Advertisment

പാലായില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കഴുത്തറത്തുകൊന്ന അഭിഷേക് കൃത്യം നടത്താനുള്ള രീതി തെരഞ്ഞെടുത്തത് പ്രമുഖ മലയാള വാര്‍ത്താ ചാനലിലെ കുറ്റകൃത്യ വാര്‍ത്താ ബുള്ളറ്റിന്‍ കണ്ട ശേഷം ? സെപ്റ്റംബര്‍ 18 ന് രാത്രിയിലെ വാര്‍ത്താധിഷ്ഠിതപരിപാടിയില്‍ കണ്ട ചെന്നൈ റെയില്‍വേ സ്റ്റേഷനിലെ കഴുത്തറക്കല്‍ കൊലതന്നെ പ്രേരണയായി ! കഴുത്തില്‍ പെട്ടന്ന് മുറിയുന്ന ഞരമ്പുകളേതെന്ന് കണ്ടെത്താന്‍ ഗൂഗിളിലും പരതി. ചെറുപ്രായത്തില്‍ കൊലപാതകം ചെയ്താല്‍ പരമാവധി ലഭിക്കുന്ന ശിക്ഷ എത്ര വര്‍ഷമെന്നുവരെ ഗൂഗിളില്‍ അന്വേഷണം നടത്തി. 21 കാരനായ താന്‍ ശിക്ഷ കഴിഞ്ഞു പരമാവധി 35 ആം വയസില്‍ സ്വതന്ത്രനാകുമെന്നും അഭിഷേക് കണ്ടെത്തിയിരുന്നു. സാഹചര്യത്തെളിവിനൊപ്പം ശാസ്ത്രീയ തെളിവും അഭിഷേകിന് ജയിലറ ഉറപ്പിക്കും !

New Update

publive-image

Advertisment

കോട്ടയം : പാലായില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ അഭിഷേക് ബൈജു കൃത്യം നടത്തിയത് ഒരു മലയാള വാര്‍ത്താ ചാനലിലെ കുറ്റകൃത്യ വാര്‍ത്താ പരിപാടി മാതൃകയാക്കിയെന്ന് കണ്ടെത്തല്‍.

കേസിലെ ശാസ്ത്രീയ തെളിവു ശേഖരണത്തിനിടെയാണ് ഇക്കാര്യം അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതി കൊലയ്ക്ക് മുമ്പ് നടത്തിയ എല്ലാ ആസൂത്രണവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

തലയോലപറമ്പ് സ്വദേശിനിയായ പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ നിഥിനയെ കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് സഹപാഠികൂടിയായ അഭിഷേക് കഴുത്തറത്തു കൊന്നത്.

താനുമായുള്ള പ്രണയത്തില്‍ നിന്നും നിഥിന പിന്‍മാറിയതാണ് അഭിഷേകിനെ പ്രകോപിപ്പിച്ചത്. ആഴ്ചകള്‍ക്ക് മുമ്പേ ഇതിനായി അഭിഷേക് കരുക്കള്‍ നീക്കിയിരുന്നു.

സെപ്റ്റംബര്‍ 18 ന് മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിലെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പ്രത്യേക അരമണിക്കൂര്‍ വാര്‍ത്താധിഷ്ഠിതപരിപാടിയിലാണ് അഭിഷേക് കത്തിക്കൊണ്ട് കഴുത്തറത്ത് കൊന്ന സമാനമായ സംഭവം കണ്ടത്.

ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവമാണ് അഭിഷേക് കണ്ടത്. ഈ വാര്‍ത്ത പിന്നീട് പലവട്ടം ഇയാള്‍ കണ്ടു മനസിലാക്കി.


കഴുത്തിലെ ഞരമ്പുകളെ കുറിച്ചും പെട്ടന്നു മുറിയാനിടയുള്ള ഞരമ്പുകളെ കുറിച്ചും ഗൂഗിളില്‍ അഭിഷേക് സെര്‍ച്ച് ചെയ്തു. ഒപ്പം പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമിക്കാമെന്നും നിഥിനയെ എങ്ങനെ കീഴ്‌പ്പെടുത്താമെന്നും അഭിഷേക് പ്രത്യേകം പരിശീലിച്ചു. ഇതിനു ശേഷമാണ് കൊല നടത്താം എന്ന തീരുമാനത്തിലേക്ക് ഇയാള്‍ എത്തിയത്.


