/sathyam/media/post_attachments/5yOhO5y63YNOca5Rb4PH.jpg)
ഇടുക്കി (വണ്ടിപ്പെരിയാര്‍): പെരിയാര്‍ നിവാസികളുടെ ആശങ്ക വര്‍ധിപ്പിച്ച് മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ വീണ്ടും കനത്ത മഴ. മഴ തുടരുന്നതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138യിലേക്ക് ഉടന്‍ എത്തുമെന്നും. ഈ വിധം മഴ തുടര്‍ന്നാല്‍ അടുത്തയാഴ്ചയോടെ ജലനിരപ്പ് 142 അടിയാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഇന്നലെ അല്‍പ്പം നീരൊഴുക്ക് കുറഞ്ഞെങ്കിലും ഇന്നു വീണ്ടും കൂടി. വൃഷ്ടി പ്രദേശത്ത് മഴ കനത്താല്‍ മൂന്നു ദിവസം വരെ നീരൊഴുക്ക് തുടരും.
അതിനിടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് പരാമാവധി കവിഞ്ഞു. 2200സി/എസ് ആണ് പരാമാവധി കൊണ്ടുപോകാവുന്ന ജലം. ഇതിന്റെ നാലിരട്ടിയാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
ഡാം അപകടത്തിലല്ലെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും പറയുന്നുണ്ടെങ്കിലും ആശങ്കയില്ലെന്നു പൂര്‍ണമായി പറയാന്‍ അവര്‍ക്കാവില്ല. ഒഴിപ്പിക്കേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഡാംസുരക്ഷിതമായ അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനാല്‍ തമിഴ്‌നാട് അതു കോടതിയില്‍ ആയുധമാക്കും.
പുതിയ ഡാം പണിയെണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് എല്ലാവരും പറയുമ്പോള്‍ പഴയ ഡാം സുരക്ഷിതമാണെന്ന വാദത്തിനു സംസ്ഥാനത്തെ ഉത്തരവാദിത്വപ്പെട്ടവര്‍ പിന്തുണ നല്‍കുന്നത് കേരളത്തിന് തിരിച്ചടിയാണ്. ഇതു സുപ്രീംകോടതിയിലും കേരളത്തിന് ദോഷകരമാണ്.
നേരത്തെ പെരിയാര്‍ നിവാസികളുടെ ആവശ്യത്തിന് എല്ലാ പിന്തുണയും നല്‍കി സമരരംഗത്ത് ഇറങ്ങിയവര്‍ പലരും ഇപ്പോള്‍ പിന്‍മാറിയ മട്ടാണ്. ഭരണ തലത്തിലേക്ക് എത്തിയതോടെയാണ് പലരും ഈ വാദത്തില്‍ നിന്നും പിന്തിരിഞ്ഞത്. ഇത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.