കൊച്ചി: മുന്‍ മിസ് കേരള ആന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഓരോന്നായി അഴിഞ്ഞു വീഴുകയാണ്. വാഹനാപടകം തന്നെയാണോ ഇവരുടെ മരണത്തിന് പിന്നിലെന്ന് സംശയം കൂടുതലായി ഉയരുമ്പോഴും ഇവരുടെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരാരൊക്കെയെന്ന കാര്യം ഇപ്പോഴും ഉറപ്പില്ല.
എന്തുകൊണ്ടാണ് കേരളത്തിലെ യുവത്വം ഈ ഡിജെ പാര്‍ട്ടികളുടെ പിന്നാലെ ഇങ്ങനെ പായുന്നത്. ആഘോഷങ്ങളോട് യുവജനത ആകൃഷ്ടരാകുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അവിടെ വഴിതെറ്റി ഒരു പുതുതലമുറ പോകുകയാണേല്‍ എന്തുഫലം.
നവമാധ്യമങ്ങളിലൂടെ സംഘാടനം
കൊച്ചിയിലെ ഏതാണ്ട് 90 ശതമാനം നക്ഷത്ര ഹോട്ടലുകളിലും ഇന്നു ഡിജെ പാര്‍ട്ടികളുണ്ട്. ഹോട്ടലുകളുടെ ഗ്രേഡ് അനുസരിച്ചാണ് ആളുകള്‍ കൂടുന്നത്. മിക്കവാറും എല്ലാ വീക്കെന്‍ഡിലുമാണ് പാര്‍ട്ടി സംഘടിപ്പിക്കുക.
ശനി, ഞായര്‍ ദിവസങ്ങളും പൊതു അവധിയുമാണ് പ്രധാന സംഘാടനം. ആളെ കൂട്ടുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യേക പേജുകളുണ്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തടങ്ങിയവയിലൂടെയാണ് പ്രധാനമായും ആളുകളെ ഡിജെയുടെ വിശദാംശങ്ങള്‍ അറിയിക്കുന്നത്.
കുടുസു മുറിയും ലൈറ്റും ഡിസ്‌കോ ജോക്കിമാരും
വലിയ ഹാളുകളിലും പ്രത്യേക സംവീധാനങ്ങളിലുമൊക്കെയായി പുതുവത്സര ദിനത്തില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളായിരുന്നു ഒരു 10 വര്‍ഷം മുമ്പ് വരെ കേരളത്തിന് പരിചയം. ഇപ്പോള്‍ അതൊക്കെ പഴങ്കഥ. ഒരു കുടുസു മുറിയും 10 കസേരയും ഇടാന്‍ സ്ഥലമുണ്ടെങ്കില്‍ അതുമതി.
വിശാലമായ സൗകര്യത്തിനപ്പുറം ആട്ടും പാട്ടുമായി ഒരു മൂന്നോ നാലോ മണിക്കൂര്‍ ചെലവഴിക്കാന്‍ ഒരു ചെറിയ ഗ്രൂപ്പിനു പോലും സൗകര്യമുണ്ട്. പ്രമുഖരായ ഡിജെ മാരുടെ സാന്നിധ്യവും പാട്ടുമൊക്കെ ഉണ്ടാകും. ഇതിനായി വലിയ തുക ചെറിയ ഗ്രൂപ്പുകളില്‍ നിന്നും ഈടാക്കുകയാണ് പതിവ്.
അയ്യായിരം മുതല്‍ അമ്പതിനായിരം വരെ ഫീസ് ! ലക്ഷങ്ങള്‍ നല്‍കിയാല്‍ കൂടുതല്‍ ഓഫര്‍
ഹോട്ടലുകളുടെ ഗ്രേഡ് അനുസരിച്ച് ഡിജെ പാര്‍ട്ടിയുടെ തുക കൂടും. സാധാരണ ഗതിയില്‍ ഇപ്പോള്‍ നടക്കുന്ന പരിപാടികള്‍ക്ക് 5000 രൂപ മുതല്‍ മുകളിലേക്കാണ് ടിക്കറ്റ് നിരക്ക്. ആളൊന്നിനാണ് ഈ തുക. ഈ തുകയില്‍ പ്രവേശനത്തിനൊപ്പം സാധാരണ ഭക്ഷണവും ഒരു നിശ്ചിത അളവില്‍ മദ്യവും ലഭിക്കും.
ഇനി ഉള്ളില്‍ കയറിയാല്‍ കൂടുതല്‍ കഴിക്കാന്‍ പ്രത്യേക തുക നല്‍കണം. വലിയ തുക നല്‍കിയാലേ ഉള്ളില്‍ മദ്യമടക്കം ലഭിക്കു. ഇങ്ങനെ മദ്യം വിളമ്പാന്‍ പ്രത്യേകം ലൈസന്‍സ് വേണമെങ്കിലും അതൊന്നും ഇവര്‍ക്ക് ബാധകമല്ല.
