വലതുകാൽ മുട്ടിൽ ഓപ്പറേഷൻ നടത്തണം. ഫിസിയോ തെറാപ്പിയടക്കം തുടർ ചികിത്സയും വേണം. മൂന്നുമാസത്തെ ഇടക്കാല ജാമ്യം തേടി മുൻ സർക്കാരിലെ സർവാധികാരിയായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഹൈക്കോടതിയിൽ. വാദം കേൾക്കാതെ പിന്മാറി ജഡ്ജി. പിന്മാറ്റം കാരണവും പറയാതെ. ശിവശങ്കർ രണ്ടാം അറസ്റ്റിൽ നാലുമാസമായി ജയിലിൽ

New Update

publive-image

Advertisment

കൊച്ചി: ഒന്നാം പിണറായി സർക്കാരിലെ സർവാധികാരിയായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കഴിഞ്ഞ നാലുമാസമായി ജയിലിലാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്ര് ചെയ്ത കള്ളപ്പണക്കേസിൽ പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും ശിവശങ്കറിന് ജാമ്യം കിട്ടിയിട്ടില്ല.

വിചാരണ കോടതി ജാമ്യഹർജി തള്ളിയതോടെ, ആരോഗ്യ കാരണങ്ങളുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശിവശങ്കർ. നേരത്തേ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതാണ്. അതിനാലാണ് ചികിത്സാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തിന് ഹർജി നൽകിയത്.

ലൈഫ് മിഷൻ കോഴയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇ.ഡി കഴിഞ്ഞ ഫെബ്രുവരി 14 ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. സർവീസിൽ നിന്ന് വിരമിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസിൽ ജയിലിൽ കഴിയുന്ന എം. ശിവശങ്കർ വലതുകാൽ മുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി മൂന്നു മാസത്തെ ഇടക്കാല ജാമ്യം തേടിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നേരത്തെ ഈ ആവശ്യം ഇ.ഡി കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇടക്കാല ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കോഴ ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇ.ഡി എടുത്ത കേസിലാണ് കഴിഞ്ഞ ഫെബ്രുവരി 14 ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിനെ ഇ.ഡി അറസ്റ്റു ചെയ്തത്.

തുടർന്ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ശിവശങ്കർ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ജാമ്യാപേക്ഷ സുപ്രീം കോടതിയിലുണ്ടെങ്കിലും ചികിത്സയ്ക്കു വേണ്ടി ഇടക്കാല ജാമ്യത്തിന് ശിവശങ്കറിന് കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ശിവശങ്കർ ഇടക്കാല ജാമ്യം തേടി നൽകിയ ഹർജിയും വിചാരണക്കോടതി തള്ളി. ഇതിനെതിരെയാണ് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചത്.

വലതുകാൽ മുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ഫിസിയോ തെറാപ്പിയടക്കമുള്ള ചികിത്സയ്ക്കും തനിക്കിഷ്ടമുള്ള ആശുപത്രിയെ സമീപിക്കാൻ മൂന്നു മാസത്തെ ഇടക്കാല ജാമ്യം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഇടക്കാല ജാമ്യ ഹർജി തള്ളിയ വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വടക്കാഞ്ചേരിയിൽ വീടു നിർമ്മിച്ചു നൽകാൻ യു.എ.ഇ റെഡ് ക്രസന്റ് എന്ന സംഘടന നൽകിയ ഫണ്ടിൽ നിന്ന് 4.5 കോടി രൂപ ശിവശങ്കർ ഉൾപ്പെടെ സ്വർണക്കടത്തു കേസിലെ പ്രതികൾ കമ്മിഷനായി കൈപ്പറ്റിയെന്നും ഒരു കോടി രൂപ ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്നുമാണ് കേസ്. തുക ഡോളറാക്കി വിദേശത്തേക്കു കടത്തിയതു വിദേശ നാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്നാരോപിച്ചാണ് ഇ.ഡി കേസ് എടുത്തത്.

അതിനിടെ, ചികിത്സയ്ക്കായി ഇടക്കാല ജാമ്യം തേടി ശിവശങ്കർ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ പിന്മാറി. ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജി പരിഗണനയ്ക്കു വന്നപ്പോൾ കാരണം വ്യക്തമാക്കാതെയാണ് സിംഗിൾ ബെഞ്ച് പിന്മാറിയത്.

Advertisment