Advertisment

മുല്ലപ്പെരിയാറില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന തമിഴ്‌നാടിന്റെ കയ്യില്‍ അടിക്കാന്‍ വടി കൊടുക്കുന്നതിന് തുല്യം ! 137 അടി വെള്ളം വന്നിട്ടും മുഖ്യമന്ത്രി പോലും ഭയക്കുന്നില്ലാത്ത സാഹചര്യത്തില്‍ ജലനിരപ്പ് 142 അടിയില്‍ കുറയ്‌ക്കേണ്ടെന്ന തമിഴ്‌നാടിന്റെ വാദത്തിന് ബലം പകരും. കേരളം അനാവശ്യ ഭീതി പരത്തുകയാണന്നു സുപ്രീംകോടതിയിലും വാദം ഉയരും ! കേരളത്തെ സുപ്രീംകോടതിയില്‍ തോല്‍പ്പിക്കുമോ മുഖ്യമന്ത്രിയുടെ നിലപാട് ! കേസെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഭീഷണിക്കെതിരെ ഇടുക്കി നിവാസികളും രംഗത്ത്. ഡാം പൊട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കാനാകുമോയെന്നും വിമര്‍ശനം

New Update

publive-image

Advertisment

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ അനാവശ്യ ഭീതി പരത്തുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനം. കാര്യം പറയുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നുള്ള ഭീഷണി വിലപ്പോകില്ലെന്നാണ് വിമര്‍ശനം. ജനങ്ങളുടെ ആകുലത പരിഹരിക്കാതെ ഭീഷണിമാത്രം നടത്തിയാല്‍ അംഗീകരിക്കില്ലെന്നും പലരും പറയുന്നുണ്ട്.

പണ്ട് സിപിഎം അടക്കമുള്ള കക്ഷികള്‍ 132 അടിയിലേക്ക് ജലനിരപ്പെത്തിയപ്പോള്‍ നടത്തിയ സമരം എന്തിനെന്ന് മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും. അതല്ല ഇത്തരമൊരു പരാമര്‍ശം ആരുടെയെങ്കിലും കയ്യടിക്ക് വേണ്ടിയാണ് നടത്തിയതെങ്കില്‍ അതുകൂടി പറയണമെന്നാണ് പലരും പറയുന്നത്.

സിപിഎമ്മിന്റെ ഇടുക്കി ജില്ലാ ഘടകത്തോടു പോലും ആലോചിച്ചിരുന്നെങ്കില്‍ ഇത്തരമൊരു കാര്യം മുഖ്യമന്ത്രി പറയില്ലായിരുന്നു. ഡാം പൊട്ടുമെന്ന ആശങ്ക പങ്കുവയ്ക്കുന്ന ലക്ഷക്കണത്തിന് ആളുകള്‍ക്കെതിരെ കേസെടുത്താല്‍ ഡാമിന്റെ ഭീഷണിയൊഴിയുമോയെന്നും ചോദ്യമുണ്ട്. പെരിയാറിന്റെ താഴ് വരയില്‍ താമസിക്കുന്ന ആളുകളെ പരിഹസിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും വിമര്‍ശനമുണ്ട്.

അതിനിടെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളെ തമിഴ്‌നാട് സുപ്രീംകോടതിയില്‍ മുതലെടുക്കാനുള്ള സാധ്യതയുണ്ട്. കേരള മുഖ്യമന്ത്രിപോലും ഡാമിന്റെ അവസ്ഥയില്‍ അപകടമില്ലെന്നു പറയുമ്പോള്‍ പിന്നെ എന്തിനാണ് കേസെന്ന ചോദ്യം ഉയരും. കേരളം അനാവശ്യഭീതിയാണ് ഉയര്‍ത്തുന്നതെന്ന തമിഴ്‌നാടിന്റെ വാദത്തിനെ സഹായിക്കാനേ മുഖ്യമന്ത്രിയുടെ നിലപാട് സഹായിക്കു.

ഇന്നു സുപ്രീംകോടതിയില്‍ ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കേരളം നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ 137 അടി കഴിഞ്ഞിട്ടും സര്‍ക്കാര്‍ തന്നെ ഭീഷണിയില്ലെന്ന് പറയുന്ന സാഹചര്യത്തില്‍ എന്തിനാണ് ഹര്‍ജിയെന്ന് തമിഴ്‌നാട് വാദിച്ചാല്‍ കേരളത്തിന്റെ ഉത്തരം മുട്ടും.

mullapperiyar dam
Advertisment