തിരുവനന്തപുരം: തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധമുണ്ടെന്ന മൊഴികളുടെ പേരിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിയാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോൾ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്.
മോൻസണിന്റെ 'വ്യാജപുരാവസ്തുക്കൾ' ഇടനിലക്കാരിയെ ഉപയോഗിച്ച് വിറ്റഴിക്കാൻ ശ്രമിക്കുകയും തട്ടിപ്പിന് പോലീസുകാരെ കരുവാക്കുകയും ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെതിരേ അറസ്റ്റ് നടപടിയില്ലേ? സുധാകരനെതിരേ കേസെടുത്ത ശേഷം ഐ.ജിക്കെതിരേ പേരിനൊരു കേസെടുത്ത് രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.
പോലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് ശക്തമായ ഡിജിറ്റൽ തെളിവുകൾ സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്ന് ഐ.ജിയെ സസ്പെൻഡ് ചെയ്തിരുന്നു. അടുത്തിടെ സർവീസിൽ തിരിച്ചെടുത്ത് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനിരിക്കെയാണ് കേസിൽ പ്രതിയാക്കപ്പെട്ടത്. ഐ.ജിയുടെ ഫോൺവിളികളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാൽ തട്ടിപ്പിന്റെ പൂർണ തെളിവ് കിട്ടുമെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്.
മൂന്നുവർഷമായി ഐജിക്ക് മോൻസണുമായി ബന്ധമുണ്ടെന്നും മോൻസണിന്റെ പുരാവസ്തു കച്ചവടത്തിന് ഐ.ജി ലക്ഷ്മൺ ഇടനിലക്കാരനായെന്നും സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം ഇതിനായി ഉപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിയെ മോൻസണിന് പരിചയപ്പെടുത്തിയതും ലക്ഷ്മണാണ്. സ്വർണ ബൈബിൾ, ഗണേശ വിഗ്റഹം, ഖുറാൻ, രത്നങ്ങൾ എന്നിവ ഇവർ വിൽക്കാൻ ശ്റമിച്ചെന്നും മൂവരും പേരൂർക്കട പോലീസ് ക്ലബിലടക്കം കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തി.
രഞ്ജിത്ത് ലാൽ, റെജി അടക്കം ചില ഗൺമാൻമാരെയും (പി.എസ്.ഒ) ഐ.ജി തട്ടിപ്പിന് കരുവാക്കി. പുരാവസ്തുക്കൾ തിരുവനന്തപുരത്ത് പൊലീസ് ക്ലബിൽ എത്തിക്കാൻ പോലീസുകാരെ നിയോഗിച്ചെന്നും കണ്ടെത്തിയിരുന്നു.
ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോൻസന്റെ കൈവശമുണ്ടായിരുന്ന അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം വിൽപ്പന നടത്താൻ ഐ.ജി പദ്ധതിയിട്ടതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു.
പേരൂർക്കട പൊലീസ് ക്ലബിൽ മോൻസണും ഇടനിലക്കാരിയും ഐ.ജിയും കൂടിക്കാഴ്ച നടത്തിയത്. ഐജി ആവശ്യപ്പെട്ടത് പ്റകാരം പോലീസുകാരാണ് മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ പോലീസ് ക്ലബിൽ എത്തിച്ചത്.
സസ്പെൻഷൻ ഉത്തരവിൽ ഐ.ജിക്കെതിരെയുള്ള കുറ്റങ്ങൾ ഇവയായിരുന്നു- മോൻസണിനെതിരെ തട്ടിപ്പുകേസ് രജിസ്റ്റർ ചെയ്യപ്പെട്ട ശേഷവും ഐ.ജി അയാളുമായി അവിശുദ്ധ ബന്ധമുണ്ടാക്കി, ഔദ്യോഗിക വാഹനത്തിൽ ഗൺമാൻമാരുമായി ഐ.ജി നിരവധി തവണ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെത്തി, വീട്ടിൽ ഉന്നത പൊലീസുദ്യോഗസ്ഥന്റെ സാന്നിദ്ധ്യം ഇടപാടുകാരിൽ വിശ്വാസമുണ്ടാക്കാനും അതുവഴി കൂടുതൽ തട്ടിപ്പുകൾക്കും മോൻസൺ ഉപയോഗിച്ചു.
ശബരിമല ദർശനത്തിന് സൗകര്യമൊരുക്കാൻ ഹൈദരാബാദിൽ ഓഫീസ് തുറന്ന് പണപ്പിരിവ് നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയെങ്കിലും നടപടിയെടുക്കാതെ അന്നത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സംഭവം ഒതുക്കിതീർക്കുകയായിരുന്നു.
ലക്ഷ്മണിനെതിരേ കേസെടുക്കാത്തത് ഉന്നത രാഷ്ട്രീയ സമ്മർദ്ദം കാരണമാണെന്നും ആക്ഷേപമുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ വളരെ അടുപ്പക്കാരനാണ് ലക്ഷ്മൺ. 14വർഷം സർവീസ് ശേഷിക്കവേ, ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ ഐ.ടി മന്ത്രിയാവാൻ ലക്ഷ്മൺ ഒരുങ്ങിയിരുന്നു.
നിരവധി ബന്ധുക്കൾ തെലങ്കാന രാഷ്ട്രീയത്തിൽ സജീവമാണ്. 2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്മണിന് ഓഫറുണ്ട്. ആന്ധ്രാ മുൻ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണ് ഭാര്യ.