Advertisment

മോന്‍സണ്‍ മാവുങ്കല്‍ എറണാകുളം പ്രസ്‌ക്ലബിന് നല്‍കിയ 10 ലക്ഷത്തില്‍ അഞ്ചുലക്ഷവും സഹിന്‍ ആന്റണിക്ക് നല്‍കിയെന്ന് പ്രസ്‌ക്ലബ് സെക്രട്ടറി ശശികാന്ത് ! പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്ന നിലയില്‍ താന്‍ തെറ്റുചെയ്തിട്ടില്ലെന്നും സഹിനെ വിശ്വസിച്ച് പോയെന്നും ശശികാന്ത്. ഭക്ഷണത്തിനായി അഞ്ചരലക്ഷം തരാമെന്നു പറഞ്ഞ സഹിന്‍ പിന്നീട് പ്രസ്‌ക്ലബ് അക്കൗണ്ടില്‍ പണം ഇടാനാവുന്നില്ലെന്നു പറഞ്ഞ് പേഴ്‌സണല്‍ അക്കൗണ്ട് നമ്പര്‍ വാങ്ങി. വന്ന പണത്തിന്റെ പകുതി 2020 ജനുവരിയില്‍ മൂന്നു ദിവസമായി സഹിന് ട്രാന്‍ഫര്‍ ചെയ്തു ! ജാഗ്രത കുറവുണ്ടായെന്നും തെറ്റു പൊറുക്കണമെന്നും സെക്രട്ടറിയുടെ കുമ്പസാരം ! എല്ലാം സഹിന്റെ തലയില്‍ വയ്ക്കുമ്പോഴും ആദ്യം പറഞ്ഞ രണ്ടരലക്ഷത്തിന്റെ കണക്കും കഥയുടെയും വാസ്തവും അറിയണമെന്ന് അംഗങ്ങളും

New Update

publive-image

Advertisment

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ 2020ല്‍ എറണാകുളം പ്രസ്‌ക്ലബിന്റെ കുടുംബമേളയ്ക്ക് സംഭാവന നല്‍കിയ 10 ലക്ഷം രൂപയില്‍ നിന്നും അഞ്ചുലക്ഷം രൂപ സഹിന്‍ ആന്റണിക്ക് കൈമാറിയെന്ന് സെക്രട്ടറി പി. ശശികാന്ത്. എറണാകുളം പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്ന നിലയില്‍ താന്‍ തെറ്റുചെയ്തിട്ടില്ലെന്നും സഹിനെ വിശ്വസിച്ച് പോയെന്നും ശശികാന്ത് പറയുന്നു. ഒരിക്കല്‍ പോലും മോന്‍സണെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും വിഷയത്തില്‍ തനിക്ക് ജാഗ്രത കുറവുണ്ടായതായും ശശികാന്ത് വ്യക്തമാക്കുന്നു.

അമൃത ടിവിയില്‍ സീനിയര്‍ ക്യാമറാമാനായ ശശികാന്ത് എറണാകുളം പ്രസ് ക്ലബിലെ സഹപ്രവര്‍ത്തകരോട് നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജില്ലാ കമ്മറ്റിയംഗമായ സഹിന്‍ ആന്റണിയെ താന്‍ വിശ്വസിക്കുകയായിരുന്നു. കുടുംബമേളയുടെ ഭക്ഷണ ചിലവ് പ്രവാസി സംഘടനയുടെ നേതാവായാ ഡോക്ടര്‍ വഹിക്കുമെന്നു പറഞ്ഞാണ് തന്നെ സഹിന്‍ സമീപിച്ചത്.

അഞ്ചര ലക്ഷം രൂപ ഭക്ഷണത്തിനു ചിലവാകുമെന്ന് താന്‍ സഹിനോട് പറഞ്ഞെന്നും 2020 ജനുവരി 22ന് പ്രസ്‌ക്ലബിന്റെ അക്കൗണ്ടില്‍ എറര്‍ മൂലം കാശുവരാത്തതിനാലാണ് പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് കാശു വാങ്ങിയതെന്നും ശശികാന്ത് പറയുന്നു. ജനുവരി 22,23,24 തീയതികളിലായി സഹിന്റെ അക്കൗണ്ടിലേക്ക് താന്‍ അഞ്ചുലക്ഷം രൂപ ഇട്ടു.

