തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ നിർദേശപ്രകാരമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സുധാകരനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയപ്രേരിതമാണെന്നും പ്രതിപക്ഷ നേതാക്കളെ ഓലപ്പാമ്പ് കാട്ടി വിരട്ടാൻ പിണറായി നോക്കണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിന്റെ ഭാഗമായി നടത്തുന്നതാണ് ഈ നാടകങ്ങൾ. ഇതൊക്കെ കൊണ്ട് പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാമെന്ന് കരുതിയാൽ പിണറായിയും ഗോവിന്ദൻ മാഷും മൂഢസ്വർഗത്തിലാണ്.
സർക്കാരിനെ വിമർശിക്കുന്നവരെ കേസിൽ കുടുക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനുമുള്ളത്.
ഒരു ഭാഗത്ത് പാർട്ടി ക്രിമിനലുകൾ തങ്ങളുടെ മുന്നിലുടെ വിലസുമ്പോൾ കൈയുംകെട്ടി നോക്കി നിൽക്കുന്ന പോലീസ് ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണ്. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.