കൊച്ചി: കോവിഡ് കാലത്ത് ഡിജെ പാര്‍ട്ടി പോലുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചു. കൊച്ചിയില്‍ എല്ലാ ആഴ്ചകളിലും തന്നെ ഇത്തരം പരിപാടികള്‍ നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഡിജെ പാര്‍ട്ടികള്‍ പലപ്പോഴും ഉണ്ടാക്കുന്ന പുലിവാല്‍ ചില്ലറയല്ല.
ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍ പ്രകാരം മുന്‍ മിസ് കേരള ആന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ആണ്‍ സുഹൃത്തുമടക്കം മരിച്ച സംഭവത്തിലും നാടകീയമായ ചില വഴിത്തിരിവിലേക്ക് നീങ്ങുന്നുവെന്നാണ്. പല മുന്നറിയിപ്പുകള്‍ കിട്ടിയാലും ആരും അതു ഗൗനിക്കാതെ പോകുന്നതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങള്‍.
ഡിജെ കെണിയാകുമ്പോള്‍
കൊച്ചിയില്‍ സ്ഥിരമായി ഡിജെ പാര്‍ട്ടി നടത്തുന്ന പ്രമുഖ ഹോട്ടല്‍. രാത്രി എട്ടു മുതല്‍ 11 വരെയാണ് പാര്‍ട്ടി. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടക്കും.
കുറച്ചു നാള്‍ മുമ്പ് ഹോട്ടല്‍ ഒരു കപ്പിള്‍സ് പാര്‍ട്ടി നടത്തി. 20000 രൂപയായിരുന്നു പാര്‍ട്ടിക്ക് പ്രവേശന ഫീസ്. പണമടച്ച ഓരോ ദമ്പതികള്‍ക്കും ഭക്ഷണവും മദ്യവും കഴിക്കാം. മദ്യത്തിന് പ്രത്യേക ക്വാട്ട നിശ്ചയിച്ചിരുന്നു. ഇതില്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് പണം പ്രത്യേകം നല്‍കണം.
മദ്യത്തിനു പുറമെ ഏതു ലഹരിയും പോട്ടലധികൃതര്‍ തന്നെ സംഘടിപ്പിച്ചിരുന്നു. ഇതിനായി പ്രത്യേക ഏജന്റുമാരും പാര്‍ട്ടിയുടെ ഭാഗമായി. ഡിജെ 11 മണിവരെയെന്നു പറഞ്ഞെങ്കിലും ആഘോഷരാവ് നീണ്ടു. ഫലമോ പല കപ്പിളുകള്‍ക്കും തിരികെ പോകാന്‍ കഴിയാത്ത വിധം ലഹരി.
ഒടുവില്‍ ഹോട്ടലില്‍ തന്നെ പലരും കഴിഞ്ഞു. പിന്നീട് അവിടെ നടന്നതൊക്കെ പുറംലോകത്തെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. ഡിജെ പാര്‍ട്ടിക്ക് വീണ്ടും പലരും നിര്‍ബന്ധിതരായി വരേണ്ട സാഹചര്യമുണ്ടായി. പലര്‍ക്കും ബ്ലാക്ക് മെയിലിങ് വഴി പണം നഷ്ടപ്പെട്ടു.
ഇങ്ങനെ നിരവധി ചതിക്കുഴികളാണ് ഡിജെയുടെ മറവില്‍ പതുങ്ങിയിരിക്കുന്നത്. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ പരാതി നല്‍കാനോ, പ്രതികരിക്കാനോ പലപ്പോഴും ആരും തയ്യാറാകുന്നില്ല. അതുകൊണ്ടു തന്നെ ഇത്തരം ചൂഷണം തുടരുകയാണ്.
