യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കുന്ന സന്ദേശം എന്ത് ? ഹൈക്കമാന്‍ഡിനെ നേരിട്ടു കണ്ടിട്ടും തങ്ങളുടെ ആവശ്യം നേതൃത്വം പരിഗണിക്കുന്നില്ലെന്ന് ഗ്രൂപ്പു നേതൃത്വം. പാര്‍ട്ടി ദുര്‍ബലപ്പെട്ട് പ്രതിപക്ഷത്ത് രണ്ടാം തവണയും തുടരുമ്പോഴും ഗ്രൂപ്പുകളിക്ക് മാത്രം കുറവില്ല ! സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പകരം വീട്ടാന്‍ ഗ്രൂപ്പ് നേതാക്കള്‍. കെ സുധാകരനെതിരെ ബെന്നി ബെഹന്നാനെ മത്സരിപ്പിക്കാന്‍ എ, ഐ ഗ്രൂപ്പുകളില്‍ ധാരണ !

New Update

publive-image

Advertisment

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനാ വിഷയത്തിലെ അതൃപ്തി ഇനിയും പരിഹരിക്കാത്ത സാഹചര്യത്തില്‍ ഗ്രൂപ്പുകളി തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ഇരുവരും ഇന്നു തിരുവനന്തപുരത്തു ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി തുടരുന്ന അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് ഇരുവരും യോഗം ബഹിഷ്‌കരിച്ചത്.

തിരുവനന്തപുരത്തു തന്നെ ഇരു നേതാക്കളും ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഡിസിസി, കെപിസിസി പുനസംഘടനകളില്‍ ഗ്രൂപ്പു നേതാക്കളെ സംസ്ഥാന നേതൃത്വം തഴയുകയാണെന്ന പരാതിയാണ് എ,ഐ ഗ്രൂപ്പുകള്‍ക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ഇനി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക വഴങ്ങേണ്ടെന്നും ഇവര്‍ പറയുന്നു.

ഈ അതൃപ്തിയുടെ പരസ്യ പ്രതികരണമാണ് ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ നിന്നും ഇരു നേതാക്കളും വിട്ടു നിന്നതിന്റെ കാരണം. നേരത്തെ കെപിസിസി രാഷ്ട്രീയ കാര്യസമിതി വിളിക്കണമെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.

അതിനിടെയാണ് പുതിയ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലകള്‍ വീതിച്ചു നല്‍കിയത് ഉന്നത നേതാക്കളോട് ആലോചിക്കാതെയായിരുന്നു. ഗ്രൂപ്പുകളുടെ പ്രതിനിധിയായി ജനറല്‍ സെക്രട്ടറിമാരായവര്‍ക്ക് കാര്യമായ പരിഗണനയുണ്ടായില്ലെന്ന പരാതി നേതാക്കള്‍ക്ക് ഉണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വവുമായി സഹകരിക്കേണ്ടെന്നു തന്നെയാണ് ഗ്രൂപ്പു നേതൃത്വത്തിന്റെ നിലപാട്.

തങ്ങള്‍ നേരിട്ടെത്തി പറഞ്ഞ കാര്യങ്ങള്‍ക്ക് പോലും കാര്യമായ പരിഗണന കിട്ടുന്നില്ലെന്നും നേതാക്കള്‍ പറയുന്നു. രാഷ്ട്രീയകാര്യസമിതിയും പുനസംഘടനയുമൊക്കെ ചൂണ്ടിക്കാണിച്ചാണ് നേതാക്കളുടെ വാദം. എന്നാല്‍ സംസ്ഥാന നേതൃത്വത്തെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ ഗ്രൂപ്പു നേതാക്കള്‍ നടത്തുന്ന നീക്കത്തോട് ഹൈക്കമാന്‍ഡിന് യാതൊരു താല്‍പര്യവുമില്ല.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ മുതിര്‍ന്ന നേതാക്കളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായിരുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ നടത്താനാണ് എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാന നേതൃത്വത്തിനെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് മത്സരിക്കാനാണ് തീരുമാനം.

ഇരു ഗ്രൂപ്പിന്റെയും പൊതു സ്ഥാനാര്‍ത്ഥിയായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹന്നാന്‍ മത്സരിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ബെന്നി ബെഹന്നാന്‍ ഇതിനായുള്ള താല്‍പര്യം ഗ്രൂപ്പ് നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ആലുവായിലെ സമരമടക്കമുള്ള വിഷയത്തില്‍ അദ്ദേഹം ആക്ടീവായി പങ്കെടുത്തതും ഇതു മുന്നില്‍ കണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

Advertisment