ജനുവരി 24ന് കുടുംബമേള നടത്തിയ റിസോര്‍ട്ടിന്റെ അക്കൗണ്ടിലേക്ക് നാലു ലക്ഷവും പിന്നീട് ഫെബ്രുവരി മൂന്നിന് ഒരുലക്ഷവും ട്രാന്‍സ്ഫര്‍ ചെയ്‌തെന്നും ശശികാന്ത് പറയുന്നുണ്ട്. സഹിനെ വിശ്വസിച്ചാണ് താന്‍ എല്ലാം ചെയ്തതെന്നും അറിഞ്ഞോ അറിയാതെയോ തെറ്റ് സംഭവിച്ചെങ്കില്‍ ക്ഷമിക്കണെമന്നുമാണ് ശശികാന്ത് പറയുന്നത്. കഴിഞ്ഞ ദിവസം തന്നെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്‌തെന്നും ശശികാന്ത് സമ്മതിക്കുന്നുണ്ട്.

എന്നാല്‍ ശശികാന്ത് പറഞ്ഞ കാര്യങ്ങളും മുമ്പ് സഹിന്‍ പ്രസ്‌ക്ലബ് ഭാരവാഹികളുടെ അടിയന്തര യോഗത്തില്‍ പറഞ്ഞതുമെല്ലാം തമ്മില്‍ നിരവധി പൊരുത്തക്കേടുണ്ട്. അന്നു രണ്ടുലക്ഷം രൂപ മാത്രമാണ് ഭക്ഷണ ചിലവിനായി വാങ്ങിയതെന്നായിരുന്നു ജില്ലാ കമ്മറ്റിയില്‍ സെക്രട്ടറി പറഞ്ഞത്. പിന്നീട് സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെ 10 ലക്ഷം കിട്ടിയെന്നും അതില്‍ അഞ്ചു ലക്ഷം സഹിന്‍ കൊണ്ടുപോയെന്നും പറയുന്നത്.

കണക്കിലും പ്രസ്താവനയിലും പൊരുത്തക്കേട് ഉണ്ടെന്നു തന്നെയാണ് പ്രസ്‌ക്ലബ് അംഗങ്ങളുടെ നിലപാട്.

ശശികാന്തിന്റെ പ്രസ്താവന ഇങ്ങനെ:

സുഹൃത്തുക്കളെ,

പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കല്‍ 2020 ലെ പ്രസ് ക്ലബ്ബ് കുടുംബമേളയ്ക്ക് നല്‍കിയ സംഭാവനയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത് പ്രകാരം 20 -10 -21 ന് ഹാജരായി ഞാന്‍ സ്റ്റേറ്റ്മെന്റ് നല്‍കി.

ഇത് സംബന്ധിച്ച് നിരവധി കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ വസ്തുതകള്‍ വ്യക്തമാക്കാനാണ് ഈ കുറിപ്പ്.

കുടുംബ മേളയുടെ നടത്തിപ്പിനെ കുറിച്ചുളള ആലോചനക്കിടയില്‍ ജില്ലാ കമ്മിറ്റി അംഗം സഹിന്‍ ആന്റണിയാണ് ഒരു പ്രവാസി മലയാളി സംഘടനയിലെ ഡോക്ടര്‍ ഉണ്ടെന്നും ഭക്ഷണത്തിന്റെ ചലവ് വഹിക്കാന്‍ അയാള്‍ തയ്യാറാകുമെന്നും അറിയിച്ചത്. ഭക്ഷണ ചിലവ് എത്രയാണെന്ന് സഹിന്‍ ചോദിച്ചപ്പോള്‍ അഞ്ചര ലക്ഷം ആണെന്ന് അറിയിച്ചു. ഇയാള്‍ ആരാണെന്നോ എന്താണെന്നോ അറിയുമായിരുന്നില്ല.

പറഞ്ഞ് കേട്ടതനുസരിച്ച് ഉന്നത ബന്ധങ്ങളുള്ള ഒരു സമ്പന്നന്‍ ആണെന്ന് മാത്രമേ മനസിലാക്കിയുള്ളൂ. ഈ വ്യക്തിയെ കുറിച്ച് അന്ന് കൂടുതല്‍ ഒന്നും അറിയുമായിരുന്നില്ല. അന്വേഷിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. ആവശ്യവും തോന്നിയില്ല. പണം കൈമാറാന്‍ പ്രസ് ക്ലബ്ബിന്റെ അക്കൗണ്ട് നമ്പറും സഹിന് കൈമാറി.

