കേരളം

നര്‍ക്കോട്ടിക് ജിഹാദ് വിവാദം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കെസിബിസി യോഗം വിളിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ! അടിയന്തര യോഗം ഈമാസം 29ന് കൊച്ചിയില്‍. കെസിബിസി പ്രസിഡന്റുകൂടിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗം വിളിച്ചത് വിഷയത്തില്‍ കത്തോലിക്കാ സഭയില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ പരന്നതിന് പിന്നാലെ. കര്‍ദിനാള്‍ ക്ലിമ്മീസിന്റെ സമാധാന യോഗത്തില്‍ നിന്നും സിറോമലബാര്‍ സഭ വിട്ടുനിന്നതോടെ ഭിന്നതയെന്ന വാദത്തിന് ബലമേകി. കെസിബിസി യോഗത്തില്‍ പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ തള്ളുമോ കൊള്ളുമോ ? രണ്ടായാലും ഭിന്നത രൂക്ഷമാകും ! മലങ്കര സഭയിലെ ബിഷപ്പുമാര്‍ യോഗം ബഹിഷ്‌കരിക്കുമോയെന്നും ആശങ്ക

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, September 22, 2021

കൊച്ചി: പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ നര്‍ക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ പ്രത്യേക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര കെസിബിസി യോഗം വിളിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈ മാസം 29ന് എറണാകുളം പിഒസിയിലാണ് യോഗം വിളിച്ചിരിക്കുന്നത്.

യോഗത്തിന്റെ അജണ്ടയില്‍ ദളിത്, കര്‍ഷര്‍, തീരപ്രദേശവാസികള്‍ എന്നിവരുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുമെന്ന് ആദ്യം തീരുമാനിച്ചതെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. പാലാ രൂപതാധ്യക്ഷന്‍ നടത്തിയ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കത്തോലിക്കാ സഭയില്‍ തന്നെ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കെസിബിസിയുടെ പുതിയ നീക്കം.

സാമുദായിക സംഘര്‍ഷം ഒഴിവാക്കുന്നതിനും സമാധാനം പുലരുന്നതിനും കേരളത്തിലെ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിലകൊണ്ടിരുന്ന കാലത്തേതില്‍ നിന്നും വിഭിന്നമായി പല അഭിപ്രായം ഉണ്ടായതില്‍ കടുത്ത പ്രതിഷേധത്തിലാണ് മലങ്കര, ലത്തീന്‍ സഭകള്‍. പാലാ രൂപതാധ്യക്ഷന്റെ നിലപാടിനെ പിന്തുണയ്ക്കില്ലെന്ന് ഉറപ്പിച്ചാണ് ഈ രണ്ടു വിഭാഗവും. നേരത്തെ കര്‍ദിനാള്‍ ക്ലീമ്മീസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇരുവിഭാഗവും പങ്കെടുത്തതും ഇതുകൊണ്ടുതന്നെയാണ്.

കത്തോലിക്കാസഭയിലെ ഈ ഭിന്നതയുടെ പശ്ചാത്തലത്തില്‍ ഇന്നലെ പാലാ ബിഷപ്പിനെ മുഖ്യമന്ത്രി കടന്നാക്രമിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഈ ഭിന്നത തുടര്‍ന്നാല്‍ സിറോ മലബാര്‍ സഭ വിഷയത്തില്‍ ഒറ്റപ്പെടുമോയെന്ന ആശങ്കയും അവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കെസിബിസി പ്രസിഡന്റുകൂടിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടിയന്തര യോഗം വിളിച്ചത്.

ഓണ്‍ലൈന്‍ ആയി യോഗം ചേരേണ്ടെന്നും എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്നും കര്‍ദിനാള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട. എന്നാല്‍ താന്‍ വിളിച്ച സമാധാന യോഗത്തില്‍ സിറോ മലബാര്‍ വിഭാഗം പങ്കെടുക്കാത്ത സാഹചര്യത്തില്‍ കര്‍ദിനാള്‍ ബസേലിയൂസ് ക്ലിമ്മീസ് ബാവ കെസിബിസി യോഗത്തിനെത്തുമോയെന്നതും നിര്‍ണായകമാണ്.

×