അഭിഷേകിന്റെയും നിഥിനയുടെയും അഞ്ചു സുഹൃത്തുക്കളോട് അഭിഷേക് ഇക്കാര്യം പറഞ്ഞിരുന്നു. അവര്‍ ആരും ഇതു ഗൗരവമായി എടുത്തില്ല. കൊലപാതകം നടക്കുന്ന ദിവസത്തെ പരീക്ഷയുടെ മുമ്പ് തന്നെ നിഥിനയുടെ ഫോണ്‍ അഭിഷേക് ഒരു ദിവസം പിടിച്ചു വാങ്ങി കൊണ്ടുപോയിരുന്നു.

ഫോണ്‍ ലോക്ക് ചെയ്തിരുന്നത് ഫിംഗര്‍ പാസ് വേര്‍ഡ് ഉപയോഗിച്ചായിരുന്നു. മൂന്നു ഫിംഗര്‍ പാസ് വേര്‍ഡ് ആണ് നിഥിനയുടെ ഫോണില്‍ ഉപയോഗിക്കാന് കഴിയുമായിരുന്നത്. ഒന്ന് നിഥിനയുടെയും മറ്റൊന്ന് അഭിഷേകിന്റെയും മൂന്നാമത്തേത് നിഥിനയുടെ മറ്റൊരു സുഹൃത്തിന്റെയുമായിരുന്നു.

വീട്ടില്‍ ഫോണ്‍ കൊണ്ടുപോയ സമയം അഭിഷേക് നിഥിനയുടെ ഫോണ്‍ തന്റെ ഫിംഗര്‍ ഉപയോഗിച്ച് തുറന്നിരുന്നു. നിഥിനയ്ക്ക് മറ്റാരോടൊ ബന്ധമുണ്ടെന്ന സംശയം ഇതോടെ അഭിഷേകിന് ബലപ്പെട്ടു. ഇതോടെയാണ് കൊലപാതകം എന്ന തീരുമാനം അഭിഷേക് ഉറപ്പിച്ചത്.

ഇതിനിടെ കൊലപാതകത്തിന് തനിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയും ഗൂഗിളിന്റെ സഹായത്തോടെ അഭിഷേക് അറിഞ്ഞു വച്ചിരുന്നു.


പരമാവധി കിട്ടാനിടയുള്ള 14 വര്‍ഷം ശിക്ഷയും ഇപ്പോഴത്തെ തന്റെ പ്രായവും കണക്കുകൂട്ടി 35 ആം വയസില്‍ താന്‍ സ്വതന്ത്രനാകുമെന്ന കണക്കൂ കൂട്ടലും അഭിഷേക് നടത്തിയിരുന്നു. പ്രായത്തിന്റെ ആനുകൂല്യവും തനിക്കുണ്ടാകുമെന്ന് ഇയാള്‍ മുന്‍കൂട്ടി മനസിലാക്കിയിരുന്നു.


അതുകൊണ്ടുതന്നെ സാഹചര്യത്തെളിവിനൊപ്പം ശാസ്ത്രീയ തെളിവുകളും അഭിഷേകിന് എതിരാണ്. ഈ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച അന്വേഷണ സംഘം അഭിഷേകിന് വലിയ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാനുള്ള നീക്കത്തിലാണ്.

അതിനിടെ ചാനലുകളിലെ രാത്രിയിലുള്ള ക്രൈം വാര്‍ത്താധിഷ്ഠിതപരിപാടികള്‍ കുട്ടികളില്‍ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകളാണ് പാലാ സംഭവത്തിലൂടെ പുറത്തുവരുന്നത്.

ഇത്തരം പരിപാടികള്‍ കുറ്റകൃത്യ വാസനകള്‍ ഉള്ളവര്‍ക്ക് പരിശീലന കളരികളായി മാറുന്നുവെന്നാണ് പോലീസിലെ ഉന്നതര്‍ പോലും മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം പരിപാടികള്‍ സംബന്ധിച്ചു ചാനല്‍ അധികാരികള്‍ പുനര്‍ വിചിന്തനം നടത്തണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

Advertisment