എന്നാല്‍ 2020 ജനവരി 22 ന് സഹിന്‍ എന്നെ വിളിച്ച് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടില്‍ പണം വീഴുന്നില്ല എന്തോ എറര്‍ ഉണ്ടെന്ന് അറിയിച്ചു. അത് കൊണ്ട് എന്റെ പേഴ്സണല്‍ അക്കൗണ്ട് നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും കുടുംബ മേളയുടെ ദിവസം അടുത്തതിനാല്‍ നിര്‍ബന്ധിത സാഹചര്യവും ആയിരുന്നു.

സ്പോണ്‍സര്‍ തനിക്ക് വളരെ വിശ്വാസം ഉള്ള ആള്‍ ആണെന്നും അയാളുടെ യൂടൂബ് പോലുള്ള വീഡിയോ ജോലികള്‍ ചെയ്യുന്നത് താനാണെന്നും അതിന്റെ പേരില്‍ പണം കിട്ടാറുണ്ടെന്നും സഹിന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സഹിനെ വിശ്വാസിച്ച ഞാന്‍ എന്റെ പേഴ്സണല്‍ അക്കൗണ്ട് നമ്പര്‍ സഹിന് കൈമാറി എന്നാല്‍ അഞ്ചര ലക്ഷത്തിന് പകരം എന്റെ അക്കൗണ്ടില്‍ അന്ന് തന്നെ പത്ത് ലക്ഷം രൂപ വന്നതായി സഹിന്‍ എന്നെ വിളിച്ച് പറഞ്ഞു.

അതില്‍ അഞ്ച് ലക്ഷം സഹിന് മോന്‍സന്‍ കൊടുക്കാന്‍ ഉള്ളതാണെന്നും പറഞ്ഞു. അതിനെ തുടര്‍ന്ന് ജനവരി 22,23,24 തീയതികളിലായി അഞ്ച് ലക്ഷം രൂപ ഈ അക്കൗണ്ടില്‍ നിന്ന് സഹിന് കൈമാറി. ജനുവരി 24 ന് 4 ലക്ഷവും ഫെബ്രവരി 3 ന് 1 ലക്ഷവും കുടുംബ മേള നടന്ന റിസോര്‍ട്ടിലേക്ക് ആ അക്കൗണ്ടില്‍ നിന്ന് ബാക്കിയുള്ള അഞ്ച് ലക്ഷം രൂപയും ട്രാന്‍സ്ഫര്‍ ചെയതു. അതിന്റെ എല്ലാ ബില്ലും ഡീറ്റയ്ല്‍സും ഉണ്ട്. ഇതാണ് സത്യാവസ്ഥ.

ഇക്കാര്യങ്ങള്‍ തെളിവ് സഹിതം ഞാന്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. മോന്‍സനെ ഒരു തവണ പോലും ഞാന്‍ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ല. മോന്‍സന്‍ വിഷയം ഉണ്ടായപ്പോള്‍ അയാളുമായി അടുപ്പത്തില്‍ ആയിരുന്ന സഹിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ അയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എന്റെ മൊഴി എടുത്തത്.

കമ്മിറ്റി അംഗമെന്ന നിലയിലാണ് സഹിനെ ഞാന്‍ വിശ്വാസിച്ചത്. കുടുംബ മേളയും പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട ഓരോ പരിപാടികളും വിജയിപ്പിക്കാന്‍ അങ്ങേയറ്റം അത്മാര്‍ത്ഥതയോടും സത്യസന്ധതയോടെയും മാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളു. മേള നടത്താനുള്ള പണം കിട്ടാത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ തിരക്കിട്ട് നടത്തുന്നതിന്റെ ഇടയില്‍ സംഭവിച്ച വീഴ്ചയാണിതെന്നും ഇക്കാര്യത്തില്‍ ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ഞാന്‍ സമ്മതിക്കുന്നു.

മേലില്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യൂ. ഗുരുസ്ഥാനീയരായ നിരവധി പേര്‍ ഇരുന്ന പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനം എന്നെ വിശ്വാസിച്ച് ഏല്‍പ്പിച്ച ഓരോരുത്തരോടും ഞാന്‍ ആണയിട്ട് പറയുന്നു, ഞാനായിട്ട് ഈ സ്ഥാനത്തിന് കളങ്കം ഏല്‍പ്പിക്കില്ല. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ അറിഞ്ഞോ അറിയാതയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജ്യം ക്ഷമ ചോദിക്കുന്നു.

monson mavunkal
Advertisment