ഉന്നതരുടെ ഒത്താശ; രാഷ്ട്രീയ ബന്ധങ്ങള്‍
കൊച്ചിയിലെ ഈ പഞ്ചനക്ഷത്ര നിയമലംഘനങ്ങള്‍ക്ക് കുടപിടിക്കുന്നത് ഇവിടുത്തെ ഉന്നത ഉദ്യോഗസ്ഥ-രാഷ്ട്രീയ ബന്ധങ്ങളാണ്. പല ഹോട്ടലിലും നടക്കുന്നത് മയക്കുമരുന്നു പാര്‍ട്ടികളാണെന്ന് ഉദ്യോഗസ്ഥര്‍ക്കൊക്കെ അറിയാം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ സത്യസന്ധനായ ഒരു പോലീസ് ഓഫീസര്‍ വൈറ്റില-അരൂര്‍ പാതയിലെ ഒരു നക്ഷത്ര ഹോട്ടലില്‍ മയക്കുമരുന്നു പാര്‍ട്ടി നടക്കുന്നതായി അറിഞ്ഞ് പരിശോധനയ്ക്കായിഎത്തി. രാത്രി 12 മണികഴിഞ്ഞായിരുന്നു ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ എത്തിയത്. അവിടെ അവര്‍ കണ്ട കാഴ്ച അവരുടെ സല്യൂട്ട വാങ്ങുന്ന ഉദ്യോഗസ്ഥന്‍ മദ്യപിച്ച് ലക്കുകെട്ട് കുട്ടി നിക്കറിട്ട് തുള്ളുന്നതായിരുന്നു.
മുമ്പ് കൊച്ചിയിലെ ബോള്‍ഗാട്ടി ജെട്ടിക്ക് സമീപം ആഡംബര കപ്പലില്‍ ഒരു കല്യാണ പാര്‍ട്ടിയെന്ന പേരില്‍ നടന്നതും മയക്കുമരുന്നു പാര്‍ട്ടിയായിരുന്നു. ചില സിനിമാ താരങ്ങളും സംവീധായകരും ഉള്‍പ്പെടെയുള്ളവര്‍ നഗ്നരായി നൃത്തം ചെയ്ത ഈ പാര്‍ട്ടി അറിഞ്ഞെത്തിയ പോലീസിനെ തടഞ്ഞത് ഇന്നു ഉന്നത പദവി വഹിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നു.
കൊച്ചിക്ക് മാത്രമല്ല ആഘോഷരാവുകള്‍
ഒരു കാലത്ത് കൊച്ചിക്ക് മാത്രം പരിചിതമായ ഇത്തരം രാത്രി ആഘോഷം ഇന്ന് കോട്ടയത്തിനും സുപരിചിതമാണ്. ഒന്നരവര്‍ഷം മുമ്പ് ഇപ്പോള്‍ ബംഗളുരു മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു കുമരകത്തെ ഒരു റിസോര്‍ട്ടില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നത്.
കേരളത്തില്‍ കോവിഡ് ലോക്ഡൗണ്‍ മൂലം ആളുകള്‍ ജില്ലയ്ക്കുള്ളില്‍ തന്നെ സത്യവാങ് മൂലം എഴുതി പലയിടത്തെ പരിശോധനയും പൂര്‍ത്തിയാക്കി സഞ്ചരിക്കുന്ന കാലത്ത് കുമരകത്ത് എത്തിയത് 47 പേര്‍. അതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്. ഈ പാര്‍ട്ടിയിലാണ് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകന്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തെന്ന ആരോപണമുയര്‍ന്നത്.
എന്നാല്‍ ഈ കേസന്വേഷണം തുടക്കത്തിലേ നിലച്ചു. ഇത്തരം കേസുകളുടെയൊക്കെ സ്ഥിതി ഇതുതന്നെയാണ്. ആറു വര്‍ഷം മുമ്പ് നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കൈന്‍ പാര്‍ട്ടി കേസിന്‍രെ ഗതിയും ഇതുതന്നെ. വലിയ ആഘോഷിച്ചു നടന്ന കേസ് പെട്ടെന്നൊരു ദിവസം ആവിയായി.
കൊക്കെയ്‌നല്ല കണ്ടെടുത്തതെന്ന് ലാബ് പരിശോധനാ ഫലം വന്നതോടെ കേസ് ഇല്ലാതായി. ഇതില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിള്‍ ആരോ മാറ്റിയതാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ അതേ കുറിച്ചും അന്വേഷണമുണ്ടായില്ല.
2021ലെ പുതുവത്സര നാളില്‍ വാഗമണ്ണില്‍ നടന്ന ലഹരിപ്പാര്‍ട്ടിയില്‍ അടിച്ചു പൂസായി പിടി വീണത് കോട്ടയം ജില്ലയിലെ ഒരു പ്രമുഖ കോളേജിലെ അധ്യാപികമാരായിരുന്നു. അവര്‍ക്കൊപ്പം മുറികളില്‍ ഉണ്ടായിരുന്നത് ചില വിദ്യാര്‍ത്ഥികളും. വിശദാംശങ്ങള്‍ നാളെ
( പരമ്പര തുടരും )