ഗവർണർ ചോദിച്ചതു പോലെ ഈ എ പ്ലസ് പ്ലസ് ഗ്രേഡ് എങ്ങനെ കിട്ടി ? വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം പോലും അശ്രദ്ധമായി കൈകാര്യം ചെയ്ത് കേരള സർവകലാശാല. ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ 100പേരെ തോൽപ്പിച്ചു. വിവാദമായപ്പോൾ തോറ്റെന്ന ഫലം പിൻവലിച്ചു. പേപ്പറുകൾ സർവകലാശാലയിലെത്തിച്ച് അടിയന്തര മൂല്യനിർണയം നടത്തുന്നു. രാഷ്ട്രീയ അതിപ്രസരത്തിൽ കുട്ടികളുടെ കാര്യം മറന്ന് കേരള സർവകലാശാല.

New Update

publive-image

Advertisment

തിരുവനന്തപുരം: കേരള സ‌ർവകലാശാലയ്ക്ക് ദേശീയ അക്രഡിറ്റേഷനായ നാക് അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ഗ്രേഡുണ്ട്. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനൊപ്പമാണ് പദവി. എന്നാൽ കുട്ടികളുടെ കാര്യം മറന്ന് അപഹാസ്യമാവുകയാണ് കേരളത്തിന്റെ മാതൃ യൂണിവേഴ്സിറ്റി.

കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസത്തിൽ രജിസ്റ്റർ ചെയ്ത് പന്തളം എൻഎസ്എസ് കോളേജ്, കൊല്ലം പേരയം എൻഎസ്എസ് കോളേജ് സെന്ററുകളിൽ ബിഎ മലയാളം പരീക്ഷ എഴുതിയ നൂറോളം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ അവരെ തോൽപ്പിച്ചതാണ് സർവകലാശാലയെ നാണംകെടുത്തിയത്. ഉയർന്ന അക്രഡിറ്റേഷൻ ഗ്രേഡുകൾ സർവകലാശാലകൾ സംഘടിപ്പിക്കുന്നതാണെന്ന് അടുത്തിടെ ഗവർണർ ആരോപണം ഉന്നയിച്ചിരുന്നു.

വിവരമറിഞ്ഞയുടൻ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഇടപെട്ട് ഉത്തരക്കടലാസുകൾ തിരികെ യൂണിവേഴ്സിറ്റിയിലെത്തിച്ചു. കുട്ടികൾ തോറ്റതായുള്ള പരീക്ഷാഫലം തടഞ്ഞുവയ്ക്കുകയും പിൻവലിക്കുകയും ചെയ്തു.

ഉത്തരക്കടലാസുകൾ അടിയന്തരമായി മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിക്കാൻ വിസി ഉത്തരവിട്ടിരിക്കുകയാണ്. സംഭവത്തിൽ 2ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പരീക്ഷാ കൺട്രോളർക്ക് വി.സി നിർദ്ദേശം നൽകി. ഉത്തരവാദികൾക്കെതിരേ കർശന നടപടിയുണ്ടാവും.

പരീക്ഷ തീർന്നയുടൻ ഉത്തരക്കടലാസുകൾ സ്പീഡ് പോസ്റ്റിലോ നേരിട്ടോ സർവകലാശാലയിലെത്തിക്കാൻ സ്ഥിരം സംവിധാനമുണ്ടാക്കും. ആരോഗ്യ സർവകലാശാലയിലെ കോളേജുകളിൽ രാവിലത്തെ പരീക്ഷകളുടെ പേപ്പർ ഉച്ചയ്ക്കും ഉച്ചയ്ക്ക് ശേഷമുള്ളവയുടേത് പിറ്റേന്ന് രാവിലെയും സ്പീഡ് പോസ്റ്റിൽ യൂണിവേഴ്സിറ്രിയിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്.

പരീക്ഷ നടത്തി 24മണിക്കൂറിനകം ഉത്തരക്കടലാസുകൾ സർവകലാശാലയിൽ എത്തിച്ചിരിക്കണെന്ന് നിർദ്ദേശിക്കുമെന്ന് വി.സി വ്യക്തമാക്കി. അതിനിടെ, കുട്ടികളെ പരീക്ഷാപേപ്പർ മൂല്യനിർണയം നടത്താതെ തോൽപ്പിച്ചതിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും ചെയ്തു.

ഉത്തരക്കടലാസ് പരിശോധിക്കാതെ തോൽപ്പിച്ചെന്ന പരാതി പറഞ്ഞ വിദ്യാർഥികളോട് പുനർമൂല്യനിർണയത്തിനു പണം അടച്ചാൽ മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിക്കാമെന്നായിരുന്നു സർവകലാശാല അറിയിച്ചത്.

പന്തളം സെന്ററിലെ എല്ലാ വിദ്യാർഥികളും തോറ്റെന്നു കണ്ടപ്പോൾ ചിലർ സർവകലാശാലാ വെബ്സൈറ്റിൽ കാരണം പരിശോധിച്ചു. പരീക്ഷയ്ക്കു ഹാജരാകാത്തതാണു പരാജയ കാരണമായി കണ്ടത്. വിദ്യാർത്ഥികൾ പന്തളം കോളജിലെത്തി അറ്റൻഡൻസ് രേഖ പരിശോധിച്ചപ്പോൾ അതിൽ എല്ലാവരുടെയും ഹാജർ രേഖപ്പെടുത്തിയിട്ടുണ്ട്. കോളജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ ഉത്തരക്കടലാസ് സെന്ററിൽനിന്നു കൊണ്ടുപോയിട്ടില്ലെന്ന് അറിഞ്ഞു.

തുടർന്ന് സർവകലാശാലാ ആസ്ഥാനത്ത് പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ പരാതിയുമായി ചെന്നപ്പോഴാണ് പുനർമൂല്യനി‍ർണയത്തിനു പണം അടയ്ക്കാൻ അവിടെയുള്ളവർ നിർദേശിച്ചത്. മൂല്യനിർണയം നടത്താത്ത ഉത്തരക്കടലാസിനു പുനർമൂല്യനിർണയം നടത്തുന്നതെങ്ങനെയെന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല.

ഇതിനിടെ, പേരയം സെന്ററിലെ വിദ്യാർഥികളും പരാതിയുമായെത്തി. അവിടെ നിന്ന് ഉത്തരക്കടലാസുകൾ കൊണ്ടുപോയെങ്കിലും എല്ലാവരും തോറ്റു. മൂല്യനിർണയം നടത്താതെയാണ് ഈ വിദ്യാർത്ഥികളെയും തോൽപിച്ചതെന്നാണ് അറിയുന്നത്.

Advertisment