Advertisment

മോന്‍സണ്‍ മാവുങ്കലിന്റെ 10 ലക്ഷത്തില്‍ അഞ്ചുലക്ഷം വാങ്ങിയത് താനാണെന്ന പ്രസ്‌ക്ലബ് സെക്രട്ടറിയുടെ ആരോപണത്തിനെതിരെ സഹിന്‍ ആന്റണി ! തനിക്ക് അക്കൗണ്ടിലൂടെ നല്‍കിയ പണം 2.5ലക്ഷം രൂപ മാത്രം. 50000 രൂപ താന്‍ തിരിച്ച് സെക്രട്ടറി ശശികാന്തിന് നല്‍കി. ശശികാന്തിനൊപ്പം മോന്‍സണ്‍ മാവുങ്കലിനെ കണ്ടത് മൂന്നു തവണ ! ശശികാന്തിന്റെ അക്കൗണ്ടില്‍ പണം വന്നെന്ന കാര്യം ആരോടും പറയരുതെന്നും തന്നെ രക്ഷിക്കാമെന്നും ശശികാന്ത് വാക്കു നല്‍കി. ശശികാന്ത് വ്യാജബില്ലുകള്‍ തയ്യാറാക്കി ക്രൈംബ്രാഞ്ചിന് നല്‍കിയെന്നും സഹിന്‍ ! തട്ടിപ്പുകാരനെയും പറ്റിച്ച മാധ്യമപ്രവര്‍ത്തകരായ തട്ടിപ്പുകാര്‍ തമ്മില്‍ തല്ലുന്നു

New Update

publive-image

Advertisment

കൊച്ചി: എറണാകുളം പ്രസ്‌ക്ലബിലെ കുടുംബമേളയ്ക്ക് പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ നല്‍കിയ 10 ലക്ഷം രൂപ വീതിച്ച കണക്കിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. എല്ലാത്തിനും കാരണം സഹിന്‍ ആന്റണിയാണെന്ന പ്രസ് ക്ലബ് സെക്രട്ടറി ശശികാന്തിന്റെ വാദം തള്ളി സഹിന്‍ തന്നെ രംഗത്തെത്തി. പ്രസ്‌ക്ലബിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലാണ് സഹിന്റെ വിശദീകരണം.

മോന്‍സന്‍ നല്‍കിയ പത്തു ലക്ഷത്തില്‍ അഞ്ചു ലക്ഷവും തട്ടിയത് താനാണെന്ന പ്രസ് ക്ലബ് സെക്രട്ടറി ശശികാന്തിന്റെ വിശദീകരണം തട്ടിപ്പാണെന്നു സഹിന്‍ ആന്റണി കെ.യു.ഡബ്ല്യൂ.ജെ എറണാകുളം ജില്ലാ കമ്മിറ്റി വാട്സാപ് ഗ്രൂപ്പില്‍ അറിയിച്ചു. മോന്‍സനെ കണ്ടിട്ടേയില്ലെന്ന ശശികാന്തിന്റെ നിഷ്‌കളങ്ക വാദം സഹിന്‍ പൊളിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നുവട്ടം മോന്‍സണെ കണ്ടെന്നാണ് സഹിന്റെ വാദം.

ഒപ്പം പ്രസ്‌ക്ലബിന് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയാല്‍ 20 ശതമാനം കമ്മീഷന്‍ തരാമെന്നും പ്രസ് ക്ലബിന്റെ അക്കൗണ്ടില്‍ തുകയിട്ടാല്‍ കമ്മീഷന്‍ കുറയുമെന്നും ശശികാന്ത് പറഞ്ഞെന്നും സഹിനും പറയുന്നു. ഡയറിക്ക് പരസ്യം പിടിക്കുന്ന അംഗങ്ങള്‍ക്ക് 20 ശതമാനം കമ്മീഷന്‍ നല്‍കുന്നതുപോലെ ഇതിനും കമ്മീഷന്‍ നല്‍കാമെന്ന് സെക്രട്ടറി പറഞ്ഞതായും സഹിന്‍ വെളിപ്പെടുത്തുന്നു.

