തിരുവനന്തപുരം: കായംകുളം എം.എസ്.എം കോളേജിൽ ബികോം പഠിച്ച് തോറ്റ ശേഷം, ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി അതേ കോളേജിൽ എംകോമിന് പ്രവേശനം നേടിയ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്റെ കള്ളക്കളി വെളിച്ചത്താക്കിയ കേരള യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനെതിരേ സൈബർ അധിക്ഷേപം.
അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും അലിഗഡിലും ഒരേസമയം രണ്ട് കോഴ്സുകൾ പഠിച്ചെന്നാണ് സൈബർ പോരാളികൾ ആക്ഷേപിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ നേരത്തേ പരാതികൾ ഉയർന്നിരുന്നെന്നും ഹൈക്കോടതി രണ്ടുവട്ടം തള്ളിയതാണെന്നും വി.സി വ്യക്തമാക്കി.
എസ്.എഫ്.ഐ നേതാവിന് കായംകുളം എം.എസ്.എം കോളേജിലും ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള കലിംഗ യൂണിവേഴ്സിറ്റിയിലും ഒരേസമയം റഗുലർ പഠനം നടത്താൻ കായംകുളം- റായ്പൂർ ഫ്ലൈറ്റ് സർവീസില്ലെന്ന് വി.സി ഡോ.മോഹനൻ കുന്നുമ്മൽ തുറന്നടിച്ചിരുന്നു.
എസ്.എഫ്.ഐ നേതാവ് നിഖിലിനെ സംസ്ഥാന സെക്രട്ടറി ആർഷോ ന്യായീകരിക്കുകയും അയാളുടേത് വ്യാജ സർട്ടിഫിക്കറ്റല്ലെന്ന് ക്ലീൻചിറ്റ് നൽകുകയും ചെയ്തിരുന്നതാണ്. എന്നാൽ വി.സി ഡോ.മോഹനൻ കുന്നുമ്മലാണ് ഇതിലെ പൊള്ളത്തരം പൊളിച്ചടുക്കിയത്.
നിഖിലിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ യൂണിവേഴ്സിറ്റി രജിസ്ട്രാർ അറിയിച്ചതായി വി.സി മാദ്ധ്യമങ്ങളോട് പറഞ്ഞതോടെ എസ്.എഫ്.ഐയുടെ കള്ളക്കളി പൊളിഞ്ഞു. ഇതിനുള്ള പ്രതികാരമെന്നോണമാണ് മോഹനൻ കുന്നുമ്മലിനെതിരേ സൈബർ അധിക്ഷേപം.
1988-91 ബാച്ചിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് റേഡിയോ ഡയഗ്ണോസിസ് പി.ജി ചെയ്ത മോഹനൻ കുന്നുമ്മൽ ഇതേ സമയം 1989- 90 കാലഘട്ടത്തിൽ അലിഗഡ് സർവകലാശാലയിൽ ചൈൽഡ് ഹെൽത്തിൽ ഡിപ്ലോമ (ഡി.സി.എച്ച്) ചെയ്തതായാണ് ആക്ഷേപം. രാജ്യത്തിന്റെ രണ്ടറ്റങ്ങളിൽ ഒരേ സമയം രണ്ട് റഗുലർ കോഴസുകൾ അദ്ദേഹം എങ്ങനെ ചെയ്തെന്നും പരാതി കിട്ടിയിട്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപടിയെടുത്തില്ലെന്നുമാണ് സൈബർ പോരാളികളുടെ പ്രചാരണം.
ഇതിന്റെ വാസ്തവം വി.സി തന്നെ വെളിപ്പെടുത്തുന്നു- ആരോഗ്യ സർവകലാശാലാ വി.സിയാവാൻ കഴിയാതിരുന്ന ഡോക്ടർ പ്രവീൺലാൽ ഇക്കാര്യമുന്നയിച്ച് കേരള, ദേശീയ മെഡിക്കൽ കൗൺസിലുകൾക്ക് പരാതി നൽകിയിരുന്നതാണ്. എന്നാൽ രണ്ട് കൗൺസിലുകളും ഈ പരാതി തള്ളി.
