കൊച്ചി: മാദ്ധ്യമപ്രവർത്തകരെ പോലീസിനെ ഉപയോഗിച്ച് സർക്കാർ വേട്ടയാടുകയാണെന്ന ആരോപണം ശക്തമായി ഉയരുന്നതിനിടെ, മലയാള മനോരമയുടെ കൊല്ലത്തെ ബ്യൂറോ ചീഫ് ജയചന്ദ്രൻ ഇലങ്കത്തിന് ക്രൈംബ്രാഞ്ച് നോട്ടീസ്.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെ.എം.എം.എൽ) പിൻവാതിൽ നിയമന നീക്കം നടക്കുന്നതായി റിപ്പോർട്ട് ചെയ്തതാണ് കാരണം. കെ.എം.എം.എൽ അധികൃതർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മനോരമ ലേഖകനെതിരേ കേസെടുക്കാനും നീക്കമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ എസ്.എഫ്.ഐ നേതാവ് ആർഷോ നൽകിയ പരാതിയിൽ ഗൂഢാലോചനാ കേസിൽ പ്രതിയാക്കിയിനെതിരേ മനോരമ അതിശക്തമായ എഡിറ്റോറിയൽ എഴുതിയിരുന്നു.
സർക്കാരിനെയും എസ്.എഫ്.ഐയെയും വിമർശിച്ചാൽ ഇനിയും കേസെടുക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തെ കടന്നാക്രമിച്ചായിരുന്നു ആ എഡിറ്റോറിയൽ. പാർട്ടി സെക്രട്ടറിയുടെ വിരട്ടൽ ജനങ്ങളോട് വേണ്ടെന്നും പാർട്ടിയിൽ മതിയെന്നും മനോരമ തുറന്നടിച്ചു.
ഇതിനെതിരേ മനോരമയെ പേരെടുത്ത് ഗോവിന്ദൻ വിമർശിക്കുകയും എഡിറ്റോറിയൽ പിൻവലിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഈ മാസം 20ന് ഹാജരാവാൻ മനോരമ ലേഖകന് ക്രൈംബ്രാഞ്ച് ആലപ്പുഴ ഡിവൈ.എസ്.പി നോട്ടീസ് നൽകിയത്.
കെ.എം.എം.എല്ലിലെ ലീഗൽ ഓഫീസർ തസ്തികയിൽ നിന്ന് ഉൾപ്പെടെ വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് നിയമവിരുദ്ധമായി പുനർനിയമനം നൽകാൻ നീക്കമെന്നായിരുന്നു മനോരമയുടെ വാർത്ത. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ ബോർഡ് യോഗത്തിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ പ്രൊഫഷനൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കരാർ നിയമനം നടത്തുന്നതിനുള്ള ശുപാർശയുടെ പകർപ്പും പ്രസിദ്ധീകരിച്ചിരുന്നു.
വാർത്തയ്ക്കെതിരെ കെ.എം.എം.എൽ അധികൃതർ മുഖ്യമന്ത്രിക്ക് നൽകിയ പരാതി, അന്വേഷണത്തിന് ആലപ്പുഴ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. പരാതിയിന്മേൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് നോട്ടീസ്. കെ.എം.എം.എൽ അധികൃതർ നൽകിയ പരാതിയിലെ വസ്തുതയുടെ നിജസ്ഥിതി ബോദ്ധ്യപ്പെടാൻ മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്നാണു നോട്ടീസിലെ നിർദേശം.
നേരത്തെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്താൻ നേരിട്ട് ഹാജരാകണമെന്ന ആവശ്യവുമായി ജയചന്ദ്രൻ ഇലങ്കത്തിനെ നേരിട്ട് സമീപിച്ചിരുന്നു. നോട്ടീസ് നൽകാതെ ഹാജരാകില്ലെന്ന് പറഞ്ഞതോടെ മടങ്ങി. അതിന് പിന്നാലെയാണ് ഇന്നലെ നോട്ടീസ് അയച്ചത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട കേസിൽ അഞ്ചാം പ്രതിയായ ഏഷ്യാനെറ്റ് എറണാകുളം ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസിന്റെ നോട്ടീസ്.
വെള്ളിയാഴ്ച രാവിലെ 10നും 11നും മദ്ധ്യേ പാർക്ക് അവന്യൂ റോഡിൽ റവന്യൂ ടവറിൽ സിറ്റി കമ്മിഷണർ ഓഫീസിന്റെ ഭാഗമായ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്താനാണ് നോട്ടീസ്. താൻ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് മഹാരാജാസ് കോളേജ് വെബ്സൈറ്റിൽ വന്ന സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ആർഷോയുടെ പരാതിയിൽ എടുത്ത കേസാണിത്.
കോളേജിലെ കോഴ്സ് കോഓർഡിനേറ്ററായിരുന്ന ഡോ. വിനോദ് കുമാർ കല്ലോലിക്കൽ, പ്രിൻസിപ്പൽ ഡോ.വി.എസ്. ജോയ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെ.എസ്.യു മഹാരാജാസ് യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എ. ഫാസിൽ എന്നിവരാണ് ഒന്നു മുതൽ നാല് വരെ പ്രതികൾ.
ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം കോളേജിൽ നിന്ന് റിപ്പോർട്ട് ചെയ്തത് അഖിലയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അഖില പറഞ്ഞു. പരാതിയുടെ പകർപ്പിന് വേണ്ടി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത് ലഭിച്ച ശേഷമാകും ഹാജരാകുന്നതിനെക്കുറിച്ച് ആലോചിക്കുകയെന്ന് അഖില വ്യക്തമാക്കി.
2020ൽ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ അവതാരകൻ അബ്‌ജോദ് വർഗീസിനെയും, വാർത്ത റിപ്പോർട്ട് ചെയ്ത പി ആർ പ്രവീണയെയും തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചത്.
തിങ്കളാഴ്ച അബ്ജോദിനെ ഫോണിൽ വിളിച്ച ഉദ്യോഗസ്ഥർ രേഖാമൂലം നോട്ടീസ് കൈമാറി. ആർക്കെതിരെയും ആരോപണം ഉന്നയിക്കുകയോ വിവാദങ്ങൾ സൃഷ്ടിക്കുകയോ ഏഷ്യാനെറ്റ് ന്യൂസ് ചെയ്തിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞ കാര്യങ്ങൾ അതേപടി റിപ്പോർട്ട് ചെയ്യുകയായിരുന്നു എന്നറിയിച്ചിട്ടും മാദ്ധ്യമപ്രവർത്തകർ നേരിട്ട് ഹാജരാകണമെന്നാണ് പോലീസിന്റെ നിലപാട്.
കേസെടുത്തും ചോദ്യംചെയ്യാൻ ഇടയ്ക്കിടെ വിളിച്ചുവരുത്തിയും മാദ്ധ്യമപ്രവർത്തകരുടെ വായടപ്പിക്കാനാണ് നീക്കമെന്നാണ് ആരോപണം.