനിയോറിറ്റിയുള്ളത്.

അടുത്തവർഷം നവംബർ വരെ അദ്ദേഹത്തിന് സർവീസുണ്ട്. വേണുവിന് ആഗസ്റ്റ് വരെയും. വി.പി.ജോയ് വിരമിച്ചാൽ, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് സെക്രട്ടറി അൽകേഷ് കുമാർ ശർമയ്ക്കും ഇന്ത്യ ടൂറിസം സി.എം.ഡി കമല വർദ്ധന റാവുവിനും രണ്ടു മാസം ചീഫ് സെക്രട്ടറി പദവി വഹിക്കാനുള്ള അവസരമുണ്ട്.

വേണു ഉൾപ്പെടെയുള്ള ഈ മൂന്ന് ഉദ്യോഗസ്ഥരും 1990‌ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. എന്നാൽ, ഇവർക്കും സംസ്ഥാനത്തേക്ക് മടങ്ങാൻ താൽപര്യമില്ലെന്നാണ് വിവരം. 2021 മാർച്ചിലാണ് സംസ്ഥാനത്തെ 47–ാമത് ചീഫ് സെക്രട്ടറിയായി വി.പി.ജോയ് സ്ഥാനമേറ്റത്.

1990 ബാച്ചിലെ ശാരദ മുരളീധരന് ഇനി രണ്ടു വർഷം സർവീസുണ്ട്. വേണു വിരമിക്കുമ്പോൾ ഭാര്യയായ ശാരദ ചീഫ്സെക്രട്ടറിയായേക്കും. ഭർത്താവിനെ പിന്തുടർന്ന് ഭാര്യ ചീഫ്സെക്രട്ടറിയാവുന്ന അപൂർവതയ്ക്കും കേരളം സാക്ഷിയായേക്കും.

പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള യു.പി.എസ്.സി ഉന്നതതലയോഗം 19ന് വൈകിട്ട് 5ന് ന്യൂഡൽഹിയിലെ യു.പി.എസ്.സി ഓഫീസിൽ ചേരും. കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ്, നിലവിലെ ഡിജിപി അനിൽകാന്ത് എന്നിവർ പങ്കെടുക്കും.

ഇവർക്ക് യോഗത്തിൽ പങ്കെടുക്കാൻ അനുമതി നൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഇവർക്ക് പുറമേ യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര സേനകളിലൊന്നിന്റെ മേധാവി, എന്നിവരും അടങ്ങിയ സമിതി പൊലീസ് മേധാവി നിയമനത്തിനുള്ള മൂന്നംഗ അന്തിമപാനൽ തയാറാക്കി സംസ്ഥാന സർക്കാരിന് കൈമാറും. ഇതിൽ നിന്ന് സംസ്ഥാന സർക്കാരാണ് പോലീസ് മേധാവിയെ നിയമിക്കേണ്ടത്.

പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ 30വർഷം സർവീസുള്ള 8ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.

അതിർത്തി രക്ഷാസേനയുടെ (ബി.എസ്.എഫ്) തലവനായി അടുത്തിടെ നിയമിതനായ നിതിൻ അഗർവാളിനു പുറമേ ഡി.ജി.പിമാരായ കെ.പദ്മകുമാർ, ഷേഖ് ദർവേഷ് സാഹിബ്, ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ, എ.ഡി.ജി.പിമാരായ സഞ്ജീബ് കുമാർ പട്ജോഷി, യോഗേഷ്ഗുപ്ത, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡി.ഡയറക്ടർമാരായ ഹരിനാഥ്മിശ്ര, രവാഡാ ചന്ദ്രശേഖർ എന്നിവരാണ് പട്ടികയിലുള്ളത്.

നിയമിക്കപ്പെടുന്നവരെ രണ്ടുവർഷത്തേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. രണ്ടുവർഷം വരെ കാലാവധി നീട്ടാനും സംസ്ഥാനത്തിന് അധികാരമുണ്ട്.

Advertisment