മദ്യം കൊണ്ട് കിക്കായില്ലേല്‍ കിക്കാകാന്‍ വേറെയുമുണ്ട് വഴി
പല ഡിജെ പാര്‍ട്ടികളിലും പരസ്യമല്ലാത്ത രഹസ്യമാണ് ലഹരി മരുന്നു വിതരണം. പാര്‍ട്ടി സംഘടിപ്പിക്കുന്നവര്‍ തന്നെ ഇതൊക്കെ വിതരണം ചെയ്യും. ചില കോഡ് ഭാഷകളൊക്കെയാണ് ഇതിനു ഉപയോഗിക്കുന്നത്.
പരിചയക്കാര്‍ക്കും സ്ഥിരം ഇടപാടുകാര്‍ക്കുമാണ് എസ്ഡിഎംഎ അടക്കമുള്ള ലഹരി നല്‍കുക. കഞ്ചാവൊക്കെ ഇപ്പോള്‍ അത്ര സുഖകരമല്ലെന്നാണ് പലരുടെയും അഭിപ്രായം. അതിലും വീര്യമുള്ള ലഹരി തന്നെ വേണെമെന്നാണ് ഡിജെ പാര്‍ട്ടികളിലെ സ്ഥിരം പങ്കെടുക്കുന്നവര്‍ പറയുന്നത്.
അതുകൊണ്ടുതന്നെ ഇതെത്തിച്ചു കൊടുത്താലേ പിന്നെയും ആളുകള്‍ എത്തു. ലാഭം ലക്ഷ്യമിട്ട് സംഘാടകരും ഇതെത്തിച്ചു നല്‍കും. ഇങ്ങനെ ലഹരി പാര്‍ട്ടി നടക്കുന്നതൊക്കെ അറിഞ്ഞാലും എക്‌സൈസ് അധികൃതര്‍ മിണ്ടില്ല.
അവരുടെ പടി മുടക്കാന്‍ അവരും തയ്യാറല്ല. ലഹരി മരുന്ന് വില്‍പ്പനയില്ലാത്ത ഒരു ഡിജെയ്ക്കും ആളെ കിട്ടില്ല. അതുകൊണ്ടുതന്നെ തുകയിത്തിരി കൂട്ടിയാലും സംഗതി കളറാക്കാനാണ് സംഘാടകര്‍ ശ്രമിക്കുക.
ഡിജെ പാര്‍ട്ടി ബന്ധങ്ങള്‍ ന്യൂജെന്‍ സിനിമയിലേക്കുള്ള കുറുക്കു വഴി
കൊച്ചിയിലെ പല ഡിജെ പാര്‍ട്ടികളുടെയും മുഖ്യാകര്‍ഷണം സിനിമാ താരങ്ങളാണ്. അവര്‍ക്കൊപ്പം രണ്ടെണ്ണം അടിക്കാനും ബന്ധങ്ങളുണ്ടാക്കാനുമായി ഡിജെയ്ക്ക് വരുന്നവര്‍ നിരവധിയാണ്. ആദ്യമൊക്കെ ലഹരി രസത്തിനും കമ്പിനിക്കുമായി തുടങ്ങും. പിന്നീട് ഇത് സ്ഥിരമാക്കും.
സിനിമാ ബന്ധങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയോടെയെത്തി എല്ലാം നഷ്ടപ്പെട്ട് പോയ നിരവധി യുവതികള്‍ കൊച്ചിയിലുണ്ട്. ആദ്യം നടന്‍മാരെയും സംവീധാകരെയുമൊക്കെ പരിചയപ്പെടും. ആദ്യം ഹോട്ടലില്‍ തുടങ്ങുന്ന ഡിജെ പാര്‍ട്ടി പിന്നീട് ഇവരുടെ ഫ്‌ളാറ്റുകളിലേക്ക് മാറും.
ഇങ്ങനെ കൊച്ചിയില്‍ പണ്ടൊരു പ്രമുഖ പുതുമുഖ നടന്റെ നേതൃത്വത്തില്‍ ഒരു വിവാദ നായകന്റെ ഫ്‌ളാറ്റില്‍ കൊക്കെയ്ന്‍ പാര്‍ട്ടി നടന്നു. നടനടക്കം പിടിയിലായി. പക്ഷേ പരിശോധനാ റിപ്പോര്‍ട്ട് വന്നപ്പോള്‍ കൊക്കെയ്ന്‍ വെറും പൊടിയായി. ഇതിന്റെ വിശദാംശവും കോട്ടയത്തെ ഡിജെ വിശേഷവും അടുത്ത ദിവസമറിയാം.