തിരുവനന്തപുരം: ബികോം തോറ്റ എസ്.എഫ്.ഐ നേതാവിന് വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ എംകോം പ്രവേശനം നൽകിയ കേരള സർവകലാശാലയ്ക്ക് വീണ്ടും നാണക്കേട്. ഇത്തവണ രജിസ്ട്രാറുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന പരാതിയാണ് ഉയരുന്നത്.
ആർക്കും അപേക്ഷിക്കാവുന്ന ഓപ്പൺ തസ്തികയിൽ റിക്രൂട്ട് ചെയ്യപ്പെട്ട രജിസ്ട്രാർ ഡോ.അനിൽകുമാർ നിയമിതനായത് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഡെപ്യൂട്ടേഷൻ തസ്തികയിലാണ്. ഇതിനെതിരേ ഗവർണർക്ക് കിട്ടിയ പരാതി വൈസ്ചാൻസലർക്ക് അന്വേഷണത്തിന് കൈമാറായിരിക്കുകയാണ്.
സർവകലാശാലാ രജിസ്ട്രാറുടെ നിയമനത്തെക്കുറിച്ചുള്ള പരാതി വിശദമായി പരിശോധിക്കുമെന്ന് വി.സി ഡോ.മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. ആർക്കും അപേക്ഷിക്കാവുന്ന പൊതു വിജ്ഞാപനത്തിലൂടെയാണ് രജിസ്ട്രാറെ റിക്രൂട്ട് ചെയ്തതെങ്കിലും നിയമിച്ചത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ്.
ഇതിൽ ചില നിയമപ്രശ്നങ്ങളുണ്ടെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്- വി.സി പറഞ്ഞു. ചുരുക്കത്തിൽ നിയമനത്തിലെ ക്രമക്കേട് കാരണം രജിസ്ട്രാർ പദവിയൊഴിയേണ്ടി വരുന്ന സാഹചര്യത്തിലേക്കാണ് പോക്ക്. സി.പി.എമ്മിന്റെ വേണ്ടപ്പെട്ടയാളായ അനിൽകുമാറിനെ നാല് വർഷത്തേക്കാണ് രജിസ്ട്രാറായി നിയമിച്ചത്.
ചട്ടങ്ങൾക്ക് വിരുദ്ധമായി രജിസ്ട്രാർ തസ്തികയിൽ തുടരുന്ന ഡോ: അനിൽകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്. രജിസ്ട്രാർ അനധികൃതമായി ശമ്പളം പറ്റുന്നതായും ആക്ഷേപമുണ്ട്.
കേരള യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട് വകുപ്പ് 12(4) പ്രകാരം സംസ്ഥാന സർവീസിലോ കേന്ദ്ര സർവീസിലോ ഉള്ള ഉദ്യോഗസ്ഥന്മാരെ മാത്രമേ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ രജിസ്ട്രാർ ആയി നിയമിക്കുവാൻ പാടുള്ളൂ. എന്നാൽ ഡോ:അനിൽ കുമാർ ഒരു സ്വകാര്യ കോളേജ് അധ്യാപകനാണ്. അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ നിയമനം ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണെന്നത് ബോധപൂർവം മറച്ചുവച്ചാണ് കേരള യൂണിവേഴ്സിറ്റി ഉത്തരവിക്കിയത്.
എന്നാൽ രജിസ്ട്രാർക്ക് ഡെപ്യൂട്ടേഷൻ അനുവദിച്ചിട്ടുള്ളതായി സർക്കാർ ഉത്തരവിൽ പറയുന്നുമുണ്ട്. യൂണിവേഴ്സിറ്റി നൽകിയ വിവരാവകാശ രേഖയിലും നിയമനം ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഇരട്ടത്താപ്പാണ് ഗവർണർക്ക് നൽകിയ പരാതിയിലുള്ളത്.
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് ഡോ. അനിൽകുമാറിന് രജിസ്ട്രാർ ആയി നിയമനം നൽകിയത്. രജിസ്ട്രാർ ആയി നിയമനത്തിൽ തുടരുമ്പോഴും പ്രിൻസിപ്പാലിന്റെ ശമ്പളത്തോടൊപ്പമുള്ള 6750 രൂപ അലവൻസ് നിയമവിരുദ്ധമായി ശമ്പളത്തോടൊപ്പം മാസംതോറും കൈപ്പറ്റുന്നതായും ഗവർണർക്ക് ലഭിച്ച പരാതിയിലുണ്ട്.
അതേസമയം, 2021ൽ വിജ്ഞാപനമിറക്കി, ആക്ടിലെയും സ്റ്റാറ്റ്യൂട്ടിലെയും എല്ലാ വ്യവസ്ഥകളും പാലിച്ചാണ് രജിസ്ട്രാറെ നാലു വർഷത്തേക്ക് നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചതെന്നാണ് രജിസ്ട്രാറുടെ വാദം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലല്ല തന്നെ നിയമിച്ചത്. ഡെപ്യൂട്ടേഷൻ നിയമനങ്ങൾ ഒരു വർഷത്തേക്കാണ്. യൂണിവേഴ്സിറ്റി ചട്ടങ്ങൾ പാലിച്ച് 4വർഷത്തേക്കാണ് നിയമനം.
എയ്ഡഡ് കോളേജ് അദ്ധ്യാപകനായിരുന്നതിനാൽ നിയമന കാലാവധിയിൽ ശമ്പളവും സർവീസ് ആനുകൂല്യങ്ങളും ലഭിക്കാനാണ് സർക്കാർ അനുമതി തേടിയത്. ഡെപ്യൂട്ടേഷൻ നിയമനത്തിനുള്ള വ്യവസ്ഥകൾ ബാധകമാക്കി സർക്കാർ ഉത്തരവിറക്കിയത് സർവീസ് ആനുകൂല്യങ്ങൾ സംരക്ഷിക്കാനാണ്.
നിയമനം 4 വർഷത്തേക്കായതിനാൽ അത് ഡെപ്യൂട്ടേഷനല്ല. പരീക്ഷാ കൺട്രോളറെയും ഫിനാൻസ് ഓഫീസറെയും സമാന വ്യവസ്ഥകൾ പാലിച്ചാണ് 4 വർഷത്തേക്ക് നിയമിച്ചതെന്നും രജിസ്ട്രാർ വിശദീകരിച്ചു.