/sathyam/media/post_attachments/UL7nxIihb7srIyAGQxiv.jpg)
തിരുവനന്തപുരം: കോടതിയില്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി കേസ് വിജയിച്ച അഭിഭാഷകനിപ്പോള്‍ കേരള മന്ത്രിസഭയിലെ അംഗമാണെന്ന് അഡ്വ. എ ജയശങ്കര്‍. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് ജയശങ്കര്‍ പഴയ സംഭവം വിശദമാക്കിയത്. മന്ത്രിയുടെ പേര് പക്ഷേ ജയശങ്കര്‍ പറഞ്ഞില്ല.
സംസ്ഥാനത്ത് ലഹരി മരുന്ന് പാര്‍ട്ടികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ 'തലസ്ഥാനത്തെ നാര്‍ക്കോട്ടിക് ജിഹാദ്' എന്ന തലക്കെട്ടോടെ നടത്തിയ ചര്‍ച്ചയിലായിരുന്നു അഭിഭാഷകനായ എ ജയശങ്കര്‍ പഴയ കഥ ഓര്‍മ്മിപ്പിച്ചത്. പണ്ട് തലസ്ഥാനത്ത് ഓസ്‌ട്രേലിയന്‍ സ്വദേശി പ്രതിയായ മയക്കുമരുന്നു കേസിന്റെ ഗതി പറഞ്ഞാണ് ജയശങ്കര്‍ അഭിഭാഷകനായ മന്ത്രിയിലേക്ക് ആരോപണം നീട്ടിയത്. ഓസ്‌ട്രേലിയന്‍ പൗരന്‍ തന്റെ അടിവസ്ത്രത്തില്‍ വീര്യമേറിയ മയക്കുമരുന്നു കേരളത്തിലേക്ക് എത്തിച്ചു.
/sathyam/media/post_attachments/vftLhfqO5aRMtCK2P8KN.jpg)
/sathyam/media/post_attachments/PKPHeXPWlRX6DagEacmX.jpg)
ഇതു പോലീസ് പിടികൂടി, കേസ് ചാര്‍ജ് ചെയ്തു. ഓസ്‌ട്രേലിയന്‍ പൗരന് ശിക്ഷയും ലഭിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ ജഡ്ജിയാണ് ശിക്ഷ വിധിച്ചതെന്നും ജയശങ്കര്‍ പറഞ്ഞു.
എന്നാല്‍ കേസ് അപ്പീലുമായി ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ പൗരന്റെ അഭിഭാഷകന്‍ വാദിച്ചത് ഈ അടിവസ്ത്രം പ്രതിക്ക് ധരിക്കാനാവില്ലെന്നായിരുന്നു. പിടിച്ചെടുത്ത തൊണ്ടിമുതല്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അടിവസ്ത്രം കോടതിയിലെത്തിയപ്പോള്‍ സംഗതി സത്യം.
ഒരു കൊച്ചു കുട്ടിക്ക് ധരിക്കാവുന്ന അടിവസ്ത്രമായിരുന്നു കോടതിയില്‍ എത്തിയത്. തൊണ്ടി മാറ്റി എന്നതായിരുന്നു സത്യം. ഇതോടെ സംശയത്തിന്റെ ആനുകൂലം നല്‍കി ഓസ്‌ട്രേലിയന്‍ പൗരന്‍ കേസില്‍ നിന്നും മോചിതനായി.
ഇതോടെ നാണക്കേടിലായ പോലീസ് അന്നു തൊണ്ടി മാറ്റിയതിനെ പറ്റി അന്വേഷണം നടത്തി. കേസെടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അല്ല തിരിമറിക്ക് പിന്നിലെന്ന് വ്യക്തമായി. വീണ്ടും വിശദമായി അന്വേഷിച്ചതോടെ കോടതിയിലെ ഒരു ജീവനക്കാരനെ സ്വാധീനിച്ച് തിരുവനന്തപുരത്തെ ഒരു അഭിഭാഷകനാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി.
വെറും അഭിഭാഷകനല്ല, അദ്ദേഹമൊരു പൊതുപ്രവര്‍ത്തകനാണെന്നും തെളിഞ്ഞെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു. അഞ്ചു വര്‍ഷം എംഎല്‍എയായി ജനങ്ങളെ സേവിച്ച അദ്ദേഹം ഇപ്പോള്‍ ഒരു മന്ത്രിയാണെന്നും ജയശങ്കര്‍ വെളിപ്പെടുത്തി. എന്നാല്‍ മന്ത്രിയാരെന്നു മാത്രം ജയശങ്കര്‍ പറഞ്ഞില്ല.
ന്യൂസ് അവര്‍ അവതാരകനായ വിനു വി ജോണും ഇദ്ദേഹത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും ഇതു അന്നുതന്നെ വിവാദവും വാര്‍ത്തയുമായതാണെന്നും പറഞ്ഞു. പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ മന്ത്രിയാരെന്ന ചോദ്യം ഉയര്‍ന്നതോടെ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ വിനു വി ജോണ്‍ ട്വിറ്ററില്‍ പങ്കുവച്ചു. കേസ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി നെടുമങ്ങാട്ടെ കോടതിയില്‍ വിചാരണയില്ലാതെ വിശ്രമിക്കുന്നുവെന്നും വിനു കുറിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us