ഒരേസമയം പഠിച്ചിട്ടില്ലെന്ന് കണ്ടെത്തിയായിരുന്നു ഇത്. പിന്നീട് പ്രവീൺലാൽ ഹൈക്കോടതി സിംഗിൾബഞ്ചിൽ കേസ് കൊടുത്തെങ്കിലും കോടതി തള്ളി. പിന്നീട് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയെങ്കിലും തള്ളി. ഡിവിഷൻ ബഞ്ച് പരാതിക്കാരന് പിഴ ചുമത്താനൊരുങ്ങിയപ്പോൾ തന്റെ അഭിഭാഷകൻ വേണ്ടെന്നു പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈറ്റൈപ്പന്റോടെയാണ് പഠിച്ചത്. അലിഗഡ് കേന്ദ്രസ്ഥാപനമാണ്. അവിടെ ഫീസ് കൂടുതലായിരുന്നു. തിരുവനന്തപുരത്തെ കോഴ്സ് ഉപേക്ഷിച്ച് സ്കോളർഷിപ്പുള്ള അലിഗഡിലേക്ക് പോയതാണ്. അവിടെ പൂർണ സ്കോളർഷിപ്പോടെയാണ് പഠിച്ചത്.
അലിഗഡിൽ കോഴ്സ് പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർ ഇവിടുത്തെ കോഴ്സ് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിൽ അന്ന് ആകെ രണ്ട് സീറ്റേയുണ്ടായിരുന്നുള്ളൂ. അതാണ് അന്ന് ഉപേക്ഷിച്ചത്.
അലിഗഡിലെ പഠനം തീർന്ന് ഡിഗ്രി നേടി വന്ന ശേഷമാണ് ഇവിടുത്തെ കോഴ്സ് പൂർത്തിയാക്കിയത്. പഠനം തുടരാനുള്ള അനുമതിയടക്കം പ്രൊഫസറാണ് വാങ്ങി നൽകിയത്. എല്ലാവർക്കും അറിയുന്ന കാര്യമാണിത്. ഗവർണർക്ക് പരാതി നൽകിയിട്ടും സത്യാവസ്ഥ മനസിലാക്കി തള്ളിയതാണ്.
അതിനിടെ, നിഖിലിന്റെ എംകോം രജിസ്ട്രേഷൻ കേരള സർവകലാശാല റദ്ദാക്കി. ഛത്തീസ്‌ഗഡിലെ കലിംഗ സർവകലാശാലയുടെ ബികോം ഡിഗ്രിക്ക് നൽകിയ എലിജിബിലിറ്റിയും റദ്ദാക്കി. നിഖിൽ കേരള വാഴ്സിറ്റിയിൽ ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, പ്രൊവിഷനൽ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം വ്യാജമാണെന്നും നിയമനടപടി സ്വീകരിച്ച് സഹായിക്കണമെന്നും കലിംഗ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇന്നലെ രേഖാമൂലം കേരള വാഴ്സിറ്റി രജിസ്ട്രാർ ഡോ.അനിൽകുമാറിന് മറുപടി നൽകി. ഇത് ഡി.ജി.പിക്കും കൈമാറി.
നിഖിൽ തോമസിനെ എസ്എഫ്ഐ ചൊവ്വാഴ്ച പുറത്താക്കിയിരുന്നു. കോളജ് നൽകിയ പരാതിയിൽ വ്യാജരേഖ നിർമാണം, വഞ്ചന എന്നീ കുറ്റങ്ങൾക്ക് കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. എംഎസ്എം കോളജിലും ഛത്തീസ്‌ഗഡിലെ റായ്പുരിൽ കലിംഗ സർവകലാശാല ആസ്ഥാനത്തും പൊലീസ് തെളിവെടുത്തിട്ടുമുണ്ട്. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗയിലെ രജിസ്ട്രാർ പൊലീസിനും മൊഴിനൽകി. ഒളിവിലുള്ള നിഖിലിനെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഓഫാണ്. തിരുവനന്തപുരത്താണ് അവസാനം ലോക്കേഷൻ കാണിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.