ആന്‍സിയും അഞ്ജനയും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് പ്രമുഖരുടെ വിവരങ്ങള് പുറത്താകുമെന്ന ഭീതിയിലാണ് ഈ ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടത്. ഈ പാര്‍ട്ടിക്കിടെ ലഹരി വിളമ്പിയെന്ന സംശയം പോലീസിനുണ്ട്
കൊച്ചി: മുന്‍ മിസ് കേരള ആന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷികും മരിച്ച വാഹനാപടത്തിന് പിന്നാലെ ഏറെ വിവാദമാകുകയാണ് കൊച്ചിയിലെ രാത്രികാല ഡിജെ പാര്‍ട്ടികള്‍.
കൊച്ചിയിലെ പല നക്ഷത്ര ഹോട്ടലുകളുടെയും ഇപ്പോഴത്തെ പ്രധാന വരുമാനം ഈ ഡിജെ പാര്‍ട്ടികള്‍ തന്നെയാണ്. ഇത്തരം ഡിജെ പാര്‍ട്ടികള്‍ വെറും പാര്‍ട്ടികള്‍ മാത്രമാണോ അതോ മദ്യവും മയക്കുമരുന്നും വിതരണം ചെയ്യുന്ന പാര്‍ട്ടികളാണോയെന്ന യാഥാര്‍ത്ഥ്യം അന്വേഷിക്കുകയാണ് ഈ പരമ്പരയിലൂടെ.
മുന്‍ മിസ്‌കേരളയും റണ്ണറപ്പുമൊക്കെ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്നത് ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലാണ്. ഒക്ടോബര്‍ 31ന് രാത്രിയായിരുന്നു ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്നത്. ഇതിനു നാലു ദിവസം മുമ്പാണ് എക്‌സൈസ് ഈ ഹോട്ടലില്‍ ലഹരി മരുന്ന് വില്‍പ്പനയെ കുറിച്ച് അന്വേഷണം നടത്തിയത്.
ആരാണ് പാര്‍ട്ടി നടത്തിയത്, എങ്ങനെ ആളെ കൂട്ടി
ആന്‍സി കബീറിന്റെയും സുഹൃത്തുക്കളുടെയും മരത്തില്‍ പോലീസിന് സംശയങ്ങളൊന്നുമില്ല. അപകടം തന്നെയാണ് ഇവര്‍ക്ക് വിനയായതെന്നാണ് പോലീസ് നിഗമനം. പക്ഷേ അപകടത്തിനിടയാക്കിയ സാഹചര്യം തേടിയാണ് പോലീസ് അന്വേഷണം.
മദ്യലഹരിയിലായിരുന്നു അപകടത്തില്‍ പെട്ടവരെന്നാണ് പോലീസിന് വിവരം ലഭിച്ചത്. പുലര്‍ച്ചയോടെയുണ്ടാ അപകടത്തില്‍ പെട്ടവര്‍ക്ക് സമയം കഴിഞ്ഞിട്ടും മദ്യം ലഭിച്ചതെങ്ങനെയെന്ന കണ്ടെത്താനുള്ള നീക്കമാണ് ഡിജെ പാര്‍ട്ടിയിലേക്ക് നയിച്ചത്.
എന്നാല്‍ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങളടക്കം മായ്ച്ചാണ് പോലീസിനെ ഹോട്ടലധികൃതര്‍ കബളിപ്പിച്ചത്. ഈ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത് ഹോട്ടല്‍ തന്നെയാണോ അതോ മറ്റു വല്ലവരുമാണോയെന്നാണ് പോലീസ് അന്വേഷണം നടത്തുന്നത്.
അപകടത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും മായ്ച്ചതെന്തിന് ?
ഒരു അപകട മരണം തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നിരിക്കെ ഡിജെ പാര്‍ട്ടി നടത്തിയതില്‍ പേടിക്കാനൊന്നുമില്ലെങ്കില്‍ എന്തിനാണ് ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ മായ്ച്ചത് ? ഇയൊരു ചോദ്യം തന്നെയാണ് പോലീസിനെ കൂടുതല്‍ സംശയത്തിലേക്ക് നയിച്ചത്. ഈ പാര്‍ട്ടിക്കെത്തിയവരുടെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
ആന്‍സി കബീറും അഞ്ജന ഷാജനും സുഹൃത്തുക്കളും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖരുടെ വിവരങ്ങള് പുറത്താകുമെന്ന ഭീതിയിലാണ് ഈ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ കാരണം. ഈ പാര്‍ട്ടിക്കിടെ ലഹരി വിളമ്പിയെന്ന സംശയം പോലീസിനുണ്ട്.
ഈ സംശയത്തിലേക്ക് പോലീസിനെ നയിക്കുന്ന കാരണങ്ങള്‍ പലതാണ്. എല്ലാ വീക്കെന്‍ഡിലും ഇവിടെ ഡിജെ പാര്‍ട്ടികള്‍ പതിവാണ്. ഈ പാര്‍ട്ടികള്‍ക്ക് എത്തുന്ന എല്ലാവരും ലഹരി ഉപയോഗിക്കുന്നു എന്ന് പറയുന്നില്ലെങ്കിലും ഭൂരിപക്ഷവും ഇതിനായാണ് എത്തുന്നത്.
ഈ ഹോട്ടലിലെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത് ചില ഉന്നതരൊക്കെ ചേര്‍ന്നാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മലയാള സിനിമയിലെ ചില പുതുമുഖ താരങ്ങളും ഈ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. ഇവരുടെ വിവരങ്ങള്‍ പുറത്തുവരരുതെന്ന ലക്ഷ്യത്തോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നാണ് സംശയം.
ഡിജെ പാര്‍ട്ടിക്കിടെ മറ്റെന്തെങ്കിലും കശപിശ നടന്നോ എന്നും ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത ചിലരുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. എന്തായാലും ഇവരുടെ അപകട മരണത്തിന് പിന്നാലെ കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് ഒരു ചെറിയ നിയന്ത്രണം വന്നിട്ടുണ്ട്.
കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകളിലെയും ആഡംബര നൗകകളിലെയും പാര്‍ട്ടികളില്‍ പലപ്പോഴും ചില ഉന്നത സാന്നിധ്യങ്ങളുണ്ട്. സിനിമാ മേഖലകളിലെ പ്രമുഖരെ കാണിച്ചും അവര്‍ക്കൊപ്പം ആട്ടും പാട്ടവും നടത്താമെന്ന വാഗ്ദാനവും ഒപ്പം അതിലേറെ വരുന്ന ലഹരിയും ഈ പാര്‍ട്ടികളില്‍ ഓഫറുണ്ടാകും. ഇത്തരം പാര്‍ട്ടികളിലൂടെ കാശുണ്ടാക്കുന്നവരെ കുറിച്ച് നാളെ.
(പരമ്പര തുടരും)