സിറോമലബാര്‍ സഭയില്‍ നാളെ നിര്‍ണായക ദിനം ! ആരാധനാക്രമ ഏകീകരണം നാളെ മുതലെന്ന നിലപാടില്‍ ഉറച്ച് സഭാ നേതൃത്വം. എല്ലാ രൂപതകളിലും നാളെ മുതല്‍ പുതിയ ആരാധനാക്രമം തുടങ്ങണമെന്നും നിര്‍ദേശം ! എതിര്‍പ്പുയര്‍ത്തുന്ന രൂപതകളില്‍ പഴയ രീതി തുടരുമെന്ന സര്‍ക്കുലറുമായി രൂപതാധ്യക്ഷന്‍മാര്‍. എതിര്‍പ്പ് തുടരുന്നതോടെ ആരാധനാക്രമം ഏകീകരണം നടപ്പിലാകില്ല ! ജനാഭിമുഖ കുര്‍ബാന ഇനിയും തുടരും. സിനഡ് നിര്‍ദേശത്തോട് മുഖം തിരിക്കുന്ന മെത്രാന്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തം. നാളെ മുതല്‍ സഭയില്‍ ഇല്ലാതാകുന്നത് ചങ്ങനാശേരിയിലെ പൂര്‍ണ അള്‍ത്താരാഭിമുഖ കുര്‍ബാന മാത്രം !

New Update

publive-image

കൊച്ചി:സിറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണ തീരുമാനം നാളെ മുതല്‍ നടപ്പാക്കും. നേരത്തെ സിറോമലബാര്‍ സഭാ സിനഡ് ചേര്‍ന്ന് നിശ്ചയിച്ച തീതയിയാണ് നവംബര്‍ 28. അന്നു മുതല്‍ കത്തീഡ്രല്‍ ദൈവാലയങ്ങളിലടക്കം പുതിയ കുര്‍ബാനയര്‍പ്പണം തുടങ്ങുമെന്നായിരുന്നു സഭാ തീരുമാനം.

Advertisment

എറണാകുളം-അങ്കമാലി അതിരൂപതയടക്കം സിനഡ് നിര്‍ദേശിച്ചിട്ടുള്ള കുര്‍ബാനയര്‍പ്പണ രീതി നടപ്പാക്കണമെന്നാണ് ഇന്നും സഭാ മോജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചത്. ഇന്നു ചേര്‍ന്ന പെര്‍മനന്റ് സിനഡും ഇതിനു അംഗീകാരം നല്‍കിയിട്ടുണ്ട്. സിനഡ് രീതി എല്ലാ രൂപതകളും തുടരുന്നതോടെ സിറോമലബാര്‍ സഭയില്‍ കുര്‍ബാനയര്‍പ്പണത്തിന് ഏക സ്വഭാവം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സിനഡ് നിര്‍ദേശം പാലിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം വൈദീകര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ പൂര്‍ണമായും അള്‍ത്താരാഭിമുഖമായുള്ള കുര്‍ബാനയര്‍പ്പണം സിറോമലബാര്‍ സഭയില്‍ ഇല്ലാതാകുകയാണ്. നിലവില്‍ ചങ്ങനാശേരിയില്‍ മാത്രമാണ് അള്‍ത്താരഭിമുഖ കുര്‍ബാന നിലനിന്നിരുന്നത്.

പാലാ, കാഞ്ഞിരപ്പള്ളി, കോതമംഗലം, ഇടുക്കിയടക്കമുള്ള രൂപതകളില്‍ നേരത്തെ തന്നെ സിനഡ് നിര്‍ദേശിക്കുന്ന അള്‍ത്താരാഭിമുഖ-ജനാഭിമുഖ കുര്‍ബാനയാണ് തുടര്‍ന്നു വന്നിരുന്നത്. ഇത് ഇവിടങ്ങളില്‍ തുടരും. പൂര്‍ണമായും ജനാഭിമുഖ കുര്‍ബാന തുടര്‍ന്നിരുന്ന എറണാകുളം-അങ്കമാലി, തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശേരി, തലശേരി രൂപതകളില്‍ കുര്‍ബാനക്രമം 50:50ലേക്ക് മാറും.

എന്നാല്‍ ഇതില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതിയ കുര്‍ബാന ക്രമം നടപ്പാക്കേണ്ടെന്ന് അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടുത്തെ പലപള്ളികളിലും പഴയ രീതിയില്‍ തന്നെയാകും കുര്‍ബാന അര്‍പ്പിക്കുക.നേരത്തെ ഫരീദാബാദ് രൂപതയും പഴയ രീതി മതിയെന്ന നിലപാട് പ്രഖ്യാപിച്ചിരുന്നു.

ഇതോടെ ഐക്യ രൂപത്തിലുള്ള കുര്‍ബാനയെന്ന സിറോമലബാര്‍ സഭാ വിശ്വാസികളുടെ സ്വപ്‌നം ഉടന്‍ പൂവണിയില്ലെന്നതാണ് സത്യം. രൂപതകള്‍ മാറുമ്പോള്‍ കുര്‍ബാന രീതി മാറുന്നുവെന്ന പരാതി ഇനിയും തുടരും. ആകെയുണ്ടാകുന്ന മാറ്റം ചങ്ങനാശേരി രൂപതയില്‍ നടന്നുവന്നിരുന്ന പൂര്‍ണമായും അള്‍ത്താരഭിമുഖ കുര്‍ബാന ഇനിയുണ്ടാകില്ല എന്നതുമാത്രം.

Advertisment