തനിക്ക് അക്കൗണ്ടിലൂടെ 2.5 രൂപ ശശികാന്ത് നല്‍കിയെന്നും മോന്‍സണ്‍ അറസ്റ്റിലായതോടെ തന്നെ വന്നുകണ്ട് തന്റെ അക്കൗണ്ടിലൂടെയാണ് പണം നല്‍കിയതെന്ന കാര്യം പറയരുതെന്നും ശശികാന്ത് ആവശ്യപ്പെട്ടു. ശശികാന്ത് വ്യാജ ബില്ലിനായി ഓടിനടന്നെന്നും സഹിന്‍ പറയുന്നു.

സഹിന്‍ ആന്റണി കെയുഡബ്ലുജെ ഗ്രൂപ്പില്‍ പങ്കിട്ട പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയ സുഹൃത്തുക്കളെ,

എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി കുടുംബമേളയുമായി ബന്ധപ്പെട്ട് എന്നെ പഴിചാരിക്കൊണ്ട് ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു.ഇത് തികച്ചും തെറ്റിദ്ധാരണ പടര്‍ത്തുന്നതും കള്ളവുമാണ്.2020 ജനുവരി മാസത്തിലെ കുടുംബമേളയില്‍ ഫിനാന്‍സ് കമ്മിറ്റി അംഗമായിരുന്ന എന്നോട് ഭക്ഷണത്തിനും മറ്റ് ചിലവുകള്‍ക്കുമായി ഒരു സ്പോണ്‍സറെ കണ്ടെത്താന്‍ സെക്രട്ടറി ശശികാന്ത് ആവശ്യപ്പെട്ടിരുന്നു.

അതുകൊണ്ട് തന്നെ പലയാളുകളുമായി സ്പോണ്‍സര്‍ഷിപ്പ് കാര്യം ഞാന്‍ സംസാരിക്കുകയും ചെയ്തു.ഒടുവില്‍ പ്രവാസി മലയാളി പാട്രണ്‍ ആയ മോന്‍സന്റെ കാര്യവും സൂചിപ്പിച്ചിരുന്നു.തുടര്‍ന്ന് ഞാനും ശശികാന്തും 3 തവണ മോന്‍സനെ നേരില്‍ കണ്ട് സ്പോണ്‍സര്‍ഷിപ് കാര്യം സംസാരിക്കുകയും ചെയ്തു.ഒരു തവണ കല്യാണ്‍ സില്‍ക്സിനടുത്തുള്ള ചെരുപ്പ്കടയില്‍ വെച്ചും രണ്ട് തവണ മോന്‍സന്റെ കലൂരിലെ വീട്ടില്‍ വെച്ചുമാണ് നേരില്‍ കണ്ടത്. സ്പോണ്‍സര്‍ഷിപ്പ് ശരിയാക്കിയാല്‍ 20% കമ്മീഷനായി ഡയറിക്കെല്ലാം പ്രസ് ക്ലബ് അംഗങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കുന്നത് പോലെ എനിക്ക് നല്‍കാം എന്ന് ശശികാന്ത് ഏല്‍ക്കുകയും ചെയ്തിരുന്നു.

ഒടുവില്‍ മോന്‍സല്‍ 10 ലക്ഷം രൂപ സ്പോണ്‍സര്‍ഷിപ്പ് നല്‍കിയതോടെ ശശികാന്ത് തന്റെ അക്കൌണ്ടിലേക്ക് ഈ പണം വാങ്ങുകയാണ് ഉണ്ടായത്. അന്ന് പ്രസ് ക്ലബ് അക്കൗണ്ടില്‍ എന്തുകൊണ്ടാണ് വാങ്ങാത്തത് എന്ന എന്റെ ചോദ്യത്തിന് പ്രസ് ക്ലബ് അക്കൗണ്ടില്‍ വന്നാല്‍ കമ്മീഷന്‍ കുറയും എന്നായിരുന്നു മറുപടി. തുടര്‍ന്ന് ശശികാന്തിന്റെ അക്കൌണ്ടില്‍ പണം വാങ്ങുകയും കമ്മീഷനായി മൂന്ന് ഘട്ടങ്ങളില്‍ പണം നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തു.

