Advertisment

ദേശീയ ദാരിദ്ര്യ സൂചികയിലെ കേരളത്തിന്റെ നേട്ടം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ! നീതി ആയോഗിന്റെ ആദ്യ ദേശീയ ദാരിദ്ര്യ സൂചിക തയ്യാറാക്കാന്‍ അവലംബമാക്കിയത് 2015-16 കാലത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേ ! ഉമ്മന്‍ചാണ്ടിയുടെ കാലത്തെ നേട്ടം അവകാശപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് കാലത്തെ നേട്ടം പിണറായി സ്വന്തം നേട്ടമാക്കുന്നുവെന്നും ആക്ഷേപം. സംസ്ഥാനത്തിന്റെ നേട്ടത്തിന്റെ അവകാശവാദമേറ്റെടുത്ത ഇടതു പ്രൊഫൈലുകള്‍ നിരാശയില്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമന്ന പദവി കേരളത്തിന് നീതി ആയോഗ് നല്‍കിയത് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടം. നീതി ആയോഗ് തയ്യാറാക്കിയ ദേശീയ ദാരിദ്ര്യ സൂചികയ്ക്ക് അവലംബമാക്കിയത് 2015-16ല്‍ നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഈ നേട്ടത്തിന്റെ അവകാശം ഏകപക്ഷീയമായി ഇപ്പോഴത്തെ സര്‍ക്കാരിന് അവകാശപ്പെടാനില്ലെന്നു വ്യക്തം.

കഴിഞ്ഞ ദിവസം പുറത്തുവന്ന ദാരിദ്ര്യ സൂചികയില്‍ ഏറ്റവും കുറവ് ദരിദ്രര്‍ ഉള്ളത് കേരളത്തിലാണെന്നു വ്യക്തമായിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേട്ടമാണെന്ന വിധത്തില്‍ ഇടതു പ്രൊഫൈലുകള്‍ ആഘോഷിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും സര്‍ക്കാരിന്റെ നേട്ടം വലിയ തോതില്‍ ആഘോഷിക്കപ്പെട്ടിരുന്നു.

ഇതോടെയാണ് യാഥാര്‍ത്ഥ്യം പുറത്തായത്. നീതി ആയോഗ് ആദ്യമായാണ് ദേശീയ ദാരിദ്ര്യ സൂചിക തയ്യാറാക്കിയത്. ഇതിന് അവലംബമാക്കിയതാകട്ടെ അഞ്ചു വര്‍ഷം മുമ്പുള്ള കണക്കും.

2015-2016 കാലഘട്ടത്തില്‍ നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ നാലിലെ വിവരങ്ങളാണ് സൂചികയ്ക്ക് ആധാരമായത്. ഇതാകട്ടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു. 2011 മുതല്‍ അഞ്ചുവര്‍ഷക്കാലം ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിനിടെ നടന്ന സര്‍വേയുടെ അടിസ്ഥാനത്തിലാണ് കേരളത്തിന് നേട്ടമുണ്ടായത്.

റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ തന്നെ ഇക്കാര്യം നീതി ആയോഗ് വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ബിഹാറിലാണെന്നും സൂചിക വ്യക്തമാക്കുന്നു. ബിഹാറിലെ പകുതിയിലധികം പേരും ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ബിഹാറും ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശും മധ്യപ്രദേശും മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളം ഗോവ, സിക്കിം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്. കേരളം (0.71%), ഗോവ (3.76%), സിക്കിം (3.82%), തമിഴ്‌നാട് (4.89%), പഞ്ചാബ് (5.59%) എന്നീ സംസ്ഥാനങ്ങളിലാണ് സൂചികയില്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ളത്.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി (27.36%), ജമ്മു & കശ്മീര്‍, ലഡാക്ക് (12.58%), ദാമന്‍ & ദിയു (6.82%), ചണ്ഡീഗഡ് (5.97%) എന്നിവയാണ് ഏറ്റവുമധികം ദാരിദ്ര്യമുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍. ജനസംഖ്യയുടെ 1.72 ശതമാനം മാത്രം ദരിദ്രരായി അടയാളപ്പെടുത്തിയ പുതുച്ചേരി, ലക്ഷദ്വീപ് (1.82%), ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ (4.30%), ഡല്‍ഹി (4.79%) എന്നിവയാണ് പട്ടികയില്‍ ദാരിദ്ര്യം കുറവുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍.

Advertisment