അതനുസരിച്ച് ജനുവരി 22 ന് വൈകുന്നേരം 4.58 ന് 50000 രൂപയും ജനുവരി 23 രാവിലെ 6.35ഓടെ 25000 രൂപയും ജനുവരി 24 ന് രാവിലെ 10.19ഓടെ 25000 രൂപയും ജനുവരി 24 ന് വൈകുന്നേരം 4.38 ന് 150000/ രൂപയും എന്റെ അക്കൗണ്ടിലേക്ക് ക്രഡിറ്റായി നല്‍കി. ഇതില്‍ 50000 രൂപ കൂടുതലുണ്ടല്ലോ എന്നറിയിച്ചപ്പോള്‍ ശശികാന്ത് ആവശ്യപ്പെടുമ്പോള്‍ തിരികെ നല്‍കിയാല്‍ മതി എന്നായിരുന്നു മറുപടി.പിന്നീട് പല ഘട്ടങ്ങളിലായി ഈ പണം ഞാന്‍ തിരികെ നല്‍കിട്ടുള്ളതുമാണ്.

എന്നാല്‍ മോന്‍സന്‍ കേസ് ചര്‍ച്ചയായപ്പോള്‍ ശരികാന്ത് രണ്ട് തവണ എന്നെ നേരില്‍ വന്ന് കണ്ടിരുന്നു. ശശികാന്തിന്റെ അക്കൗണ്ടില്‍ പണം വാങ്ങിയത് പറയരുതെന്നായിരുന്നു ആവശ്യം. ആദ്യ തവണ കണ്ടത് ഫോര്‍ഷോര്‍ റോഡില്‍ വെച്ചും രണ്ടാമത് എറണാകുളം പ്രസ്‌ക്ലബില്‍ ഞായറാഴ്ച ദിവസവുമായിരുന്നു കണ്ടത്. തുടര്‍ന്ന് മോന്‍സന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ വിളിച്ച കമ്മറ്റിക്ക് മുന്‍പ് ഈ സത്യങ്ങള്‍ തുറന്ന് പറയാന്‍ തീരുമാനിച്ച എന്നോട് ഒന്നും പറയേണ്ടതില്ല എന്നും നിന്റെ കമ്മീഷനൊഴിച്ചുള്ള ബാക്കി തുകയെല്ലാം ചിലവായ കണക്ക് തന്റെ പക്കലുണ്ടെന്നും താനതിനെ പ്രതിരോധിച്ചുകൊള്ളാം എന്നുമാണ് ശശികാന്ത് ഉറപ്പ് നല്‍കിയിരുന്നത്.

കമ്മറ്റിയില്‍ ശശികാന്തിന്റെ ആള്‍ബലം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.പൊതുവെ ദുര്‍ബലമായ അവസ്ഥയിലായിരുന്ന എന്നെ അദ്ദേഹം ചൂഷണം ചെയ്യുകയായിരുന്നു എന്ന് മനസിലാക്കാന്‍ ഞാന്‍ വൈകിപ്പോയി.എന്നാല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഞാനീ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു.

ഇതോടെ സത്യം പുറത്ത് വരുമെന്ന് ഭയന്ന ശശികാന്ത് എന്നെ വിളിച്ച് മോശമായി സംസാരിക്കുകയും എനിക്കെതിരെ കള്ളപ്രചരണങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നത്.പിന്നീട് പ്രസ് ക്ലബ് ഭാരവാഹികള്‍ അംഗങ്ങളായ ഗ്രൂപ്പില്‍ നിന്നും' ഇന്ന് രാവിലെ 7.40 ഓടെ എന്നെ ഒഴിവാക്കുകയും അതിന് ശേഷം കളവായ പ്രചരണങ്ങള്‍ എനിക്കെതിരെ അഴിച്ച് വിടുകയുമാണ് ചെയ്തിട്ടുള്ളത്.

എന്റെ മറു ചോദ്യങ്ങള്‍ ഭയന്നായിരിക്കാം ഇങ്ങനെ ചെയ്തതെന്നും ഞാന്‍ വിശ്വസിക്കുന്നു.മാത്രമല്ല ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഇദ്ദേഹം കള്ള ബില്ല് ഉണ്ടാക്കാന്‍ ഓടി നടന്ന കാര്യം നമ്മള്‍ക്കെല്ലാം അറിയാവുന്നതും ആണല്ലോ.

ഇത് സംബന്ധിച്ച് ഏത് തരത്തിലുള്ള അന്വേഷണം നേരിടാനും ഞാന്‍ തയാറാണ്. ഇതോടൊപ്പം ശശികാന്ത് എനിക്ക് നല്‍കിയ പണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വക്കുന്നു.നിങ്ങള്‍ക്കാര്‍ക്കും പരിശോധിക്കാവുന്നതാണ്.

Advertisment